വന്ദേ ഭാരത് മിഷന്‍: ആദ്യമെത്തുന്നത് 179 യാത്രക്കാരുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്

വിദേശ രാജ്യങ്ങളില്‍ നിന്ന് മടങ്ങിയെത്തുന്ന പ്രവാസികളെ സ്വീകരിക്കാന്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളം അധികൃതര്‍. ഉച്ചയോടെ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം കൊച്ചിയില്‍ നിന്ന് അബുദാബിയിലേയ്ക്ക് തിരിക്കും. ആദ്യവിമാനം വൈകിട്ട് 4.10-ന് അബുദാബിയില്‍ നിന്നാണ് പറക്കുക.
ദുബായില്‍ നിന്ന് ഉച്ചയ്ക്ക് 2.10-ന് പുറപ്പെടുമെന്ന് അറിയിച്ചിരുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഐഎക്‌സ് 344 വിമാനം വൈകിട്ട് അഞ്ചിനാകും കോഴിക്കോട്ടേയ്ക്ക് പറക്കുകയെന്നും എയര്‍ ഇന്ത്യാ അധികൃതര്‍ അറിയിച്ചു. യാത്രക്കാര്‍ക്ക് ഏഴു കിലോ വരുന്ന ഹാന്‍ഡ് ലഗേജിനൊപ്പം 25 കിലോഗ്രാം ബാഗേജ് കൂടി കൊണ്ടുപോകാനാണ് അനുമതി.
എയര്‍ പോര്‍ട്ട് അതോറിട്ടി ഓഫ് ഇന്ത്യ ,വന്ദേ ഭാരത് മിഷനിലൂടെ പ്രവാസികളെ തിരികെ കൊണ്ടുവരുമ്പോള്‍ വിമാനത്താവളത്തില്‍ പാലിക്കേണ്ട ക്രമീകരണങ്ങളെ സംബന്ധിച്ച മാര്‍ഗരേഖ പുറത്ത് ഇറക്കി. ഇതനുസരിച്ച് പ്രവാസികളെ 20 അംഗ സംഘങ്ങളായി വിമാനത്തില്‍നിന്ന് ഇറക്കും. സാമൂഹിക അകലം പാലിക്കുന്നതിന്റെ ഭാഗമായാണിത്.
അബുദാബിയില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം നിലവിലെ സമയപ്പട്ടികയനുസരിച്ച് വ്യാഴം രാത്രി 9.40-ന് കൊച്ചി വിമാനത്താവളത്തിലെത്തും. 179 യാത്രക്കാരാകും ഇതിലുണ്ടാകുക. വ്യാഴാഴ്ച നിശ്ചയിച്ചിരുന്ന രണ്ടാം വിമാനമായ ദോഹ-കൊച്ചി സര്‍വീസ് ശനിയാഴ്ചത്തേയ്ക്ക് മാറ്റിയിരുന്നു.
ബാഗേജുകള്‍ അണുനശീകരണം നടത്താന്‍ ഡിഫന്‍സ് റിസര്‍ച്ച് ഡവലപ്മെന്റ് ഓര്‍ഗനൈസേഷന്റെ സഹായമുള്‍പ്പെടെ വിപുലമായ സൗകര്യങ്ങളാണ് സിയാല്‍ ഒരുക്കിയിട്ടുള്ളത്. ജില്ലാ അധികൃതര്‍, സംസ്ഥാന സര്‍ക്കാര്‍ ആരോഗ്യവകുപ്പ്, പൊലീസ്, തദ്ദേശ സ്ഥാപനങ്ങള്‍, സിഐഎസ്എഫ് എന്നീ വിഭാഗങ്ങളുടെ ഏകോപനത്തോടെ കോവിഡ്-19 പ്രോട്ടോകോള്‍ പാലിച്ചുള്ള പദ്ധതിയാണ് സിയാലില്‍ നടപ്പിലാക്കുന്നത്.
വിമാനത്തിന്റെ അണുവിമുക്തമാക്കല്‍ നടപടി ഇതിനകം പൂര്‍ത്തിയായി. യാത്രക്കാര്‍ പൂരിപ്പിച്ചുനല്‍കേണ്ട സത്യവാങ്മൂലം ഉള്‍പ്പെടെയുള്ള ഫോറങ്ങള്‍ ഈ വിമാനത്തില്‍ കൊടുത്തുവിടും. യാത്രക്കാരുമായി തിരികെയെത്തുന്ന വിമാനത്തിന് പ്രത്യേക പാര്‍ക്കിങ് ബേ, എയറോബ്രിഡ്ജുകള്‍ എന്നിവ ലഭ്യമാക്കും. യാത്രക്കാരെ എങ്ങനെ സുരക്ഷിതമായി പുറത്തെത്തിക്കാം എന്ന കാര്യത്തില്‍ പലതവണ മോക് ഡ്രില്‍ നടത്തിയാണ് നിശ്ചയിച്ചിട്ടുള്ളത്.
ടെമ്പറേച്ചര്‍ ഗണ്‍, തെര്‍മല്‍ സ്‌കാനര്‍ എന്നിവ ഉപയോഗിച്ച് ടെര്‍മിനലിലേക്കു പ്രവേശിക്കുന്ന യാത്രക്കാരുടെ താപനില പരിശോധിക്കും. രോഗലക്ഷണമുള്ളവരെ പ്രത്യേക പാതയിലൂടെ ആംബുലന്‍സിലേക്കു മാറ്റും. അവിടെ നിന്ന് ആദ്യ സംഘത്തെ ആലുവ ആശുപത്രിയിലേക്കു കൊണ്ടുപോകും. രോഗലക്ഷണമില്ലാത്തവര്‍ക്ക് ഹെല്‍ത്ത് കൗണ്ടറുകളില്‍ വീണ്ടും ആരോഗ്യ പരിശോധന നടത്തും. തുടര്‍ന്ന് ഇവരെ ഇമിഗ്രേഷന്‍ കൗണ്ടറില്‍ എത്തിക്കും.
ഇമിഗ്രേഷന്‍ കൗണ്ടറുകളില്‍ പത്തു ഉദ്യോഗസ്ഥര്‍ക്ക് ജോലി ചെയ്യാന്‍ പാകത്തില്‍ ഗ്ലാസ് മറകള്‍ സ്ഥാപിച്ചിട്ടുണ്ട്. തുടര്‍ന്ന് ഇവരെ ബാഗേജ് ഏരിയയിലേയ്ക്ക് കൊണ്ടുപോകും. ഇമിഗ്രേഷന്‍ കൗണ്ടറുകള്‍ക്ക് മുമ്പിലും കണ്‍വെയര്‍ ബെല്‍റ്റിന് വശങ്ങളിലും സാമൂഹിക അകലം പാലിച്ച് നില്‍ക്കാനുള്ള പ്രത്യേക അടയാളങ്ങള്‍ വച്ചിട്ടുണ്ട്. അഞ്ചാം നമ്പര്‍ ബെല്‍റ്റാണ് ഇതിനായി അനുവദിച്ചിട്ടുള്ളത്.<
വിമാനത്തില്‍ നിന്ന് പുറത്തേയ്ക്ക് കൊണ്ടുവരുന്ന ബാഗുകളെ ആദ്യം സോഡിയം ഹൈപ്പോക്ലോറേറ്റ് ഉപയോഗിച്ച് അണുവിമുക്തമാക്കും. തുടര്‍ന്ന് ബെല്‍റ്റിലൂടെ നീങ്ങുന്ന ബാഗേജുകള്‍ രണ്ട് ടണലുകളിലൂടെ കടന്നുപോകും. ഓരോ ടണലിനു മുമ്പിലും ബാഗിന്റെ ഓരോ വശത്തും അള്‍ട്രാവയലറ്റ് രശ്മികള്‍ പതിപ്പിക്കും. ഇത് ഓട്ടോമാറ്റിക് സംവിധാനമാണ്. (ഡിഫന്‍സ് റിസര്‍ച്ച് ഡവലപ്മെന്റ് ഓര്‍ഗനൈസേഷന്റെ എന്‍പിഒ ലാബ് വികസിപ്പിച്ചെടുത്ത അള്‍ട്രാവയലറ്റ് അണുനാശിനി ഉപകരണം സിയാലില്‍ സ്ഥാപിക്കുന്ന ജോലികള്‍ പുരോഗമിക്കുന്നു).ഇതിനുശേഷമാകും യാത്രക്കാര്‍ ബാഗുകളെടുക്കുന്ന കെറോസല്‍ ഭാഗത്തേയ്ക്ക് ഇവയെത്തുക.
കളമശ്ശേരി മെഡിക്കല്‍ കോളേജിന്റെ സഹായത്തോടെയാണ് എന്‍പിഒഎല്‍ ഈ സംവിധാനം വികസിപ്പിച്ചത്. ഓരോ ബാഗിലും വൈറസ് ഉണ്ടെങ്കില്‍ എത്ര അളവില്‍ അള്‍ട്രാവയലറ്റ് രശ്മി പതിപ്പിക്കണമെന്നതുമായി ബന്ധപ്പെട്ട പരീക്ഷണങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കി യിരുന്നു. വ്യാഴാഴ്ച രാവിലെയോടെ ഈ സംവിധാനം പ്രവര്‍ത്തനക്ഷമമാകും. വിമാനത്തിലെ യാത്രക്കാര്‍ക്ക് ഉപയോഗിക്കാനായി 500 ട്രോളികളാണ് സജ്ജമാക്കിയിട്ടുള്ളത്. യാത്രക്കാരുമായി നേരിട്ട് ബന്ധപ്പെടുന്ന ജീവിനക്കാര്‍ക്കായി പിപിഇ കിറ്റുകള്‍ ലഭ്യമാക്കി. എല്ലാ യാത്രക്കാര്‍ക്കും കയ്യുറകള്‍, ഭക്ഷണം, വെള്ളം എന്നിവയടങ്ങിയ പായ്ക്കറ്റ് സിയാല്‍ നല്‍കും.
വിമാനത്താവളത്തിലെ വിവിധ ഏജന്‍സികളുടെ ജീവനക്കാര്‍ക്ക് അകലം പാലിക്കലുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ ഇതിനകം നല്‍കിക്കഴിഞ്ഞു. സിന്തറ്റിക്, തുണി, ലെതര്‍ എന്നീ ആവരണമുള്ള ഫര്‍ണിച്ചറുകള്‍ മാറ്റി രണ്ടായിരത്തോളം പ്ലാസ്റ്റിക് കസേര താല്‍ക്കാലികമായി സ്ഥാപിച്ചു. ടെര്‍മിനലും ഉപകരണങ്ങളും മൂന്നുഘട്ടങ്ങളിലായി അണുനാശനം വരുത്തി. ഓരോ വിമാനങ്ങളും എത്തി ആളുകളെ പുറത്തെത്തിച്ചു കഴിഞ്ഞ ശേഷം ഈ പ്രക്രിയ ആവര്‍ത്തിക്കും.
ബാഗേജുമായി പുറത്തുവരുന്ന യാത്രക്കാരെ ജില്ലതിരിച്ചുള്ള പ്രത്യേക മേഖലയിലേയ്ക്ക് മാറ്റും. തുടര്‍ന്ന് പുറത്ത് ഒരുക്കിയിട്ടുള്ള ബസുകളില്‍ ഇവരെ എത്തിച്ച് സജ്ജമാക്കിയ ക്വാറന്റീന്‍ കേന്ദ്രങ്ങളിലെത്തിക്കും. രോഗലക്ഷണമില്ലാത്തവര്‍ക്ക് പ്രത്യേക ക്വാറന്റീന്‍ കേന്ദ്രങ്ങളാണ് ജില്ലാ ഭരണകൂടം ഒരുക്കിയിരിക്കുന്നത്.
https://www.facebook.com/Malayalivartha



























