സർക്കാരിന് തിരിച്ചടി; സ്വകാര്യ ബസ്സുകള്ക്ക് അധിക നിരക്ക് ഈടാക്കാമെന്ന് കേരള ഹൈക്കോടതി

സ്വകാര്യ ബസ്സുകള്ക്ക് അധിക നിരക്ക് ഈടാക്കാമെന്ന് കേരള ഹൈക്കോടതി നിർദ്ദേശം.. കൂട്ടിയ ബസ് ചാര്ജ് കുറച്ച സര്ക്കാര് നടപടി ഹൈക്കോടതി രണ്ടാഴ്ചത്തേക്ക് സ്റ്റേ ചെയ്തു. സ്വകാര്യ ബസുടമകള് നല്കിയ ഹര്ജിയിലാണ് കോടതിയുടെ നടപടി. ഹൈക്കോടതി ഇടപെടലിന്റെ സാഹചര്യത്തില് സ്വകാര്യ ബസ്സുകള്ക്കും കെ.എസ്.ആര്.ടി.സി ബസുകള്ക്കും അധിക നിരക്ക് തത്കാലത്തേക്ക് ഈടാക്കാന് സാധിക്കും.
ലോക്ക്ഡൗണ് കാലാവധി അവസാനിക്കുന്നത് വരെ ബസുടമകള്ക്ക് കൂടിയ നിരക്ക് ഈടാക്കുകയും ചെയ്യാം. എന്നാല് സംസ്ഥാന സര്ക്കാര് ഉത്തരവ് കോടതി റദ്ദാക്കിയിട്ടില്ല. ഉത്തരവിന് താല്ക്കാലിക സ്റ്റേ മാത്രമാണ് കോടതി നല്കിയത്. കോടതി ഉത്തരവ് സ്വാഗതം ചെയ്യുന്നതായും അടുത്ത ദിവസം മുതല് സര്വീസ് നടത്തുമെന്നും സ്വകാര്യ ബസ് ഉടമകള് അറിയിച്ചിട്ടുണ്ട്.
അതേസമയം സാമൂഹിക അകലം പാലിച്ചുകൊണ്ടുതന്നെ ബസ്സില് യാത്രക്കാരെ കൊണ്ടുപോവണമെന്ന് കോടതി നിര്ദേശിച്ചിട്ടുണ്ട്. ബസ് ടിക്കറ്റ് നിരക്ക് സംബന്ധിച്ച പുതിയ റിപ്പോര്ട്ട് നാലാഴ്ചയ്ക്കകം ജസ്റ്റിസ് രാമചന്ദ്രന് കമ്മിറ്റി സമര്പ്പിക്കണമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.
ലോക്ക്ഡൗണ്/കൊവിഡ് സാഹചര്യത്തില് വന് സാമ്ബത്തിക നഷ്ടം നേരിടുന്നുവെന്ന് കാണിച്ചാണ് കേരള പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫോറം ഹൈക്കോടതിയെ സമീപിച്ചത്. എല്ലാ യാത്രക്കാര്ക്കും അനുമതി നല്കിയ സാഹചര്യത്തില് ബസ് ചാര്ജ് കൂട്ടേണ്ട സാഹചര്യമില്ലെന്നും ഉത്തരവിന്റെ വിശദാംശങ്ങള് അറിഞ്ഞതിനുശേഷം കൂടുതല് പ്രതികരിക്കുമെന്നും ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന് പറഞ്ഞു.
https://www.facebook.com/Malayalivartha



























