പാമ്പള ഡാമിന് സമീപം കത്തിക്കരിഞ്ഞനിലയില് മൃതദേഹം കണ്ടെത്തിയ സംഭവത്തില് കൂടുതല് വിവരങ്ങള് പുറത്ത്

പാമ്പള ഡാമിന് സമീപം കത്തിക്കരിഞ്ഞനിലയില് കണ്ടെത്തിയ മൃതദേഹം കാണാതായ 18കാരിയായ തമിഴ്നാട് ബോഡിനായ്ക്കന്നൂര് സ്വദേശിനി നിത്യയുടേത്. സംഭവത്തില് പെണ്കുട്ടിയുടെ ആണ്സുഹൃത്തായ വട്ടപ്പാറ സ്വദേശി നിഷാന്തിനെ (19) പൊലീസ് അറസ്റ്റ് ചെയ്തു.
നിത്യയും നിഷാന്തും ഏറെ നാളായി പ്രണയത്തിലായിരുന്നുവെന്നും ഇവര്ക്കിടയില് പ്രശ്നങ്ങളുണ്ടായിരുന്നുവെന്നും ബന്ധുക്കള് പറയുന്നു. ഒരു തവണ പെണ്കുട്ടി യുവാവിനൊപ്പം ഇറങ്ങിപ്പോയിരുന്നു. അന്ന് പ്രായപൂര്ത്തിയാകാത്തതിനാല് വീട്ടുകാര് ചേര്ന്ന് നിത്യയെ വീട്ടിലേയ്ക്ക് തിരികെ കൊണ്ടുവന്നിരുന്നു. ഇതിനുശേഷം ഇരുവരും തമ്മില് ബന്ധമൊന്നും ഇല്ലായിരുന്നുവെന്നാണ് ബന്ധുക്കള് പറയുന്നത്.
'നാല് ദിവസമായി കുട്ടിയെ കാണാതായിട്ട്. തേനി പൊലീസില് പരാതി നല്കിയിരുന്നു. പ്രതിയെക്കുറിച്ച് വിവരവും നല്കിയിരുന്നു. എന്നാല് പൊലീസിന്റെ ഭാഗത്തുനിന്ന് യാതൊരു നടപടിയും ഉണ്ടായില്ല. മഹാ, സന്തോഷ്, നിഷാന്ത് എന്നീ മൂന്നുപേരാണ് പ്രതികള്. നേരത്തെതന്നെ നിത്യയും നിഷാന്തും അടുപ്പത്തിലായിരുന്നു. എന്നാല് കുട്ടിക്ക് പ്രായപൂര്ത്തിയായിരുന്നില്ല. ഇതിനുമുന്പ് പെണ്കുട്ടി നിഷാന്തിനൊപ്പം പോയിരുന്നു. 18 വയസ് കഴിഞ്ഞ് കെട്ടിച്ചുതരാം, സന്തോഷമായി ജീവിച്ചാല് മതി എന്നുപറഞ്ഞ് വിളിച്ചുകൊണ്ട് വരികയായിരുന്നു' പെണ്കുട്ടിയുടെ ബന്ധുക്കള് പറഞ്ഞു.
കല്യാണം കഴിക്കണമെന്ന ആവശ്യവുമായി കഴിഞ്ഞ പതിനൊന്നാം തീയതി പെണ്കുട്ടിയെ യുവാവ് പൂപ്പാറയിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. നിഷാന്തിന്റെ ഓട്ടോറിക്ഷയിലിരുന്ന് സംസാരിക്കുന്നതിനിടെയില് ഇരുവരും തമ്മില് തര്ക്കമുണ്ടാവുകയും പ്രകോപിതനായ യുവാവ് പെണ്കുട്ടിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. മുഖത്ത് കല്ലുകൊണ്ടടിച്ച് മരണം ഉറപ്പാക്കിയെന്നും യുവാവ് പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. ശേഷം ഓട്ടോറിക്ഷയില് ഒളിപ്പിച്ചിരുന്ന മൃതദേഹം രാത്രിയോടെ പാമ്പള ഡാമിനരികിലെത്തിച്ച് പെട്രോള് ഒഴിച്ച് കത്തിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha



























