ദേവസ്വം ബോര്ഡിലെ കോടികള് സ്വാഹ; ഉദ്യോഗസ്ഥരുടെ അനാസ്ഥയില് തിരുവിതാംകൂര് ദേവസ്വം ബോര്ഡിന് കോടി കണക്കിന് രൂപ നഷ്ടമായതായി ഓഡിറ്റ് റിപ്പോര്ട്ട്

ഉദ്യോഗസ്ഥരുടെ അനാസ്ഥയില് തിരുവിതാംകൂര് ദേവസ്വം ബോര്ഡിന് കോടി കണക്കിന് രൂപ നഷ്ടമായതായി ഓഡിറ്റ് റിപ്പോര്ട്ട്. 2018ല് സമര്പ്പിച്ച എസ്റ്റേറ്റ് വിഭാഗം ഇടക്കാല ഓഡിറ്റ് റിപ്പോര്ട്ടിന് മേല് ദേവസ്വം ബോര്ഡ് യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. മാത്രമല്ല ഓഡിറ്റ് പൂര്ത്തിയാക്കുന്നതിന്റെ ഭാഗമായി പരിശോധനകള്ക്ക് ആവശ്യമായ ഫയലുകള് ഉദ്യോഗസ്ഥര് വിട്ടു നല്കുന്നില്ലെന്നും ഇടക്കാല റിപ്പോര്ട്ടില് വ്യക്തമാക്കുന്നു.
2013-14 കാലയളവ് മുതല് 2016-17 വരെയുള്ള സമയങ്ങളില് 84 ദേവസ്വങ്ങളോടനുബന്ധിച്ചുള്ള സദ്യാലയങ്ങള്, ഓഡിറ്റോറിയങ്ങള് എന്നിവക്കായി 5,330 ഡൈനിംഗ് ടേബിളുകളും 21,620 കസേരകളും വാങ്ങി നല്കിയ ഇനത്തില് 4 കോടി 73 ലക്ഷം രൂപ തിരുവിതാംകൂര് ദേവസ്വം ബോര്ഡ് ചെലവിട്ടു. ഇതിന് പുറമേ സദ്യാലയങ്ങളുടെയും ഓഡിറ്റോയിങ്ങളുടെയും ഭൗതിക വികസനം, പരിപാലനം എന്നീ വകയില് 5 കോടി 47 ലക്ഷം രൂപയും വിനിയോഗിച്ചു. മൊത്തം 10 കോടി 20 ലക്ഷം രൂപ ഓഡിറ്റോറിയങ്ങള്ക്കും സദ്യാലയങ്ങള്ക്കുമായി വിനയോഗിച്ചപ്പോള് ഈ വികസനങ്ങളിലൂടെ എത്ര വരുമാന വര്ധനവ് വാടകയിനത്തില് ആര്ജ്ജിക്കാന് കഴിഞ്ഞു എന്നത് പരിശോധിക്കാന് യാതൊരു രേഖയും ദേവസ്വം ബോര്ഡിന്റെ പക്കലില്ല.
മാത്രമല്ല സദ്യാലയങ്ങള്ക്കും ഓഡിറ്റോറിയങ്ങള്ക്കും ആവശ്യമായ ഫര്ണിച്ചറുകള് വാങ്ങിയപ്പോള് ഒറ്റ ടെണ്ടര് ക്ഷണിക്കാതെ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ സാമ്പത്തിക അധികാര പരിധിയിലൊതുക്കി ഒരോ ദേവസ്വത്തിനും പ്രത്യക ടെണ്ടര് ക്ഷണിക്കുകയായിരുന്നു. ഇത് മൂലം മെച്ചപ്പെട്ട തുകയില് ഫര്ണിച്ചറുകള് ലഭിക്കുന്നതിനുള്ള അവസരം നഷ്ടമായതായി ഇടക്കാല ഓഡിറ്റ് റിപ്പോര്ട്ടില് പരാമര്ശിക്കുന്നു. ഇതിന് പുറമേ ദേവസ്വത്തില് ചുറ്റുമതില് നിര്മ്മിക്കുന്നതിന് ഒരോ വശത്തിനും പ്രത്യേകം എസ്റ്റിമേറ്റ് തയ്യാറാക്കി പ്രത്യേകം ടെണ്ടര് ക്ഷണിച്ചതായും ഓഡിറ്റില് ബോധ്യമായി. നാലു വശത്തിനുമായ ഒറ്റ എസ്റ്റിമേറ്റ് തയ്യാറാക്കി ടെണ്ടര് ക്ഷണിച്ചിരുന്നു എങ്കില് കുറഞ്ഞ തുകയില് നിര്മാണ പ്രവര്ത്തികള് ചെയ്യാന് സാധിച്ചേനെ.
ഒന്നിച്ച് എസ്റ്റിമേറ്റ് തയ്യാറാക്കി ടെണ്ടറുകള് ക്ഷണിക്കാത്തതിനാല് ദേവസ്വത്തിന് കാര്യമായ നഷ്ടം സംഭവിച്ചതായും റിപ്പോര്ട്ടില് ചൂണ്ടികാണിക്കുന്നു. ഇതിനെല്ലാം പുറമേ 18 മാസം കൊണ്ട് പൂര്ത്തിയാക്കേണ്ട കടുത്തുരുത്തി ദേവസ്വം ഷോപ്പിംഗ് കോംപ്ലക്സിന്റെ നിര്മ്മാണം 5 വര്ഷം പിന്നിട്ടിട്ടും പൂര്ത്തിയാക്കാന് സാധിക്കാത്തതിനാല് ദേവസ്വത്തിന് 2.55 കോടി രൂപയുടെ നഷ്ടം ഉണ്ടായതായും റിപ്പോര്ട്ടില് ചൂണ്ടികാണിക്കുന്നു.ഓഡിറ്റ് പൂര്ത്തിയാക്കുന്നതിനായി പരിശോധനകള്ക്ക് ആവശ്യമായ ഫയലുകള് ഉദ്യോഗസ്ഥര് വിട്ടു നല്കുന്നില്ലെന്നും ഇടക്കാല റിപ്പോര്ട്ടില് വ്യക്തമാക്കുന്നു. 2018ല് തിരുവിതാംകൂര് ദേവസ്വം ബോര്ഡിന് സമര്പ്പിച്ച ഇടക്കാല ഓഡിറ്റ് റിപ്പോര്ട്ടിന് മേല് യാതൊരു നടപടിയും നാളിതു വരെ സ്വീകരിച്ചിട്ടില്ല. ഇതിലൂടെ ഉദ്യോഗസ്ഥരില് മാത്രം ഒതുങ്ങുന്നതല്ല ഈ അഴിമതികള് എന്നാണ് വ്യക്തമാകുന്നത്.
https://www.facebook.com/Malayalivartha
























