കോവിഡിനെ തുരത്താൻ വ്യാജ സന്ദേശം; വ്യാജവാര്‍ത്തകളില്‍ വിശ്വസിച്ച് കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ മദ്യപിച്ച 27 പേർ മരിച്ചു

കൊറോണ വൈറസ് ഭീതിയിലാണ് ലോകം. ഇതുവരെ, കൊറോണ വൈറസ് ലോകമെമ്പാടുമുള്ള ഒരു ലക്ഷത്തിലധികം ആളുകളെ ബാധിക്കുകയും ആഗോളതലത്തില്‍ 4000ത്തിലധികം പേരുടെ ജീവന്‍ എടുക്കുകയും ചെയ്തു. ജനങ്ങള്‍ ആശങ്കയിലായിരിക്കെ അടിസ്ഥാനമില്ലാത്ത പല കഥകളും സമൂഹമാധ്യമങ്ങളിലൂടെ പ്രവഹിക്കുന്നുമുണ്ട്. ഇത്തരത്തിലുള്ള ഒരു വ്യാജ വാര്‍ത്ത വിശ്വസിച്ചതിനെ തുടര്‍ന്നുള്ള ദാരുണ സംഭവമാണ് ഇറാനില്‍ നിന്നും വരുന്നത്. വ്യാജവാര്‍ത്തകളില്‍ വിശ്വസിച്ച് കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ ആല്‍ക്കഹോള്‍ കഴിച്ച 27 പേരാണ് ഇറാനില്‍ മരിച്ചുവെന്ന ഞെട്ടിക്കുന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തു വരുന്നത്.
ഇറാനിലെ ഖുസെസ്താന്‍, അല്‍ബോര്‍സ് പ്രവിശ്യകളിലാണ് സംഭവം. 218ഓളം പേര്‍ ചികിത്സയിലാണ്. ഒരാളുടെ കാഴ്ച നഷ്ടപ്പെട്ടിട്ടുണ്ട്. ചിലരുടെ ആരോഗ്യ നില ഗുരുതരമായി തുടരുന്നതായും ആശുപത്രി അധികൃതര്‍ അറിയിച്ചു. ആല്‍ക്കഹോള്‍ കഴിച്ചാല്‍ കൊറോണ വൈറസിനെ പ്രതിരോധിക്കാം എന്ന വ്യാജസന്ദേശം ശ്രദ്ധയില്‍പ്പെട്ട ഇവര്‍ ആല്‍ക്കഹോള്‍ കഴിക്കുകയായിരുന്നുവെന്ന് ഒരു വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. അണുനാശിനിയായി ഉപയോഗിക്കുന്ന ആല്‍ക്കഹോളാണ് ഇവര്‍ കഴിച്ചത്. ഖുസെസ്താന്‍ പ്രവിശ്യയില്‍ ഇതുവരെ 73 പേര്‍ക്കാണ് കൊറോണ ബാധ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നാണ് ആല്‍ക്കഹോള്‍ കഴിച്ചാല്‍ കൊറോണ പിടിപെടില്ല എന്നതുള്‍പ്പെടെയുള്ള അഭ്യൂഹങ്ങളും വ്യാജപ്രചരണങ്ങളും സമൂഹമാധ്യമങ്ങളിലൂടെ വന്‍തോതില്‍ പ്രചരിക്കാന്‍ തുടങ്ങിയത്.
യഥാര്‍ഥത്തില്‍ മദ്യത്തിന്റെ ഉപയോഗം ഒരു വിധത്തിലും കൊറോണ വൈറസ് മൂലമുള്ള അണുബാധ തടയുന്നില്ല. മാരകമായ കൊറോണ വൈറസിനെക്കുറിച്ചുള്ള മിഥ്യാധാരണകളും തെറ്റിദ്ധാരണകളും തെറ്റായ വിവരങ്ങളും പ്രചരിപ്പിക്കുന്നതിലെ ഒരു ഭാഗം മാത്രമാണെത്. അതേസമയം, ഇടയ്ക്കിടെ കൈ കഴുകുക, ആല്‍ക്കഹോള്‍ അടങ്ങിയ ഹാന്‍ഡ് റബ്, സോപ്പ്, ജലം എന്നിവ ഉപയോഗിച്ചു കൈകള്‍ വൃത്തിയാക്കുക, ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും വായും മൂക്കും തൂവാലകൊണ്ടു മറയ്ക്കുക, രോഗികളുമായി അടുത്ത് ഇടപഴകാതിരിക്കുക എന്നീ മാര്‍ഗങ്ങളിലൂടെ അണുബാധ തടയാം
അതേസമയം, ഇന്ത്യയില്‍ ആദ്യം കോറോണ വൈറസ് ബാധ സ്ഥിരീകരിച്ച കേരളത്തിലും സ്ഥിതിഗതികള്‍ വ്യത്യസ്ഥമല്ല. സാമൂഹിക മാധ്യമങ്ങളും മറ്റും തുറന്നാല്‍ ഭീതി ജനിപ്പിക്കുന്ന വിവരണങ്ങളാണ്. കൊറോണ വൈറസിനേക്കാള്‍ വേഗത്തിലാണ് ഇത്തരം അഭ്യൂഹ വൈറസുകള്‍ പടര്‍ന്നു പിടിക്കുന്നത്. സമൂഹമാധ്യമങ്ങളാണു കൊറോണയെപ്പറ്റിയുള്ള അനാവശ്യഭീതി പരത്തുന്നവരുടെ മുഖ്യ ആയുധം. എന്നാല്‍ ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും പൊലീസ് അധികൃതര്‍ അറിയിച്ചതോടെയാണു സന്ദേശം ഷെയര്‍ ചെയ്ത പലര്‍ക്കും സംഭവം പണിയാകുമെന്ന കാര്യം മനസ്സിലായത്.
വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയ പലര്‍ക്കും കൊറോണ സ്ഥിരീകരിച്ചതായുള്ള വ്യാജ വാര്‍ത്തകള്‍ പരക്കുന്നതു ജനങ്ങളില്‍ ആശയക്കുഴപ്പമുണ്ടാക്കുന്നുണ്ട്. അതുപോലെ നാട്ടിലേക്ക് ഏതു വിദേശ രാജ്യത്തു നിന്നും എത്തിയവരാണെങ്കിലും അവര്‍ ഇറ്റലിയില്‍ നിന്നാണു വന്നതെന്ന തരത്തിലുള്ള പ്രചാരണം സോഷ്യല്‍ മീഡിയ വഴി നടക്കുന്നുണ്ട്. ഇത്തരം വ്യാജ വാര്‍ത്ത പരക്കുന്നതോടെ നാട്ടിലേക്ക് അവധിക്കെത്തിയ പ്രവാസികളുടെ വീടിന്റെ പരിസരത്തേക്ക്് ആളുകള്‍ പോകാത്ത സ്ഥിതിയായി.
ഭയമല്ല ജാഗ്രതയാണ് ആവശ്യം. കഴിഞ്ഞ വര്‍ഷം കേരളത്തില്‍ പടര്‍ന്നുപിടിച്ച നിപ്പയെ അപേക്ഷിച്ച് കോറോണ ബാധ അത്ര ഭയപ്പെടേണ്ട വൈറസല്ല. ജനങ്ങള്‍ വിചാരിച്ചാല്‍ ഈ രോഗം വ്യാപിക്കുന്നതു പൂര്‍ണമായി തടയാനാകും. ഒരു ശതമാനം വീര്യമുള്ള സോപ്പ് ഉപയോഗിച്ച് കൈകഴുകിയാല്‍ പോലും രോഗം പടരുന്നത് വലിയൊരു പരിധി വരെ തടയാം. രോഗം ബാധിച്ച ആളിന്റെ അടുത്തു നിന്ന് ഒരു മീറ്റര്‍ അകലം പാലിക്കണം. ചുമയ്ക്കുമ്പോള്‍ ചെറിയ തുള്ളികള്‍ ദേഹത്തു പതിക്കാതിരിക്കാനാണിത്. പരസ്യമായി തുപ്പുന്നതും മൂക്കു ചീറ്റുന്നതും ഒഴിവാക്കുക. തോന്നുന്നിടത്തെല്ലാം മുറുക്കിത്തുപ്പുന്ന പ്രവണതയും മാറ്റണം. കേന്ദ്രസംസ്ഥാന ആരോഗ്യവകുപ്പുകള്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കുക. ഓര്‍ക്കുക ഭയമല്ല ജാഗ്രതയാണ് ആവശ്യം.
https://www.facebook.com/Malayalivartha























