കോളജ് വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ട്രാവലറും ലോറിയും കൂട്ടിയിടിച്ച് രണ്ടു മരണം

ബത്തേരി ബീനാച്ചിക്ക് സമീപം തിങ്കളാഴ്ച പുലര്‍ച്ചെ വിനോദയാത്രയ്ക്ക് പോയ കോളജ് വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ട്രാവലറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടു മരണം. വിനോദയാത്ര കഴിഞ്ഞ് മടങ്ങുകയായിരുന്ന കര്‍ണാടക മാണ്ഡ്യ സര്‍വകലാശാലയിലെ പിജി വിദ്യാര്‍ഥികളുടെ സംഘമാണ് അപകടത്തില്‍പ്പെട്ടത്. ട്രാവലര്‍ ഡ്രൈവറായ കര്‍ണാടക സ്വദേശി രഞ്ജിത്ത് (40), വാഹനത്തിലെ പാചകക്കാരന്‍ മൈസൂരു സ്വദേശി ഭരത് എന്നിവരാണ് മരിച്ചത്.
ലോറിയുമായി കൂട്ടിയിടിച്ചതിനെ തുടര്‍ന്ന് ട്രാവലര്‍ മറിയുകയായിരുന്നു. വാഹനത്തിനുള്ളില്‍ കുടുങ്ങിയവരെ ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് വാഹനം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. പരുക്കേറ്റ 13 വിദ്യാര്‍ഥികളെയും ഉടന്‍ തന്നെ സമീപത്തെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെ വയനാട് ബത്തേരി എക്‌സര്‍വീസ്‌മെന്‍ കോളനിക്ക് സമീപമാണ് അപകടം ഉണ്ടായത്. 13 വിദ്യാര്‍ഥികളും പാചകക്കാരനും ഡ്രൈവറും ഉള്‍പ്പെടെ 15 പേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. മൂന്നാറില്‍ നിന്ന് മൈസൂരുവിലേക്ക് മടങ്ങുകയായിരുന്നു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. ട്രാവലര്‍ ഇടിച്ച് നിയന്ത്രണം വിട്ട ലോറി പാതയോരത്ത് നിര്‍ത്തിയിട്ട മറ്റൊരു ലോറിയില്‍ ഇടിച്ചാണ് നിന്നത്.
https://www.facebook.com/Malayalivartha



























