കൊവിഡ് 19... വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടിക്കൊരുങ്ങി കേരളാ പൊലീസ്; കോവിഡ് 19 വൈറസ് ബാധയെക്കുറിച്ച് വ്യാജമായി വാര്‍ത്തകള്‍ നിര്‍മ്മിക്കുന്നതും അവ നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നതും നിയമവിരുദ്ധവും ശിക്ഷാര്‍ഹവുമാണ്

കേരളത്തെയാകെ ഭീതിയിലാഴ്ത്തിയിരിക്കുന്ന കൊവിഡ് 19 വൈറസിന്റെ പശ്ചാത്തലത്തില്‍ വ്യാജവാര്‍ത്തകളും സന്ദേശങ്ങളും പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുമായി കേരളാ പൊലീസ്. രോഗബാധയുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിലൂടെ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ ഹൈ ടെക് ക്രൈം എന്‍ക്വയറി സെല്‍, സൈബര്‍ ഡോം, സൈബര്‍ പോലീസ് സ്‌റ്റേഷനുകള്‍, എല്ലാ ജില്ലകളിലെയും സൈബര്‍ സെല്ലുകള്‍ എന്നിവയ്ക്ക് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ നിര്‍ദ്ദേശം നല്‍കി.
കോവിഡ് 19 വൈറസ് ബാധയെക്കുറിച്ച് വ്യാജമായി വാര്‍ത്തകള്‍ നിര്‍മ്മിക്കുന്നതും അവ നവമാധ്യമങ്ങളിലൂടെ ഫോര്‍വേഡ് ചെയ്യുന്നതും നിയമവിരുദ്ധവും ശിക്ഷാര്‍ഹവുമാണെന്ന് ബെഹ്‌റ പറഞ്ഞു. ഇത്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവരെ കണ്ടെത്തി നിയമത്തിനു മുന്നില്‍ കൊണ്ടുവരുന്നതിന് എല്ലാ നടപടികളും സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
ഇതിനിടെയാണ് ആവശ്യക്കാര്‍ വര്‍ധിച്ചതോടെ മുഖാവരണങ്ങള്‍ മോഷ്ടിച്ച ഫാര്‍മസിസ്റ്റിനെ പിടികൂടിയെന്ന വാര്‍ത്തയും പുറത്തുവരുന്നത്.
പൂണെയിലെ ഒരു സ്വകാര്യ ആശുപത്രിയിലെ ഫാര്‍മസിസ്റ്റായ സുയാഷ് പന്ധാരെ (28)യെയാണ് മുഖാവരണങ്ങളും മരുന്നുകളും മോഷ്ടിച്ചതിന് പോലീസ് അറസ്റ്റ് ചെയ്തത്. ആശുപത്രി ഫാര്‍മസിയില്‍ സൂക്ഷിച്ചിരുന്ന എന്‍95 മുഖാവരണങ്ങളും ചില മരുന്നുകളും ഓയിന്‍മെന്റുകളുമാണ് സുയാഷ് കഴിഞ്ഞദിവസം മോഷ്ടിച്ചതെന്ന് ഇന്ത്യാടുഡേ റിപ്പോര്‍ട്ട് ചെയ്തു.
ഞായറാഴ്ച രാവിലെയാണ് ആശുപത്രി അധികൃതര്‍ മോഷണവിവരമറിഞ്ഞത്. ഞായറാഴ്ച രാവിലെ ഫാര്‍മസി സ്‌റ്റോര്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതിന് മുമ്ബുതന്നെ സുയാഷിനെ ഇവിടെ കണ്ടിരുന്നതായി ജീവനക്കാര്‍ പറഞ്ഞിരുന്നു. കൈയില്‍ വലിയ കവറുകളുമായാണ് ഇയാളെ കണ്ടതെന്നും ചോദിച്ചപ്പോള്‍ രാത്രി ഷിഫ്റ്റ് കഴിഞ്ഞ് പോവുകയാണെന്നാണ് പറഞ്ഞതെന്നും ഇവര്‍ മൊഴി നല്‍കി.
ഇതിനുപിന്നാലെ ഫാര്‍മസി സ്‌റ്റോറിലെ മുഴുവന്‍ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചതോടെയാണ് മോഷണം നടന്നതായി കണ്ടെത്തിയത്. തുടര്‍ന്ന് ആശുപത്രി അധികൃതര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. മരുന്നുകളും മുഖാവരണങ്ങളും അടക്കം 35000 രൂപയുടെ സാധനങ്ങളാണ് ഫാര്‍മസി സ്‌റ്റോറില്‍നിന്ന് മോഷണം പോയതെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha























