നിതിന്റെ വിയോഗം എങ്ങനെ ആതിരയെ അറിയിക്കുമെന്നറിയാതെ വിങ്ങി പൊട്ടി ബന്ധുക്കൾ; കോവിഡ് പരിശോധനാഫലം നെഗറ്റീവ് ആയതിനാല് മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള് ആരംഭിച്ചു; ദുബായിൽ മരിച്ച പ്രവാസി നിതിന്റെ മൃതദേഹം നാളെ വീട്ടിലെത്തിക്കും

ദുബായിൽ മരിച്ച പ്രവാസി നിതിന്റെ മൃതദേഹം നാളെ വീട്ടിലെത്തിക്കും. കോഴിക്കോട് പേരാമ്പ്ര മുയിപ്പോത്തെ വീട്ടിലാകും മൃതദേഹം എത്തിക്കുക. നിതിന്റെ കോവിഡ് പരിശോധനാഫലം നെഗറ്റീവ് ആയതിനാല് മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള് ആരംഭിച്ചിട്ടുണ്ട്.
യുഎഇയിലെ സാമൂഹ്യപ്രവര്ത്തകരാണ് ഇതിന് നേതൃത്വം നല്കുന്നത്. മൃതദേഹം നാട്ടിലെത്തുമ്പോള് നിതിന്റെ വിയോഗം എങ്ങനെ ആതിരയെ അറിയിക്കുമെന്നറിയാതെ വിങ്ങുകയാണ് ഒരു നാടൊന്നാകെ. പ്രിയതമന്റെ വേര്പാടറിയാതെ ആതിര ഇന്ന് ഒരു പെണ്കുഞ്ഞിന് ജന്മം നല്കി. വിദേശത്ത് കുടുങ്ങിയ ഗര്ഭിണികളെ നാട്ടിലെത്തിക്കാന് നിയമപോരാട്ടം നടത്തിയത് ഗര്ഭിണിയായ ആതിരയും ഭര്ത്താവ് നിതിന് ചന്ദ്രനുമായിരുന്നു.
അന്ന് ആതിരയോടൊപ്പം നാട്ടിലെത്താൻ ഭര്ത്താവ് നിതിനും ടിക്കറ്റ് ലഭിച്ചിരുന്നു. പക്ഷെ നിതിന്റെ നല്ല മനസ് തന്നേക്കാള് ആത്യാവശ്യമായി നാട്ടിലെത്തേണ്ട ഒരാള്ക്കായി ആ ടിക്കറ്റ് നല്കി. പ്രസവ സമയത്ത് നാട്ടിലെത്താമെന്നായിരുന്നു നിതിന് ആതിരക്ക് നല്കിയ വാക്ക്.
എന്നാല് കഴിഞ്ഞ ദിവസം ഉറങ്ങിയ നിതിന് പിന്നെ ഉണർന്നിട്ടില്ല. ഇതൊന്നും ആതിരയെ അറിയിച്ചിട്ടില്ല. പ്രസവത്തിനു മുന്പുള്ള പരിശോധനയെന്ന പേരില് ബന്ധുക്കള് ആതിരയെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
കുഞ്ഞിന്റെ മുഖം കാണാൻ കാത്തുനിൽക്കാതെ നിതിൻ യാത്രയായ വിവരം ആതിര ഇതുവരെ അറിഞ്ഞിട്ടില്ല. ആദ്യകുഞ്ഞിന്റെ പിറവി ജൻമനാട്ടിലാവണമെന്ന സ്വപ്നത്തിനൊപ്പം നിന്ന ഭർത്താവിന്റെ വിയോഗവാർത്ത, ഒൻപതു മാസം ഗർഭിണിയായ ആതിരയെ എങ്ങനെ അറിയിക്കുമെന്നു ബന്ധുക്കൾക്കറിയില്ല. ഇന്നലെ ദുബായില് അന്തരിച്ച പേരാമ്പ്ര മുയിപ്പോത്ത് സ്വദേശി നിതിൻ ചന്ദ്രന്റെ ഭാര്യയാണു പേരാമ്പ്ര കൽപ്പത്തൂർ സ്വദേശിയായ ജി.എസ്.ആതിര.
ഭർത്താവിന്റെ കൂടെ ദുബായിലായിരുന്ന ആതിര കഴിഞ്ഞ മാസമാണു നാട്ടിലെത്തിയത്. ലോക്ഡൗണിൽ വിദേശത്തു കുടുങ്ങിയ ഗർഭിണികളെ നാട്ടിലെത്തിക്കണമെന്നാവശ്യപ്പെട്ടു സുപ്രീം കോടതിയെ സമീപിച്ചു യാത്രാനുമതി നേടുകയായിരുന്നു. ആദ്യവിമാനത്തിൽ തന്നെ ആതിരയ്ക്ക് ഇടം കിട്ടുകയും ചെയ്തു. ഭാര്യയ്ക്കൊപ്പം വരാമായിരുന്നുവെങ്കിലും, അത്യാവശ്യമായി നാട്ടിലെത്തേണ്ട മറ്റൊരാളുടെ അവസരം നഷ്ടപ്പെടുത്തേണ്ടെന്നു കരുതി നിതിൻ വന്നില്ല.
https://www.facebook.com/Malayalivartha



























