ഷാപ്പുകൾ തുറക്കുമ്പോൾ കള്ള് പാഴ്‌സല്‍! സംസ്ഥാനത്തെ കള്ള് ഷാപ്പുകൾ മേയ് 13 മുതൽ തുറന്ന് പ്രവർത്തിക്കാൻ സർക്കാർ അനുമതി; കള്ള് പാഴ്‌സല്‍ നല്‍കുന്നതില്‍ നിയമതടസ്സമില്ലെന്നു എക്സൈസ്

സംസ്ഥാനത്തെ കള്ള് ഷാപ്പുകൾ മേയ് 13 മുതൽ തുറന്ന് പ്രവർത്തിക്കാൻ സർക്കാർ അനുമതി നൽകി. എന്നാൽ ഷാപ്പുകളില്‍ ഇരുന്ന് മദ്യപിക്കാന്‍ അനുവദിച്ചാല്‍ ശാരീരിക അകലം ഉള്‍പ്പെടെയുള്ള മുന്‍കരുതല്‍ നടപടികള്‍ പാലിക്കല്‍ ബുദ്ധിമുട്ടാകും. അതുകൊണ്ടുതന്നെ ഷാപ്പുകൾ തുറക്കുമ്പോൾ കള്ള് പാഴ്‌സല്‍ നല്‍കുന്നതിനെ കുറിച്ചു ആലോചിക്കുകയാണ് സർക്കാർ. കോവിഡിന്റെ സാഹചര്യത്തില്‍ ഷാപ്പില്‍ ഇരുന്നുള്ള മദ്യപാനം അനുവദിക്കാന്‍ ഇടയില്ല. കള്ള് പാഴ്‌സല്‍ നല്‍കുന്നതില്‍ നിയമതടസ്സമില്ലെന്നു എക്‌സൈസ് പറയുന്നു. അബ്കാരി നിയമം ഇതിന് അനുവദിക്കുന്നുണ്ട്. ഷാപ്പുകളിൽ നിന്നും മുൻപ് കള്ളു പാഴ്‌സല്‍ നൽകിയിരുന്നു. ഇക്കാര്യത്തിൽ വ്യക്തത വരുത്തി ഉടൻ തന്നെ എക്സ്‌സൈസ് ഉത്തരവിറക്കും.
ഹോട്ടലുകളിലും ഇപ്പോള്‍ പാഴ്‌സല്‍ സര്‍വീസ് മാത്രമാണുള്ളത്. ഇതേ മാതൃക കള്ള് ഷാപ്പുകളുടെ കാര്യത്തിലും തുടരാനാണ് ആലോചന. ഷാപ്പുകളില്‍ ഇരുന്ന് മദ്യപിക്കാന്‍ അനുവദിച്ചാല്‍ ശാരീരിക അകലം ഉള്‍പ്പെടെയുള്ള മുന്‍കരുതല്‍ നടപടികള്‍ പാലിക്കല്‍ പ്രായോഗികമല്ലെന്ന് എക്‌സൈസ് വകുപ്പ് കരുതുന്നു. അതിനാലാണ് പാഴ്‌സല്‍ നല്‍കാനുള്ള തീരുമാനം. സംസ്ഥാനത്തെ കള്ള് ഷാപ്പുകള്‍ 13നു തുറക്കാനാണ് തീരുമാനം. ഷാപ്പു തുറന്ന് കള്ള് അളന്നാലേ വില്പന നടത്താന്‍ സാധിക്കൂ. 3590 കള്ള് ഷാപ്പുകളാണ് സംസ്ഥാനത്തുള്ളത്. ലോക്ഡൗണ്‍ ആരംഭിച്ച ശേഷമാണ് കള്ള് ഷാപ്പുകളുടെ ലേലം നടന്നത്.
അതേസമയം സംസ്ഥാനത്തെ മദ്യവിൽപ്പന ശാലകൾ തുറക്കുന്ന കാര്യത്തിൽ ഇത് വരെ തീരുമാനം ആയിട്ടില്ല. സംസ്ഥാനത്ത് മദ്യ നിരോധനം നടപ്പാക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ലോക്ക് ഡൗണിന് ശേഷം മാത്രമായിരിക്കും ബിവറേജുൾപ്പെടെ തുറക്കുകയെന്നാണ് വ്യക്തമാകുന്നത്, ദില്ലിയും, കർണ്ണാകയും അടക്കമുള്ള സംസ്ഥാനങ്ങൾ കേന്ദ്രത്തിൻ്റെ ഇളവുകൾ ഉപയോഗപ്പെടുത്തി കഴിഞ്ഞ ദിവസങ്ങളിൽ മദ്യവിൽപ്പന ആരംഭിച്ചിരുന്നു. പ്രവാസികൾ മടങ്ങിയെത്തുന്ന സാഹചര്യത്തിൽ പൊലീസിന്‍റെ ജോലിഭാരം കൂടി കണക്കിലെടുത്താണ് തീരുമാനം. കൊവിഡ് പ്രതിസന്ധിയും സാമ്പത്തിക ഞെരുക്കവും കണക്കിലെടുത്ത് എൽഡിഎഫ് സർക്കാരിന്‍റെ നാലാം വാർഷിക പരിപാടികളും റദ്ദാക്കിയിട്ടുണ്ട്.
സംസ്ഥാനത്തെ മദ്യവിൽപ്പനശാലകൾ പൂർണ്ണമായും അടച്ചിടുക എന്ന നയം സർക്കാരിനില്ലെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. മറ്റ് സംസ്ഥാനങ്ങളിൽ വിൽപ്പനശാലകൾ തുറന്നപ്പോൾ ഉള്ള സാഹചര്യം നമ്മുക്ക് മുന്നിലുണ്ടെന്നായിരുന്നു ഇതേ പറ്റിയുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി. ഓൺലൈൻ വിതരണത്തെപറ്റിയുള്ള ചോദ്യത്തിന് എന്തൊക്കെയാണ് ചെയ്യാൻ പറ്റുകയെന്ന് നോക്കാമെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. തൊഴിലാളികൾ ചെത്ത് തുടങ്ങിയിട്ടുണ്ട്. ഇനിയത് കള്ള് ഷാപ്പിലെത്തിയില്ലെങ്കിൽ അത് വലിയ പ്രശ്നമാകും അത് കൊണ്ടാണ് കള്ള് ഷാപ്പുകൾ തുറക്കാൻ അനുവദിക്കുന്നതെന്നാണ് മുഖ്യമന്ത്രിയുടെ വിശദീകരണം.
കാര്യങ്ങൾ ഇങ്ങനെ ഓക്കേ ആണെങ്കിലും മദ്യ ഷാപ്പുകൾ തുറന്ന സംസ്ഥാനങ്ങളിൽ വിൽപ്പന പൊടി പിടിക്കുകയാണ് ലോക്ക് ഡൗണിനു ശേഷം മദ്യ വില്പന പുനരാരംഭിച്ച കർണാടകയിൽ റെക്കോർഡ് വില്പന. 197 കോടി രൂപയുടെ മദ്യമാണ് മദ്യ ഷോപ്പുകൾ തുറന്നതിൻ്റെ പിറ്റേ ദിവസമായ ചൊവ്വാഴ്ച കർണാടകയിൽ വിറ്റഴിച്ചത്. സാധാരണ രീതിയിൽ 90 കോടി രൂപയുടെ മദ്യമാണ് ദിവസേന കർണാടകയിൽ വിൽക്കാറുള്ളത്. ഇതിൻ്റെ ഇരട്ടിയോളമാണ് ചൊവ്വാഴ്ചത്തെ കണക്ക്.
ഇതിനു മുൻപ് സംസ്ഥാനത്തെ ഒരു ദിവസത്തെ റെക്കോർഡ് മദ്യവില്പന 170 കോടിയായിരുന്നു. 2019 ഡിസംബർ 28ന് സ്ഥാപിക്കപ്പെട്ട ഈ റെക്കോർഡാണ് ഇന്നലെ തകർക്കപ്പെട്ടത്. മദ്യ ഷോപ്പുകൾ തുറന്നതിൻ്റെ ആദ്യ ദിനമായ തിങ്കളാഴ്ച 45 കോടി രൂപയുടെ മദ്യ വില്പന മാത്രമാണ് രേഖപ്പെടുത്തിയത്.
ചില ഷോപ്പുകളിൽ വൈകുന്നേരം ആയപ്പോഴേക്കും സ്റ്റോക്ക് തീർന്നു. വാനില സ്പിരിറ്റ് സോൺ എന്ന ഷോപ്പിൽ നിന്ന് ഒരാൾ 52841 രൂപയുടെ മദ്യം വാങ്ങിയ ബില്ല് നേരത്തെ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇയാൾക്കെതിരെ പൊലീസ് കേസെടുത്തു.
ഡൽഹി, ആന്ധ്ര പ്രദേശ്, പശ്ചിമ ബംഗാൾ, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങൾ മദ്യത്തിൻ്റെ എക്സൈസ് തീരുവ വർധിപ്പിച്ചിരുന്നു. ഡൽഹി 70 ശതമാനവും ആന്ധ്ര പ്രദേശ് 75 ശതമാനവും പശ്ചിമ ബംഗാൾ 30 ശതമാനവും രാജസ്ഥാൻ 10 ശതമാനവുമാണ് തീരുവ വർധിപ്പിച്ചത്. ഛത്തീസ്ഗഡിൽ മദ്യം ഹോം ഡെലിവറി ചെയ്യാനായി പുതിയ ഒരു കമ്പനിക്ക് തന്നെ സർക്കാർ രൂപം നൽകി. പശ്ചിമ ബംഗാളും മദ്യം ഹോം ഡെലിവറി സംവിധാനം ആരംഭിച്ചു. പഞ്ചാബിലും ഇതേ സംവിധാനം ആരംഭിക്കാനുള്ള ചർച്ചകൾ നടക്കുകയാണ്.
https://www.facebook.com/Malayalivartha



























