25 കാരിയായ അധ്യാപികയെ ശുചിമുറിയില് ബന്ദിയാക്കി കൊലപ്പെടുത്തി

ഹരിയാനയിലെ ഗുരുഗ്രാം സോഹ്നയിലെ താമസസ്ഥലത്ത് 25 കാരിയായ അധ്യാപികയെ ശുചിമുറിയില് ബന്ദിയാക്കി കൊലപ്പെടുത്തി. വീട്ടില് തനിച്ചായിരുന്ന നീതു എന്ന ഇരുപത്തിയഞ്ചുകാരിയെ അക്രമികള് ബന്ദിയാക്കി, കൈകള് കൂട്ടിക്കെട്ടി, മുഖത്തും വായയിലും ടേപ്പ് ഒട്ടിച്ച് ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയത്. കൊലപാതകത്തിനു ശേഷം വീട്ടിലെ അലമാരകളും പെട്ടികളും തകര്ത്ത അക്രമികള് വിലപിടിപ്പുള്ള വസ്തുക്കളും സ്വര്ണവും കവര്ന്ന് സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. പ്രതികളെ എത്രയും വേഗം പിടികൂടുന്നതിനായി പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള് ഊര്ജിതമായി പരിശോധിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു.
സ്വകാര്യ സ്കൂളിലെ അധ്യാപകനായ നീതുവിന്റെ ഭര്ത്താവ് പ്രശാന്ത്, ഉച്ചയ്ക്ക് രണ്ടു മണിയോടെ കുട്ടികളെ സ്കൂളില് നിന്ന് കൂട്ടിക്കൊണ്ട് വീട്ടില് തിരിച്ചെത്തിയപ്പോഴാണ് അതിക്രൂരമായ സംഭവം പുറത്തറിയുന്നത്. വീട്ടിലെ സാധനസാമഗ്രികള് എല്ലാം മുറിയില് വലിച്ചുവാരി ഇട്ടിരിക്കുന്നത് കണ്ട് പരിഭ്രാന്തനായ പ്രശാന്ത് അകത്തേക്ക് ഓടിക്കയറുകയായിരുന്നു. ശുചിമുറിയില് കൈകള് കെട്ടിയിട്ട നിലയിലായിരുന്നു മൃതദേഹം. ഉടന് നീതുവിനെ സോഹ്നയിലെ സ്വകാര്യ ആശുപത്രിയില് എത്തിച്ചെങ്കിലും മരണം സംഭവിച്ചതായി ഡോക്ടര്മാര് സ്ഥിരീകരിച്ചു.
വിവരമറിഞ്ഞയുടന് സോഹ്ന അസിസ്റ്റന്റ് കമ്മിഷണര് ഓഫ് പൊലീസ് മുകേഷ് യാദവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും ഫോറന്സിക് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. ഫോറന്സിക് സംഘം സംഭവസ്ഥലത്തുനിന്ന് നിര്ണായക തെളിവുകള് ശേഖരിച്ചിട്ടുണ്ട്. കൊല്ലപ്പെട്ട നീതുവിന്റെ കുടുംബത്തിന്റെ മൊഴിയുടെ അടിസ്ഥാനത്തില് തിരിച്ചറിയാത്ത അക്രമികള്ക്കെതിരെ പൊലീസ് കേസ് റജിസ്റ്റര് ചെയ്തു.
https://www.facebook.com/Malayalivartha


























