ലോക്ക് ഡൗൺ; വിപണിയിൽ പച്ചക്കറിക്ക് വൻ വിലക്കയറ്റം; ഉള്ളി കിലോയ്ക്ക് വില 100 മുതൽ 110 വരെ; സർക്കാരിന്റെ വാഗ്ദാനങ്ങൾ കാറ്റിൽപ്പറത്തി വ്യാപാരികൾ

കൊറോണ വ്യാപനത്തെത്തുടർന്ന് സംസ്ഥാനത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ വിപണിയിൽ വൻ വിലക്കയറ്റം. ഒറ്റദിവസം കൊണ്ട് ഉളളിയുടെ വില വർധിച്ചത് 40 രൂപയാണ്. മറ്റ് സംസ്ഥാനങ്ങളിൽ നിന്നുളള മൊത്ത വിതരണക്കാർ വില കൂട്ടിയതാണ് ചില്ലറവിപണിയിലും വില കൂടാൻ കാരണമെന്ന് വ്യാപാരികൾ പറയുന്നു.
ഉളളിവിലയാണ് ഏറ്റവും വർധിച്ചത്. കഴിഞ്ഞയാഴ്ച കിലോയ്ക്ക് 60 രൂപയെങ്കിൽ ഇപ്പോൾ 100 മുതൽ 110 വരെയാണ് ഉള്ളിയുടെ വില . സവാള കിലോയ്ക്ക് 30 രൂപയായിരുന്നത് 40 ആയി ഉയർന്നു . ഉരുളക്കിഴങ്ങ് 28-ൽ നിന്ന് 40 രൂപായി . തക്കാളിക്ക് വില ഇരട്ടിയായി. 20 രൂപയിൽ നിന്ന് 40 ആയി ഉയർന്നു. ബീൻസ്, പച്ചമുളക് എന്നിവയ്ക്കും വില കൂടി.
ലോക്ഡൗൺ എങ്കിലും തിരുവനന്തപുരം ചാല മാർക്കറ്റിൽ സാധനങ്ങൾ വാങ്ങാനെത്തുന്നവരുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ഏറെക്കാലം കേടുകൂടാതിരിക്കുന്ന പച്ചക്കറികൾ കൂടുതൽ വാങ്ങിക്കൂട്ടുകയാണ് ആളുകൾ. ഉള്ളി, സവാള എന്നിവയും ഉരുളക്കിഴങ്ങുമൊക്കെയാണ് ആളുകൾ ഏറെ വാങ്ങി വയ്ക്കുന്നത്.
തമിഴ്നാട്ടിൽ നിന്നുമുളള ലോഡുകൾ വരുന്നത് കുറഞ്ഞിരിക്കുകയാണ്. മൊത്തവിൽപനക്കാർ വില കൂട്ടിയതിനാൽ മറ്റ് വഴിയില്ലെന്നാണ് ചില്ലറ വിൽപ്പനക്കാരുടെ വാദം.ലോക്ക്ഡൌണിന്റെ പ്രത്യാഘാതം വിപണിയിലും പ്രതിഫലിച്ചു തുടങ്ങി. സർക്കാർ ഇടപെടൽ ഉണ്ടായില്ലെങ്കിൽ വരും ദിവസങ്ങളിൽ സ്ഥിതി കൂടുതൽ രൂക്ഷമാകുമെന്ന സ്ഥിതിയാണ്.അവശ്യസാധനങ്ങൾക്ക് ക്ഷാമമുണ്ടാകില്ലെന്ന് പല തവണ സർക്കാർ ആവർത്തിച്ച് പറഞ്ഞിട്ടും വിപണിയിൽ മറിച്ചാണ് സംഭവിക്കുന്നത്.
https://www.facebook.com/Malayalivartha
























