കാത്ത് കാത്തിരുന്ന് കണ്ണനെ വീണ്ടും കണ്ടപ്പോള്... സാമൂഹിക അകലം കണ്ണന്റെ മുമ്പിലും നിര്ബന്ധം; ഗുരുവായൂരില് ദര്ശനം വാതില് മാടത്തില് മാത്രം; അകലം പാലിക്കാന് കൃത്യമായ അളവുകളില് വൃത്തം വരച്ചിട്ടുണ്ട്; നാലമ്പലത്തിലേക്കുള്ള പ്രവേശനമില്ല

വളരെ നാളുകള്ക്ക് ശേഷമുള്ള ഗുരുവായൂര് ദര്ശനം ഭക്തര്ക്ക് ഒരനുഭവമായിരുന്നു. കോവിഡ് 19ന്റെ പശ്ചാത്തലത്തില് സാമൂഹിക അകലം പാലിക്കാന് കര്ശന നിര്ദ്ദേശമുള്ള വേളയിലാണ് ഗൂരുവായൂര് തീര്ത്ഥാടനം കൂടി ഇന്ന് തുടങ്ങിയത്. അകലം പാലിക്കാന് കൃത്യമായ അളവുകളില് വൃത്തം വരച്ചിട്ടുണ്ട്. ഇതിലൂടെയാണ് ഭക്തര് സഞ്ചരിക്കുകയെന്നതിനാല് അകലം ഉറപ്പ്. അകന്നകന്ന് നടന്ന് ഒടുവില് നാലമ്പലത്തിനു മുന്നിലെത്തിയാല് അവിടെ നില്ക്കേണ്ടി വരും. പിന്നെ പ്രവേശനാനുമതിയില്ല. ദേവനെ അകലെ നിന്നു മാത്രം ഒരു നോക്കു കാണാം. ഗുരുവായൂരപ്പ ദര്ശനം ചുറ്റമ്പലത്തില്വച്ചു മാത്രം. നാലമ്പലത്തിലേക്കുള്ള പ്രവേശനമില്ല. മനുഷ്യര് തമ്മിലുള്ള അകലം 2 മീറ്ററിനടുത്താണെങ്കില് ദേവനുമായുള്ള അകലം അതിന്റെ പത്തിരട്ടിയുണ്ടാകും. ഇക്കാലത്തെ ദര്ശനം വാതില് മാടത്തില് നിന്നു മാത്രമാണെന്നതാണ് പ്രധാന പ്രത്യേകത. അങ്ങിനെയും കാണാന് ഓണ്ലൈന് അപേക്ഷ നല്കി കാത്തിരിക്കുന്നവര് തെല്ലെന്നുമല്ല താനും.
ഇതിനു പുറമെ കോവിഡ് കാലത്തെ ദര്ശനത്തിന് നിരവധി പ്രത്യേകതകള് വേറെയുമുണ്ട്. അകലം പാലിക്കാന് കര്ശന ജാഗ്രത പുലര്ത്തണമെന്നതിനാല് കണക്കു പിഴക്കാതിരിക്കാനുള്ള കര്ശന നിരീക്ഷണത്തിലാണ് ദേവസ്വം. ഇതിനായി കൗസ്തുഭം മുതല് ചുറ്റമ്പലം മുഴുവനായും പ്രത്യേകം വൃത്തം വരച്ചിരിക്കുന്നു. ഇതിലൂടെ വേണം ഭക്തരുടെ സഞ്ചാരം. പ്രദക്ഷിണവും ഈ വൃത്തത്തിനുള്ളിലൂടെ മാത്രം. 2 മീറ്റര് അകലത്തിലാണ് വൃത്തങ്ങള്. മുന്നിലുള്ള ഭകതന് വൃത്തത്തില് നിന്നു പുറത്തു കടന്നാല് മാത്രമേ പിന്നിരക്കാരന് പാദം മുന്നോട്ടുവയ്ക്കാനാകൂ. കണക്കു പിഴക്കാതിരിക്കാന് ഭക്തനും ശ്രദ്ധിക്കണം. ശ്രദ്ധ പിഴക്കുന്നുവോ എന്നു നിരീക്ഷിക്കാന് സംഘം വേറെയുണ്ട്. നിര്ദ്ദേശങ്ങള് നല്കാനും അതു പാലിക്കുന്നുണ്ടോയെന്ന് വിലയിരുത്താനും 'പ്രത്യേകം സംഘങ്ങളെ നിയോഗിച്ചു കഴിഞ്ഞു
തെര്മല് സ്ക്കാനര് വഴി പരിശോധിക്കാന് വൈദ്യസംഘവും മൊബൈല് ബാഗ് മറ്റു വസ്തുക്കള് എന്നിവ പ്രവേശിപ്പിക്കാതിരിക്കാന് പോലിസ് സംഘത്തിന്റെ പരിശോധനയുണ്ടാകും. നീണ്ട ഇടവേളക്ക് ശേഷമാണ് ക്ഷേത്രസന്നിധിയില് ഭകതരെത്തുന്നതെന്നതിനാല് അവരെ വരവേല്ക്കാന് നഗരി സജ്ജമായിക്കഴിഞ്ഞിരുന്നു.
https://www.facebook.com/Malayalivartha



























