കാസര്‍കോട്ടെ കൊറോണ ബാധിതനായ രോഗി സഞ്ചരിച്ച ഭാഗിക റൂട്ട് മാപ്പ് പുറത്തുവിട്ടു; യാത്രയുടെ പൂര്‍ണമായ വിവരങ്ങള്‍ നല്‍കാന്‍ രോഗി തയ്യാറാകാത്തമൂലമാണ് ഭാഗിക റൂട്ട്മാപ്പ് പുറത്തുവിടുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി; ഇയാൾ മംഗളൂരുവിൽ പോയി രക്തദാനം നടത്തിയതായി സൂചന

കാസര്‍കോട്ടെ കൊറോണ ബാധിതനായ രോഗി സഞ്ചരിച്ച ഭാഗിക റൂട്ട് മാപ്പ് പുറത്തുവിട്ടു. യാത്രയുടെ പൂര്‍ണമായ വിവരങ്ങള്‍ നല്‍കാന്‍ രോഗി തയ്യാറാകാത്തമൂലമാണ് ഭാഗിക റൂട്ട്മാപ്പ് പുറത്തുവിടുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി.
മലപ്പുറം, കോഴിക്കോട്, കാസര്‍കോട് ജില്ലകളില്‍ രോഗി സഞ്ചരിച്ചതിന്റെ വിവരങ്ങളടങ്ങിയ റൂട്ട് മാപ്പാണ് പുറത്തുവിട്ടത്. ഇയാള്‍ നടത്തിയ മംഗലാപുരം യാത്രയുടെ വിവരങ്ങള്‍ റൂട്ട് മാപ്പ് തയ്യാറാക്കിയവരോട് വെളിപ്പെടുത്തിയിട്ടില്ല. അതിനാല്‍ തന്നെ ഈ വിവരങ്ങള്‍ ഉള്‍പ്പെടുത്താതെയുള്ള റൂട്ട്മാപ്പാണ് പുറത്തുവിട്ടിരിക്കുന്നത്.
ഇയാൾ മംഗളൂരുവിൽ പോയി രക്തദാനം നടത്തിയതായാണ് സൂചന. പല തവണ ചോദ്യം ചെയ്തിട്ടും കാര്യത്തിന്റെ ഗൗരവം പറഞ്ഞിട്ടും ഒന്നും കൃത്യമായി ഇയാൾ വെളിപ്പെടുത്തുന്നില്ല എന്നതുകൊണ്ടുതന്നെ കാര്യത്തിന്റെ ഗൗരവം ഏറുകയാണ്. ഇയാൾ മുവായിരത്തോളം പേരുമായി സമ്പർക്കമുണ്ടായതായാണ് പ്രാഥമിക കണക്ക്.
ഇയാൾ കണ്ണൂരിലെ തളിപ്പറമ്പിലെ ഒരു മരണവീട്ടിൽ എത്തിയതായി സൂചന ലഭിക്കുന്നു. അടുത്ത് സമ്പർക്കം പുലർത്തിയ 20 പേർ കണ്ണൂരില്‍ നിരീക്ഷണത്തിലാണ്. എന്നാൽ ഇയാളുടെ സഞ്ചാരപഥം പൂർണമായി പുറത്തുവിടാൻ കാസർകോട് ജില്ലാ ഭരണകൂടത്തിന് കഴിഞ്ഞിട്ടില്ല. രോഗി പല കാര്യങ്ങളും മറയ്ക്കുകയാണെന്നും ആക്ഷേപമുണ്ട്. ചില വിവരങ്ങൾ അടിസ്ഥാനമാക്കി ഇയാളുടെ പ്രൈമറി കോൺടാക്റ്റ് കണ്ടെത്താൻ ആരോഗ്യവകുപ്പ് നടത്തിയ ശ്രമങ്ങളുടെ ഭാഗമായാണ് കണ്ണൂരിലെത്തിയ വിവരം ലഭിച്ചത്. തുടർന്ന് കണ്ണൂർ ഡിഎംഒയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഇരുപത് പ്രൈമറി കോൺടാക്റ്റുകൾ കണ്ടെത്തി നിരീക്ഷണത്തിൽ ആക്കിയത്. എണ്ണം കൂടാൻ സാധ്യതയുണ്ടെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്.
https://www.facebook.com/Malayalivartha

























