ആരോഗ്യ പ്രവര്‍ത്തകരെ മോശമായി ചിത്രീകരിക്കുന്നത് പബ്ലിസിറ്റിക്കു വേണ്ടി; കോറോണ ബാധ സംബന്ധിച്ച് അപകീര്‍ത്തികരമായ വാര്‍ത്ത പ്രചരിപ്പിച്ചു; ഡോ. ഷിനു ശ്യാമളനെതിരെ നിയമനടപടി സ്വീകരിക്കുവാൻ അധികൃതർ

കോറോണ ബാധ സംബന്ധിച്ച് അപകീര്‍ത്തികരമായ വാര്‍ത്ത പ്രചരിപ്പിച്ച ഡോ. ഷിനു ശ്യാമളനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് തൃശ്ശൂര്‍ ഡിഎംഒ ഓഫീസ് അറിയിച്ചു. ആരോഗ്യ പ്രവര്‍ത്തകരെ മോശമായി ചിത്രീകരിക്കുന്നത് പബ്ലിസിറ്റിക്കു വേണ്ടിയാണെന്നും ഡിഎംഒ ഓഫീസ് വൃത്തങ്ങള്‍ വിമര്‍ശിച്ചു. കോറോണ രോഗബാധയുടെ ലക്ഷണമുള്ള രോഗി ചികിത്സക്ക് എത്തിയത് ആരോഗ്യവകുപ്പിനെ അറിയിച്ചിട്ടും അവര്‍ വേണ്ട നടപടി കൈക്കൊണ്ടില്ല എന്നായിരുന്നു ഷിനു ശ്യാമളന്‍ നേരത്തെ ഫെയ്‌സ്ബുക്കിലൂടെ ആരോപിച്ചിരുന്നത്. എന്നാല്‍, ഷിനു പറഞ്ഞ രോഗി നേരത്തെ തന്നെ നിരീക്ഷണത്തിലുള്ള ആളായിരുന്നെന്നാണ് ഡിഎംഒ ഓഫീസ് വ്യക്തമാക്കുന്നത്. ഖത്തറില്‍ നിന്നും നാട്ടിലെത്തിയ വ്യക്തി കൊറോണ ബാധയുടെ ലക്ഷണങ്ങളോടെ സ്വകാര്യ ക്ലിനിക്കിലെത്തിയെന്നാണ് ഷിനു ശ്യാമളന്‍ നേരത്തെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞിരുന്നത്. തുടര്‍ന്ന് വിവരം പൊലീസിനെയും ആരോഗ്യവകുപ്പിനെയും അറിയിച്ചു. എന്നാല്‍, അന്ന് തന്നെ തുടര്‍ നടപടികളുണ്ടായില്ല. ഈ വ്യക്തി അടുത്ത ദിവസം രാവിലെ ഖത്തറിലേക്ക് മടങ്ങിപ്പോയെന്നും ഷിനു ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞിരുന്നു.
ഇതേത്തുടര്‍ന്ന് തൃശ്ശൂര്‍ തളിക്കുളത്തെ ഒരു സ്വകാര്യ ആശുപത്രിയില്‍ ഡോക്റ്ററായി ജോലി ചെയ്തിരുന്ന ഷിനു ശ്യാമളനെ ആശുപത്രി അധികൃതര്‍ ജോലിയില്‍ നിന്നും പിരിച്ചുവിട്ടിരുന്നു. കോറോണ രോഗലക്ഷണമുള്ള വ്യക്തിയെ കണ്ടപ്പോള്‍ ആരോഗ്യവകുപ്പിനെയും പൊലീസിനെയും അറിയിക്കുകയും അത് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തതിനാണ് തന്നെ പിരിച്ചുവിട്ടതെന്ന ആരോപണവുമായി പിന്നാലെ ഷിനു തന്നെ രംഗത്തെത്തുകയും ചെയ്തു. ഇത് വലിയ ചര്‍ച്ചയാവുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് ഷിനുവിനെതിരെ തൃശ്ശൂര്‍ ഡിഎംഒ ഓഫീസിന്റെ പ്രതികരണം വന്നിരിക്കുന്നത്. ഇന്നു രാവിലെയാണ് സാമൂഹികമാധ്യമങ്ങളിലെ കുറിപ്പുകളിലൂടെ ശ്രദ്ധേയയായ ഡോക്ടര് ഷിനു ശ്യാമളന്‍ സ്വകാര്യ ആശുപത്രിയെ കുറ്റപ്പെടുത്തിയും ആരോഗ്യ വകുപ്പ് അധികൃതരെ പരോക്ഷമായും കുറ്റപ്പെടുത്തി രംഗത്തെത്തിയത്. കൊറോണ വൈറസ് സംശയിക്കുന്ന രോഗി ക്ലിനിക്കില്‍ പരിശോധനക്കെത്തിയതും അവര്‍ ഖത്തറിലേക്ക് പോയതുമെല്ലാം വിശദീകരിച്ച് സാമൂഹിക മാധ്യമങ്ങളില്‍ കുറിപ്പെഴുതിയതിനു പിന്നാലെയാണ് ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതെന്നും ഷിനു ശ്യാമളന്‍ ആരോപിച്ചു.
കൊറോണ വൈറസ് സംശയിക്കുന്നയാള് വന്ന ആശുപത്രിയില്‍ ഇനിയാരെങ്കിലും വരുമോ എന്നാണ് ക്ലിനിക്കിന്റെ ഉടമസ്ഥന് ചോദിച്ചതെന്നും, ഇനിമുതല് ജോലിക്ക് വരേണ്ടെന്ന് പറഞ്ഞതായും ഷിനു വെളിപ്പെടുത്തിയിരുന്നു. ഞാനെന്റെ ഡ്യൂട്ടിയാണ് ചെയ്തത്. ഇനിയും ചെയ്യും. അറിയിക്കേണ്ടവരെ ഉദ്യോസ്ഥരെ അറിയിച്ചിട്ടും രോഗിയെ ഖത്തറിലേക്ക് വിടാന് അനുവദിച്ചവര്ക്ക് ഒരു കുഴപ്പവുമില്ല. പക്ഷെ എനിക്ക് ജോലി പോയി. എന്ത് നാടാണിത്? ഞാന് ചെയ്തതില് ഒരു തെറ്റുമില്ല. ഇനിയും ശബ്ദിക്കുമെന്നും ഷിനു വ്യക്തമാക്കി.
https://www.facebook.com/Malayalivartha
























