അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന കാസർഗോഡ് ജില്ല കളക്ടറുടെ വാദം തള്ളി കാസർഗോഡ് രോഗം സ്ഥിതീകരിച്ച അമീറുദ്ദീൻ; എല്ലാ വിവരങ്ങളും അധികൃതരെ അറിയിച്ചിരുന്നു

കൊവിഡ് 19 വൈറസ് ബാധയുമായി ബന്ധപ്പെട്ട് കാസർഗോഡ് രോഗബാധ സ്ഥിതീകരിച്ച അമീറുദ്ദീൻ വിശദീകരണവുമായി രംഗത്ത്. അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന ജില്ലാ കളക്ടർ സജിത് ബാബുവിന്റെ ആരോപണം തള്ളിയ അദ്ദേഹം, രണ്ടാഴ്ച നിരീക്ഷണത്തിൽ കഴിയാൻ ആവശ്യപ്പെട്ടിരുന്നുവെന്നും എന്നാൽ താനത് കാര്യമാക്കിയില്ലെന്നും ഒരു പ്രമുഖ മാധ്യമത്തോട് വെളിപ്പെടുത്തി.
താൻ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന വാദം തെറ്റാണ്. തന്നെ വിളിച്ചവരോട് എല്ലാ വിവരങ്ങളും പറഞ്ഞിട്ടുണ്ട്. പോലീസിൽ നിന്നും വിളിച്ചവർക്ക് അടക്കം വിവരം നൽകിയിട്ടുണ്ട്. ഒന്നും മറച്ചു വച്ചിട്ടില്ല. അന്വേഷണവുമായി ഇനിയും സഹകരിക്കാൻ തയ്യാറാണ്. വിമാനത്താവളത്തിൽ പരിശോധനക്ക് വിധേയൻ ആയിരുന്നു. അവിടത്തെ പ്രത്യേക കൗണ്ടറിൽ പേരും നൽകിയിട്ടുണ്ട്, അമീറുദ്ദീൻ വെളിപ്പെടുത്തി.
ഈ മാസം 16 ന് സ്വമേധയാ ആണ് താൻ ജനറൽ ആശുപത്രിയിൽ പരിശോധനക്ക് എത്തിയത്. രണ്ടാഴ്ച വീട്ടിൽ കഴിയാൻ പറഞ്ഞു. എന്നാലത് അത്ര കാര്യമാക്കിയില്ല. പുറത്ത് ഇറങ്ങിയിട്ടുണ്ട്. 17 ന് വീണ്ടും ജനറൽ ആശുപത്രിയിൽ വന്നു. രക്തം പരിശോധനക്ക് നൽകി. 18 ന് ജില്ലാ ആശുപത്രിയിൽ നിന്നും വിളിച്ചു. ജനറൽ ആശുപത്രിയിൽ എത്താൻ പറഞ്ഞു. സ്വന്തം കാറിൽ ആശുപത്രിയിലെത്തി. 19 ന് ആണ് പരിശോധന ഫലം വന്നത്. 11 ന് കരിപ്പൂരിൽ തന്നെ നിന്നത് പാസ്പോർട്ട് തടഞ്ഞു വച്ചതിനാലാണ്. കൊണ്ടോട്ടി - കോഴിക്കോട് റോഡിലെ ഹോട്ടലിലാണ് റൂം എടുത്തത്. ഇവിടെ നിന്നും ഭക്ഷണം കഴിച്ചു, അദ്ദേഹം കൂട്ടിച്ചേർത്തു. അന്ന് രാത്രി ഓട്ടോറിക്ഷയിൽ കോഴിക്കോട് റയിൽവേ സ്റ്റേഷനിൽ എത്തി . തുടർന്ന് മാവേലി എക്സ്പ്രസിൽ കാസർകോട് എത്തി. തിരുവനന്തപുരത്ത് നിന്നും വിളിച്ച ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥയോട് എല്ലാ വിവരവും പറഞ്ഞിരുന്നുവെന്നും അമീറുദ്ദീൻ വ്യക്തമാക്കി.
https://www.facebook.com/Malayalivartha

























