സപ്ലൈകോ പ്രവര്‍ത്തനസമയം കുറച്ചു; ജീവനക്കാര്‍ക്ക് ജോലിഭാരം കൂട്ടി

സിവില്‍ സപ്ലൈസ് കോര്‍പറേഷനു കീഴിലുള്ള മാവേലി സ്‌റ്റോറുകളുടെയും മറ്റു ചില്ലറ വില്‍പനശാലകളുടെയും പ്രവര്‍ത്തന സമയം വെട്ടിക്കുറയ്ക്കാനും ജീവനക്കാരുടെ ജോലി സമയം കൂട്ടാനും ഉത്തരവ്. ജനങ്ങളെയും ജീവനക്കാരെയും ദോഷകരമായി ബാധിക്കുന്ന സര്‍ക്കാര്‍ ഉത്തരവ് ഏപ്രില്‍ ഒന്നിനു നിലവില്‍ വന്നു.
രാവിലെ 9.30 മുതല്‍ രാത്രി 7.30 വരെ പ്രവര്‍ത്തിച്ചിരുന്ന മാവേലി സ്‌റ്റോറുകള്‍ ഇനി രാവിലെ 9.30 മുതല്‍ വൈകീട്ട് 6.30 വരെ പ്രവര്‍ത്തിപ്പിച്ചാല്‍ മതിയെന്നാണ് പുതിയ നിര്‍ദേശം. ഹൈപ്പര്‍മാര്‍ക്കറ്റ്, സൂപ്പര്‍മാര്‍ക്കറ്റ്, പീപ്പിള്‍സ് ബസാര്‍ എന്നിവയുടെ പ്രവര്‍ത്തന സമയവും വെട്ടിക്കുറച്ചു. ഇത്തരം വില്‍പന ശാലകള്‍ ഇനി മുതല്‍ രാവിലെ 10 മുതല്‍ രാത്രി 7.30 വരെയേ പ്രവര്‍ത്തിക്കുകയുള്ളു. മുമ്പ് രാത്രി എട്ടുമണിവരെയായിരുന്നു പ്രവര്‍ത്തന സമയം. അതേ സമയം സൂപ്പര്‍ മാര്‍ക്കറ്റുകള്‍ എല്ലാ മാസവും ഒന്നാമത്തെയും മൂന്നാമത്തെയും അഞ്ചാമത്തെയും ഞായറാഴ്ചകളില്‍ പ്രവര്‍ത്തിപ്പിക്കണമെന്നു നിര്‍ദേശിച്ചിട്ടുണ്ട്. ജനങ്ങള്‍ സബ്‌സിഡി സാധനങ്ങള്‍ മാത്രം വാങ്ങാനായി മാവേലി സ്‌റ്റോറുകളില്‍ എത്തുന്നത് സര്‍ക്കാരിനു നഷ്ടമുണ്ടാകുന്നുവെന്നാണ് സപ്ലൈകോയുടെ നിലപാട്. ഈ സാഹചര്യത്തില്‍ നഷ്ടം കുറയ്ക്കാനുള്ള നീക്കങ്ങളുടെ ഭാഗമായാണു പ്രവര്‍ത്തന സമയം വെട്ടിക്കുറച്ചതെന്ന ആക്ഷേപമുണ്ട്.
കഴിഞ്ഞമാസം വരെ മാവേലി സ്‌റ്റോറുകള്‍ രാവിലെ 9.30 മുതല്‍ ഉച്ചക്ക് 12.30 വരെയാണു പ്രവര്‍ത്തിച്ചിരുന്നത്. ഉച്ചകഴിഞ്ഞ് 3.30 മുതല്‍ രാത്രി 7.30 വരെയും. പുതുക്കിയ സമയം രാവിലെ 9.30 മുതല്‍ ഉച്ചക്ക് ഒരു മണിവരെയും ഉച്ചകഴിഞ്ഞ് 2.30 മുതല്‍ 6.30വരെയുമാണ്. പ്രവര്‍ത്തന സമയം വെട്ടിക്കുറച്ചതിന്റെ മറവില്‍ ജീവനക്കാരുടെ ജോലി സമയം അരമണിക്കൂര്‍ കൂട്ടി. ഓരോ മാസവും മൂന്ന് ഞായറാഴ്ചകളില്‍ സൂപ്പര്‍ മാര്‍ക്കറ്റുകള്‍ പ്രവര്‍ത്തിപ്പിക്കുമ്പോള്‍ അടുത്ത വരുന്ന ആഴ്ചയില്‍ ഒരു ദിവസം ജീവനക്കാര്‍ക്ക് പകരം അവധി എടുക്കാമെന്ന് ഉത്തരവില്‍ പറയുന്നു. എന്നാല്‍ മതിയായ ജീവനക്കാരില്ലാത്ത സാഹചര്യത്തില്‍ ഈ തീരുമാനം പ്രായോഗികമല്ലെന്നു ചൂണ്ടിക്കാട്ടുന്നു.
https://www.facebook.com/Malayalivartha