ലോക്ഡൗണ് കാലയളവില് പ്രവര്ത്തിക്കാതിരുന്ന ഡിടിപി സെന്ററിന്റെ വൈദ്യുതി ബില് കണ്ട് ഉപഭോക്താവ് ഞെട്ടി!

ലോക്ഡൗണ് കാലയളവില് ഉപഭോക്താക്കള്ക്കു ലഭിച്ച വൈദ്യുതി ബില്ലിനെക്കുറിച്ച് അധികൃതര്ക്കു ഇപ്പോഴും മിണ്ടാട്ടമില്ല. പലരും പരാതി പറഞ്ഞു മടുത്തു. 2 ബള്ബും 2 ഫാനും മാത്രം ഉപയോഗിച്ച വീട്ടുകാര്ക്കു പോലും ലഭിച്ചത് ജീവിതത്തില് ഇതു വരെ ലഭിച്ചിട്ടില്ലാത്ത ഭീമമായ തുകയാണ്.
ലോക്ഡൗണില് റീഡിങ് വൈകിയതും വീട്ടിലിരിക്കുന്നവര് കൂടുതല് വൈദ്യുതി ഉപയോഗിച്ചതും ഇതോടെ താരിഫില് വന്ന മാറ്റവുമാണ് ഇതിനു കാരണമായി അധികൃതര് പറയുന്നത്. വ്യാപാര സ്ഥാപനങ്ങളും ഫാക്ടറികളും അടക്കം വലിയ വൈദ്യുതി ഉപയോഗമുള്ള സ്ഥാപനങ്ങളും ലോക്ഡൗണില് നിര്ത്തിയിട്ടതോടെ ലൈന് വോള്ട്ടേജ് കൂടിയിരുന്നു. ഇതും റീഡിങ്ങില് വ്യത്യാസം വരുന്നതിനു കാരണമായതായി വിദഗ്ധര് പറയുന്നു.
കോവിഡ് കാലത്തെ പ്രത്യേക സാഹചര്യം വിലയിരുത്തി താരിഫ് സമ്പ്രദായം മാറ്റി വൈദ്യുതി ബില് പുനഃക്രമീകരിക്കണം എന്നും ലോക്ഡൗണില് അടഞ്ഞു കിടന്ന വ്യാപാര സ്ഥാപനങ്ങള്ക്കു ഫിക്സഡ് ചാര്ജ് കുറച്ചു നല്കണമെന്നുമുള്ള ആവശ്യം ശക്തമാവുകയാണ്.
തൊടുപുഴ ഞറുക്കുറ്റി അണ്ണായിക്കണ്ണം കാവുങ്കല് പത്മ വിജയന് മുന്പ് വന്നിരുന്ന ബില് ശരാശരി 650/750 രൂപയാണ്. എന്നാല് കഴിഞ്ഞ ദിവസം കിട്ടിയ വൈദ്യുതി ബില്ലില് അടയ്ക്കേണ്ട തുക 4629 രൂപ. അണ്ണായിക്കണ്ണത്ത് വാടകയ്ക്കു താമസിച്ചു വരികയായിരുന്നു ഇവര്. 3,000 രൂപയാണ് വീട്ടുവാടക. ഫ്രിജ്, വാഷിങ് മെഷീന്, ടിവി, 2 ഫാന്, 5 എല്ഇഡി ബള്ബുകള്, മോട്ടര് എന്നിവയാണ് വീട്ടിലുള്ളത്. ലോക്ഡൗണ് ആയിരുന്നിട്ടും പകല് സമയം കാര്യമായ വൈദ്യുതി ഉപയോഗം ഇല്ലായിരുന്നു. എന്തായാലും ഇത്രയും തുക ഇപ്പോള് അടയ്ക്കാന് നിര്വാഹമില്ലെന്നു പത്മ പറയുന്നു.
കട്ടപ്പനയിലെ കര്ഷകനായ കാഞ്ചിയാര് മറ്റമുണ്ടയില് സെബാസ്റ്റ്യന് മാത്യുവിനു മുന് മാസങ്ങളില് ലഭിച്ചിരുന്നത് ശരാശരി 650 മുതല് 800 രൂപ വരെയുള്ള വൈദ്യുതി ബില്ലാണ്. എന്നാല് ലോക്ഡൗണ് കാലയളവില് സ്ഥിതി മാറിമറിഞ്ഞു. ഉപയോഗത്തില് കാര്യമായ മാറ്റം വരാതിരുന്നിട്ടും മേയ് മാസം ലഭിച്ചത് 1823 രൂപയുടെ ബില്ലാണ്.അടിമാലി നീര്ണാംതൊട്ടിയില് വിമലാ സിറ്റിയിലെ ബേബിക്ക് 450 മുതല് 500 രൂപ വരെയായിരുന്നു ബില് ലഭിച്ചിരുന്നത്. എന്നാല് ഇക്കുറി ലഭിച്ചിരിക്കുന്നത് 1466 രൂപ. ഇതില് 510 രൂപ കുടിശികയായി രേഖപ്പെടുത്തിയിരിക്കുന്നു. ശേഷിക്കുന്ന 956 രൂപയാണ് 2 മാസത്തെ ബില് തുകയെന്ന് അധികൃതരുടെ പക്ഷം. ഇങ്ങനെ ആണെങ്കില് തന്നെ മുന്പു ലഭിച്ചിരുന്ന ബില് തുകയെക്കാള് ഇരട്ടിയോളം വരും ഇത്.
40 ദിവസത്തെ ലോക്ഡൗണ് സമയത്തെ ബില് തുക എന്നറിയിച്ചുകൊണ്ട് ചെറുതോണി മുരിക്കാശേരിയില് ഇടയാലില് കൊച്ചുറാണിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തില് പ്രവര്ത്തിക്കുന്ന സരിഗ ഡിടിപി സെന്റര് എന്ന സ്ഥാപനത്തിനു കഴിഞ്ഞ മാസം ലഭിച്ച വൈദ്യുതി ബില് തുക 6558 രൂപയാണ്. ശരാശരി 1900 രൂപയാണ് വൈദ്യുതി ബില് ലഭിച്ചിരുന്നത്.
ബില്ലില് പ്രീവിയസ് റീഡിങ് എടുത്ത തീയതിയായി കാണിച്ചിരിക്കുന്നത് മാര്ച്ച് 31 ആണ്. എന്നാല് മാര്ച്ച് 24 മുതല് 40 ദിവസം ഒരിക്കല് പോലും ഡിടിപി സെന്റര് തുറന്നിരുന്നില്ല. മുരിക്കാശേരിയിലെ എല്ലാ വ്യാപാരികള്ക്കും ഈ രീതിയില് തന്നെയാണ് ബില് ലഭിച്ചിരിക്കുന്നത്. ഒരാള് പോലും പുറത്തിറങ്ങാതെ ഇരുന്ന ഈ ദിവസങ്ങളില് എങ്ങനെ മീറ്റര് റീഡിങ് എടുത്തു എന്ന ചോദ്യത്തിനു കെഎസ്ഇബി അധികൃതര്ക്ക് മറുപടി ഇല്ലെന്ന് വ്യാപാരികള്.
https://www.facebook.com/Malayalivartha



























