കാരമൂലയില്‍ 'വവ്വാലുകള്‍ കൂട്ടത്തോടെ ചത്തനിലയില്‍; കാരശ്ശേരിയുടെ സമീപ പഞ്ചായത്തായ കൊടിയത്തൂരിൽ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ നാട്ടുകാർ ആശങ്കയിൽ; കൊറോണയ്ക്ക് പിന്നാലെ അടുത്ത ആശങ്ക

ജില്ലയില്‍ പക്ഷിപ്പനി പ്രതിരോധന പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി നടക്കുകയാണ്. കോഴിക്കോട് കാരശ്ശേരി പഞ്ചായത്തില്‍ വവ്വാലുകളെ കൂട്ടത്തോടെ ചത്ത നിലയില്‍ കണ്ടെത്തി. കാരശേരിയിലെ കാരമൂലയിലാണ് വവ്വാലുകളെ ചത്ത നിലയില്‍ കണ്ടെത്തിയത്. നാട്ടുകാര്‍ ആരോഗ്യവകുപ്പിനെ വിവരം അറിയിച്ചിട്ടുണ്ട്.
കാരശ്ശേരിയുടെ സമീപ പഞ്ചായത്തായ കൊടിയത്തൂരിൽ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ നാട്ടുകാർ ആശങ്കയിലാണ്. മൃഗ സംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്ത് പരിശോധന നടത്തുകയാണ്. പക്ഷിപ്പനിയുടെ സാഹചര്യത്തിൽ രൂപീകരിച്ച പ്രത്യേക സംഘവും സ്ഥലത്ത് എത്തും.
പക്ഷിപ്പനി പതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കോഴിക്കോട് ജില്ലയില്‍ ഇതുവരെ 3760 പക്ഷികളേയാണ് കൊന്നൊടുക്കിയത്. തിങ്കളാഴ്ച 2058 പക്ഷികളെ കൊന്നൊടുക്കി. പ്രവര്‍ത്തനം ആരംഭിച്ച ഞായറാഴ്ച 1700 പക്ഷികളെ കൊന്നൊടുക്കി. രോഗബാധിത പ്രദേശങ്ങളുടെ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള പക്ഷികളെയാണ് കൊല്ലുന്നത്. നിലവില്‍ 25 റാപിഡ് റെസ്പോണ്‍സ് ടീ(ആര്‍ആര്‍ടി)മാണ് പക്ഷികളെ കൊന്നൊടുക്കുന്നതിനും സംസ്‌കരിക്കുന്നതിനും നേതൃത്വം നല്‍കുന്നത്.
7000 പക്ഷികളെ കൊന്നൊടുക്കേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്. നിലവിലുള്ള ടീമിനെ ഉപയോഗപ്പെടുത്തി ഒരാഴ്ചകൊണ്ട് പ്രക്രിയ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കോഴിക്കോട് ജില്ലാ കളക്ടര്‍ സാംബശിവ റാവു പറഞ്ഞു.
വൈറസ് ബാധയെ കുറിച്ച് പഠിക്കുന്നതിനായി വിദഗ്ധ സംഘം ഇന്ന് ജില്ലയില്‍ എത്തും. പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്ത വേങ്ങേരി, വെസ്റ്റ് കൊടിയത്തൂര്‍ എന്നിവിടങ്ങളിലെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ രണ്ട് ദിവസം പിന്നിട്ടുകഴിഞ്ഞു. ജില്ലാ അതിര്‍ത്തികളിലെ പരിശോധന തുടരുമെന്ന് കളക്ടര്‍ അറിയിച്ചിട്ടുണ്ട്. രോഗബാധിത പ്രദേശങ്ങളിലെ 10 കിലോമീറ്റര്‍ പരിധിയിലുള്ള കോഴിക്കടകളെല്ലാം അടച്ചു പൂട്ടാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും കലക്ടര്‍ പറഞ്ഞു.
ജില്ലാ തലത്തിലും പഞ്ചായത്ത് തലത്തിലുമുള്ള ടീമാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. അതേസമയം മാംസ വില്‍പന നിരോധനം പാലിക്കപ്പെടുന്നുണ്ടോയെന്നുള്ള പരിശോധന കര്‍ശനമാക്കുമെന്നും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി കൂടുതല്‍ ഉദ്യോഗസ്ഥരെ നിയമിക്കുമെന്നും മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു.
പക്ഷിപ്പനി കണ്ടെത്തിയ വേങ്ങേരി, കൊടിയത്തൂർ പ്രദേശങ്ങളിലെ പ്രതിരോധ പ്രവർത്തനങ്ങൾ ഒരു വിഭാഗം നാട്ടുകാരുടെ നിസ്സഹകരണം മൂലം പ്രതിസന്ധിയില്‍ ആയിരിക്കുകയാണ്. പലരും കോഴികൾ അടക്കമുള്ളവയെ കൂട്ടത്തോടെ മാറ്റിയതാണ് ഇതിന് കാരണം. ഇതോടെ പക്ഷിപ്പനി വ്യാപിക്കാന്‍ സാധ്യതകള്‍ ഏറെയാണ്. വിലകൂടിയ അലങ്കാര പക്ഷികളെ വീട്ടിൽ നിന്ന് മാറ്റിയതായും വിവരങ്ങൾ പുറത്തുവരുന്നത്.
വേങ്ങേരി, കൊടിയത്തൂര്‍ പ്രദേശത്തെ പത്ത് കിലോമീറ്റര്‍ ചുറ്റളവില്‍ നിലവില്‍ കോഴിയിറച്ചി വില്‍പ്പന നിരോധനമുണ്ട്. ഇതോടെ പ്രദേശത്തിന് പുറത്തുള്ള കച്ചവടക്കാര്‍ക്ക് കോഴി കുറഞ്ഞ നിരക്കില്‍ വിറ്റുവെന്ന വിവരങ്ങളും പുറത്ത് വരുന്നുണ്ട്. വളര്‍ത്തു പക്ഷികളെ കൊന്ന് കത്തിച്ച് കളയുന്ന പ്രക്രിയ ഒരാഴ്ച കൊണ്ട് പൂര്‍ത്തിയാക്കാനാകുമെന്നാണ് ജില്ലാ ഭരണ കൂടത്തിന്‍റെ കണക്ക് കൂട്ടല്‍.
https://www.facebook.com/Malayalivartha























