മുഖ്യമന്ത്രിയുടെ പത്രസമ്മേളനത്തിൽ മാറ്റം;പ്രഖ്യാപനങ്ങള്ക്കായി മാത്രം ഇനി മുഖ്യമന്ത്രിയുടെ പത്രസമ്മേളനം

മുഖ്യമന്ത്രി പിണറായി വിജയന്റെ വൈകുന്നേരത്തെ പത്രസമ്മേളനത്തിൽ മാറ്റം. കോവിഡുമായി ബന്ധപ്പെട്ടു കാര്യമായ പ്രഖ്യാപനങ്ങള് ഉള്ള ദിവസങ്ങളില് മാത്രമാകും ഇനി മുതല് മുഖ്യമന്ത്രി പിണറായി വിജയന് മാധ്യമങ്ങളെ കാണുക. കോവിഡ് രോഗികളുടെ എണ്ണം വ്യാപിക്കുന്ന സാഹചര്യത്തില് ഇതു പറയാനായി മാധ്യമങ്ങളെ മുഖ്യമന്ത്രി കാണേണ്ടതില്ലെന്നാണു നിലപാട്.
കോവിഡ് വ്യാപനമുണ്ടായ ശേഷം കഴിഞ്ഞ രണ്ടര മാസമായി മിക്ക ദിവസങ്ങളിലും മുഖ്യമന്ത്രി മാധ്യമങ്ങളെ കാണുന്നതു പതിവായിരുന്നു. പതിവ് മന്ത്രിസഭായോഗം ബുധനാഴ്ച നടക്കുന്ന സാഹചര്യത്തില് വൈകുന്നേരം പത്രസമ്മേളനത്തിന് സാധ്യതയുണ്ട്. കോവിഡ് ഭീതി ഏതാണ്ട് നിയന്ത്രണവിധേയമായ ഘട്ടത്തില് മുഖ്യമന്ത്രി പതിവു പത്രസമ്മേളനം ഉപേക്ഷിക്കാന് തീരുമാനിച്ചതാണെങ്കിലും പ്രതിപക്ഷമുള്പ്പെടെ വിമ൪ശനവുമായി രംഗത്തെത്തിയതോടെ തീരുമാനം പിന്വലിച്ചു. സ്പ്രിംഗള൪ ഡേറ്റ ശേഖരണ വിവാദം കത്തിനില്ക്കുന്ന സന്ദര്ഭമായതിനാല്, മുഖ്യമന്ത്രി ചോദ്യങ്ങളില് നിന്ന് ഒളിച്ചോടുന്നുവെന്നാണ് അന്നു പ്രതിപക്ഷം ആരോപിച്ചത്. പത്രസമ്മേളനം പതിവായി ശ്രദ്ധിക്കുന്നവരുടെ അഭ്യര്ഥന കൂടി മാനിച്ചാണ് നടപടിയെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു.
പ്രവാസികളുടെ വരവ് കൂടിയതോടെ കോവിഡ് വ്യാപനത്തോതും സംസ്ഥാനത്ത് കൂടി വരികയാണ്. രോഗനിയന്ത്രണത്തിന്റെ ഭാഗമായി സര്ക്കാര് ചെയ്യാവുന്നതെല്ലാം ഇതിനകം ചെയ്തുകഴിഞ്ഞതും പുതിയതായി പ്രഖ്യാപിക്കാന് മാത്രമുള്ള തീരുമാനങ്ങളില്ലാത്തതും മുഖ്യമന്ത്രിയുടെ പുതിയ തീരുമാനത്തിനു പിന്നിലുണ്ട്. ജൂലൈ പകുതി വരെ രോഗവ്യാപനത്തോത് ഉയരുമെന്നാണു സര്ക്കാര് മുൻകൂട്ടുന്നത്.
https://www.facebook.com/Malayalivartha



























