എങ്കിലും എത്തിയല്ലോ... കാത്തിരിപ്പിനൊടുവില്‍ കൊതിച്ച നാട്ടിലെത്തി മലയാളികള്‍; ഇനി പരാതിയും പരിഭവങ്ങളുമായി അല്‍പനാള്‍ ക്വാറന്റൈനില്‍; അത് കഴിഞ്ഞ് വീട്ടിലാണെങ്കിലും അകന്ന് തന്നെ; നാടിന്റേയും കുടുംബത്തിന്റേയും നന്മയ്ക്കായി മാറി നില്‍ക്കാന്‍ തയ്യാര്‍

രണ്ട് മാസത്തെ കാത്തിരിപ്പിനൊടുവില്‍ നെടുമ്പാശ്ശേരിയിലേയും കരിപ്പൂരിലേയും വിമാനത്തവാളത്തില്‍ ആദ്യ രണ്ട് വിമാനം പറന്നിറങ്ങി. വിമാനത്താവളത്തില്‍ എത്തുന്നത് വരേയുള്ള ആശങ്കയകറ്റി തങ്ങള്‍ രോഗികളല്ലെന്ന പരിശോധന പൂര്‍ത്തിയാക്കി സ്വന്തം നാടിന്റെ സ്‌നേഹത്തിലേക്ക്. ഇനിയുള്ളത് നിരീക്ഷണ കാലയളവാണ്.
ദുബായ് അന്താരാഷ്ട്ര വിമാനത്തവാളത്തില്‍ നിന്ന് 189 പ്രവാസികളാണ് രാത്രി 10.30 ഓടെ കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയത്. ഇവരില്‍ 74 പേര്‍ കോഴിക്കോട് സ്വദേശികളാണ്. 52 പുരുഷന്മാരും 22 സ്ത്രീകളും ഉള്‍പ്പെടും. ദുബായ് വിമാനത്താവളത്തില്‍ അഞ്ച് മണിക്കൂര്‍ മുന്നെയെത്തിയ യാത്രക്കാരുടെ കോവിഡ് 19 റാപ്പിഡ് ടെസ്റ്റ് പൂര്‍ത്തിയാക്കിയ ശേഷമാണ് വിമാനത്തിലേക്ക് കയറിയത്. ആരുടേയും ഫലം പോസിറ്റീവായിട്ടുമില്ല.
രാത്രി 10.30 ന് വിമാനത്താവളത്തിലെത്തിയ പ്രവാസികളെ സ്വീകരിക്കാനായി വലിയ മുന്നൊരുക്കങ്ങള്‍ തന്നെ സംസ്ഥാന സര്‍ക്കാര്‍ പൂര്‍ത്തിയാക്കിയിരുന്നു. എയര്‍ഇന്ത്യാ എക്‌സ്പ്രസിന്റെ പ്രത്യേക വിമാനത്തില്‍ എത്തിയ ഇവരെ പുറത്തിറക്കിയ ശേഷം കര്‍ശനമായ ആരോഗ്യ പരിശോധനയ്ക്ക് വിധേയമാക്കിയ ശേഷമാണ് ക്വാറന്റൈന്‍ കേന്ദ്രങ്ങളിലേക്കും വീടുകളിലേക്കുമായി പോവാന്‍ അനുവദിച്ചത്. തെര്‍മല്‍ സ്‌കാനിങ്ങിന് ശേഷം, റാപ്പിഡ് ടെസ്റ്റും പൂര്‍ത്തിയാക്കി.
ഗര്‍ഭിണികള്‍, പത്ത് വയസിന് താഴെ പ്രായമുള്ള കുട്ടികള്‍, 75 വയസിന് മുകളില്‍ പ്രായമുള്ളവര്‍ എന്നിവരെ സ്വന്തം വീടുകളില്‍ പ്രത്യേക നിരീക്ഷണത്തിലേക്ക് അയച്ചു. ഇവരെ ആരോഗ്യവകുപ്പിന്റെ കര്‍ശനമായ നിരീക്ഷണത്തില്‍ തന്നെയാകും വീട്ടില്‍ തുടരാന്‍ അനുവദിക്കുക. ശേഷിക്കുന്നവരെ പ്രത്യേക നിരീക്ഷണാര്‍ത്ഥം ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ പ്രവാസികള്‍ക്കായി സജ്ജമാക്കിയ കോവിഡ് കെയര്‍ സെന്ററിലേക്ക് മാറ്റി. കെ.എസ്.ആര്‍.ടി.സി ബസുകളിലാണ് കോവിഡ് കെയര്‍ സെന്ററിലേക്ക് കൊണ്ടുപോയത്.
കരിപ്പൂരിലെത്തിയ കോഴിക്കോട് ജില്ലക്കാരില്‍ 9 ഗര്‍ഭിണികള്‍, പത്തു വയസിന് താഴെയുള്ള 5 കുട്ടികള്‍, അടിയന്തര ചികിത്സാര്‍ഥം എത്തുന്ന 26 പേര്‍, ഇവരിലുള്‍പ്പെടാത്ത 75 വയസിന് മുകളിലുള്ള 7 പേര്‍ എന്നിങ്ങനെയുണ്ട്. ഇവര്‍ക്കാണ് വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയാവുന്നത്.
വിവിധ ജില്ലകളില്‍ നിന്നുള്ള 85 പ്രവാസികള്‍ക്കാണ് വീടുകളില്‍ നിരീക്ഷണത്തിന് അനുമതിയുള്ളത്. അടിയന്തര ചികിത്സാര്‍ത്ഥം എത്തുന്നത് 51 പേരാണ്. കൂടാതെ 19 ഗര്‍ഭിണികള്‍, പത്തു വയസിന് താഴെയുള്ള ഏഴ് കുട്ടികള്‍, 75 വയസിന് മുകളിലുള്ള ആറ് പേര്‍,എന്നിങ്ങനെയാണ് സ്വയം നിരീക്ഷണത്തിന് വീടുകളിലേക്ക് പോകുന്നത്.
ഏഴ് ദിവസത്തെ നിരീക്ഷണത്തിന് ശേഷം കര്‍ശനമായ ആരോഗ്യ പരിശോധന നടത്തി പ്രത്യേക രോഗ ലക്ഷണങ്ങളൊന്നും ഇല്ലെന്ന് കണ്ടെത്തുന്നവരെ വീട്ടിലേക്ക് അയയ്ക്കും. പൂര്‍ണമായ സുരക്ഷ ഉറപ്പാക്കി ആരോഗ്യ വകുപ്പിന്റെ കര്‍ശന നിരീക്ഷണത്തിലാകും ഇവര്‍ വീടുകളില്‍ കഴിയുക.
https://www.facebook.com/Malayalivartha



























