ബത്തേരിയിൽ ആ നായ പ്രസന്നയുടെ സാരിയിൽ കടിച്ചു വലിച്ച് പുലിയെ കാണിച്ച് കൊടുത്തു; ഓടപ്പള്ളത്ത് കെണിയിൽ കുടുങ്ങിയ പുലിയെ കുടുക്കിയതു 2 തവണ മയക്കുവെടി വച്ചശേഷം

ഓടപ്പള്ളത്ത് കെണിയിൽ കുടുങ്ങിയ പുലിയെ കുടുക്കിയതു 2 തവണ മയക്കുവെടി വച്ചശേഷം. ആദ്യത്തെ കെണിയിൽനിന്നു രക്ഷപെട്ട പുലി പിന്നീട് പൊന്തക്കാടിനുള്ളിൽ നിന്നും രക്ഷപ്പെട്ടു തൊട്ടടുത്ത കാപ്പിത്തോട്ടത്തിലെത്തി നിലത്തിരുന്നു പോയി. കെണിയിൽ നിന്നും വനപാലകരുടെ വലയിൽ നിന്നും രക്ഷപ്പെടാനുള്ള ഏറെനേരത്തെ ശ്രമവും നല്ല വേഗത്തിലുള്ള ഓട്ടവും പുലിയെ അവശനാക്കിയിരുന്നു.
ഓടപ്പള്ളം പള്ളിപ്പടി കൊപ്പറമ്പിൽ ഏലിയാസിന്റെ ഭാര്യ പ്രസന്നയാണു വീട്ടുമുറ്റത്തോട് ചേർന്നു വേലിക്കരികെ പുള്ളിപ്പുലി കുടുങ്ങിക്കിടക്കുന്നത് ആദ്യം കണ്ടത്. അതിരാവിലെ സൊസൈറ്റിയിൽ നിന്നു പാലു വാങ്ങി തിരികെ വരുമ്പോൾ വീട്ടുമുറ്റത്തുണ്ടായിരുന്ന നായ ഉച്ചത്തിൽ കുരയ്ക്കുന്നുണ്ടായിരുന്നു.അൽപ സമയം വീണ്ടും ഉറങ്ങിയ പ്രസന്ന എട്ടരയോടെ മുറ്റത്തിറങ്ങിയപ്പോൾ നായ കുരച്ചു കൊണ്ട് സാരിയിൽ കടിച്ചു വലിച്ചു. നായ നടന്ന ഭാഗത്തേക്ക് നോക്കിയപ്പോഴാണ് അൽപം മാറി വേലിക്കരികെ പുലി കിടക്കുന്നത് കണ്ടതെന്നു പ്രസന്ന പറയുന്നു.
പുലി കുടുങ്ങിക്കിടന്ന അതേ വേലിയിൽ നിന്നു സമാന രീതിയിലുള്ള 6 കമ്പിക്കെണികൾ കൂടി കണ്ടെത്തി. ഓട്ടോറിക്ഷയുടെ ഗിയർ കേബിളായി ഉപയോഗിക്കുന്ന കമ്പിയാണു വളയമാക്കി വേലിയിൽ സ്ഥാപിച്ചിരുന്നത്. കൂടുതൽ കെണികളുണ്ടോയെന്നു വനപാലകർ പരിശോധിച്ചു വരികയാണ്. കാട്ടുപന്നി, മാൻ, മുയൽ എന്നിവയെ കുടുക്കാനാണ് ചിലർ ഇത്തരത്തിലുള്ള കെണികൾ സ്ഥാപിക്കുന്നത്.
പുലി കെണിയിൽ കുടുങ്ങിക്കിടക്കുന്നത് കാണുന്നത് ഇന്നലെ രാവിലെ എട്ടരയോടെയാണ്. അതിനും മുൻപു പുലർച്ചെയും നായ കുരച്ചിരുന്നതായി പുലി കിടന്ന സ്ഥലത്തെ വീട്ടുകാർ പറയുന്നു. പുലിയെ പിടികൂടാൻ ഡോക്ടറെത്തിയത് ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ്. നിലമ്പൂരിൽ ആയിരുന്ന അദ്ദേഹം വിവരമറിഞ്ഞതോടെ മറ്റെല്ലാം മാറ്റി വച്ചു എത്തുകയായിരുന്നു. ഡോ. അരുൺ സഖറിയ സ്ഥലത്തില്ലെങ്കിൽ പകരം ആളില്ലെന്നതാണ് വാസ്തവം. ആളുണ്ടായിരുന്നെങ്കിൽ രാവിലെ തന്നെ പിടികൂടി പുലിക്ക് ആവശ്യമെങ്കിൽ ചികിത്സ നൽകാമായിരുന്നു.
നിലത്തിരുന്ന പുലിയെ ഡോ. അരുൺ സക്കറിയ രണ്ടുതവണ മയക്കുവെടി വച്ചു. പുലിയുടെ ദേഹത്തു പ്രത്യക്ഷത്തിൽ പരുക്കൊന്നുമില്ലെന്നു ഡോക്ടർ പറഞ്ഞു. പന്നിക്കെണിയിലാണു പുലി വീണതെന്നും അദ്ദേഹം പറഞ്ഞു. രണ്ടാംതവണയും പുലി രക്ഷപെട്ടപ്പോൾ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തിയിരുന്നു. കോവിഡ് നിയന്ത്രണങ്ങൾ വകവയ്ക്കാതെയാണു കണ്ടെയ്ൻമെന്റ് സോണിനുള്ളിലും ജനം തടിച്ചുകൂടിയത്.
കെണിയിൽ കുടുങ്ങിയ പുലി രക്ഷപെട്ടത് ഓടപ്പള്ളം, തിരുനെല്ലി, മൂലങ്കാവ്, കരുവള്ളിക്കുന്ന് ഭാഗങ്ങളിലെല്ലാം ഭീതി പരത്തിയെങ്കിലും മയക്കുവെടിവച്ചതോടെ ആശങ്കയകന്നു. കൃഷിയിടത്തിലെ കമ്പിക്കുരുക്ക് ശരീരത്തിൽ മുറുകി കിടന്നതിനാൽ കൂടുതൽ സമയവും അതിർത്തിയിലെ ചാലിൽ കിടക്കുകയായിരുന്നു പുലി. ഇടയ്ക്ക് എഴുന്നേറ്റ് കുടുക്ക് പൊട്ടിക്കാനുള്ള ശ്രമങ്ങളും നടത്തി. വീട്ടുമുറ്റത്തു നിന്ന് 20 മീറ്റർ മാത്രം മാറിയാണു പുലി കിടന്നത്. പുലിയുടെ ഇടുപ്പിൽ പിൻകാലുകൾക്ക് മുകളിലായാണു കുരുക്ക് മുറുകിയിരുന്നതെന്നു കരുതുന്നു.
https://www.facebook.com/Malayalivartha

























