ഭക്ത ജനത്തിരക്കില്ലാതെ ശബരിമലയും ഗുരുവായൂരും...ഉത്സവത്തിന് ആചാരപരമായ ചടങ്ങുകൾ മാത്രം... തീർഥാടകരെ പ്രവേശിപ്പിക്കില്ല

കോവിഡ് 19 ഭീതി പകരുന്ന സാഹചര്യത്തിൽ ശബരിമല ഉത്സവത്തിന് ആചാരപരമായ ചടങ്ങുകൾ മാത്രം നടത്തിയാൽ മതിയെന്നും തീർഥാടകരെ പ്രവേശിപ്പിക്കേണ്ടതില്ലെന്നും സർക്കാർ ദേവസ്വം ബോർഡിനോടും ജില്ലാ ഭരണകൂടത്തോടും പൊലീസ് മേധാവിയോടും നിർദേശിച്ചു. ഈ മാസം 29നാണ് ശബരിമലയിൽ ഉത്സവം ആരംഭിക്കുന്നത്. ഇതിന്റെ ഭാഗമായി 28ന് ശബരിമല നടതുറക്കും
ഏപ്രിൽ 8നു പമ്പ തീരത്തു നടക്കുന്ന ആറാട്ട് ചടങ്ങിലും തീര്‍ഥാടകരെ പ്രവേശിപ്പിക്കില്ല. തീർഥാടകരെ ശബരിമലയിലേക്കു കടത്തിവിടുന്നതു ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും രോഗവ്യാപ്തി വർധിക്കുന്നതിനു കാരണമാകുമെന്നും പത്തനംതിട്ട ജില്ലാ മെഡിക്കൽ ഓഫിസർ ജില്ലാ കലക്ടർക്ക് റിപ്പോർട്ട് നൽകി . ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ കലക്ടർ തീർഥാടകർക്ക് നിയന്ത്രണം ഏർപ്പെടുത്തണമെന്ന് സർക്കാരിന് റിപ്പോർട്ട് നൽക്കുകയായിരുന്നു..
ശബരിമല സ്ഥിതി ചെയ്യുന്ന പത്തനംതിട്ട ജില്ലയിൽ ഇതുവരെ 9 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയിൽ 235 പേർ പ്രൈമറി കോൺടാക്ട് ലിസ്റ്റിലും 501 പേർ സെക്കന്‍ഡറി കോൺടാക്ട് ലിസ്റ്റിലും ഉൾപ്പെട്ടിട്ടുള്ളവരാണ്. ഇവരെ ഹോം ഐസലേഷനിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
21 മുതൽ ഗുരുവായൂർ ക്ഷേത്രത്തിലും ഭക്തരെ പ്രവേശിപ്പിക്കില്ല. ക്ഷേത്രത്തിൽ പതിവു പൂജകളും മറ്റു ചടങ്ങുകളും നടക്കും. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതു വരെ വിവാഹം, ചോറൂണ്, കൃഷ്ണനാട്ടം, വാഹനപൂജ, ഉദയാസ്തമന പൂജ, ചുറ്റുവിളക്ക് വഴിപാടുകൾ നടത്തില്ലെന്നും ഗുരുവായൂർ ദേവസ്വം മാനേജിങ് കമ്മിറ്റി അറിയിച്ചു.
https://www.facebook.com/Malayalivartha

























