ചിഫ് വിപ്പ് സ്ഥാനത്തുനിന്ന് പി സി ജോര്‍ജ്ജിനെ മാറ്റുമോ? കേരളം ഉറ്റ് നോക്കുന്ന നിര്‍ണായക തീരുമാനം ഇന്ന്

സര്‍ക്കാര്‍ ചീഫ് വിപ്പു സ്ഥാനത്തു നിന്നും പി സി ജോര്‍ജ്ജിനെ മാറ്റുന്ന കാര്യത്തിലെ നിര്‍ണ്ണായക തീരുമാനം ഇന്ന് പുറത്തുവരും. ഈസ്റ്റര്‍ കഴിഞ്ഞ് ജോര്‍ജ്ജിന്റെ കാര്യത്തില്‍ തീരുമാനമെടുക്കാമെന്ന് ദുബായില്‍ നിന്ന് മടങ്ങിയെത്തിയ മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. എന്നാല്‍ കേരളാ കോണ്‍ഗ്രസ് എം ചെയര്‍മാന്‍ കെ എം മാണി കടുത്ത നിലപാടില്‍ തുടരുന്നതോടെ ജോര്‍ജ്ജിന്റെ രാഷ്ട്രീയ ഭാവി അനിശ്ചിതതത്വത്തിലാണ്. ചീഫ് വിപ്പ് സ്ഥാനം പോകുമെന്ന കാര്യം ഉറപ്പായ സ്ഥിതിക്ക് കേരളാ രാഷ്ട്രീയത്തിലെ തന്റെ സ്ഥാനം നഷ്ടമാകാതിരിക്കാനുള്ള തീവ്രശ്രമത്തിലാണ് പി സി ജോര്‍ജ്ജ്. ഒന്നുകില്‍ പാര്‍ട്ടി നടപടി ഏറ്റുവാങ്ങി ഒന്നും മിണ്ടാതെ പാര്‍ട്ടിയില്‍ തുടരുക. അല്ലാത്തപക്ഷം എംഎല്‍എ സ്ഥാനവും രാജിവച്ച് പുറത്തുപോകുക എന്നിങ്ങനെ രണ്ട് വഴികളാണ് നിലവിലുള്ളത്. തന്നെ പുറത്താക്കി രക്ഷിക്കണം എന്നതാണ് മാണിയോടും കോണ്‍ഗ്രസ് നേതാക്കളോടും ജോര്‍ജ്ജിന്റെ അപേക്ഷ. എന്നാല്‍, യുഡിഎഫില്‍ തുടരാന്‍ അനുവദിക്കില്ലെന്ന ഉറപ്പുകിട്ടിയാല്‍ മാത്രം ജോര്‍ജ്ജിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കാമെന്ന നിലപാടിലാണത്രേ മാണി.
ഇന്നലെ മൂന്ന് ദിവസമായി തുടരുന്ന ധ്യാനം അവസാനിപ്പിച്ച് പരിയാരം കപ്പൂച്ചിയല്‍ ആശ്രമത്തില്‍ നിന്നും മാണി പാലയില്‍ മടങ്ങിയെത്തിയിരുന്നു. മാദ്ധ്യമങ്ങളോട് തന്റെ നിലപാട് മയപ്പെടുത്തിയിട്ടില്ലെന്ന തരത്തില്‍ തന്നെയാണ് അദ്ദേഹം സൂചന നല്‍കിയത്. മാണിയുടെ മടക്കത്തില്‍ പ്രതിഷേധം ഉണ്ടാകുമെന്ന് കരുത്തിയെങ്കിലും അതും ഇന്നലെ ഉണ്ടായില്ല. കടുത്ത നിലപാടില്‍ മാണി തുടരുന്നുണ്ടെങ്കിലും ഘടകക്ഷികളുടെ താല്‍പ്പര്യം കൂടി മാണി കേട്ടേക്കുമെന്ന സൂചനയും പുറത്തുവരുന്നുണ്ട്. യു.ഡി.എഫ്. ഘടകകക്ഷികള്‍ക്ക് നല്‍കിയ സ്ഥാനങ്ങളുടെ കാര്യത്തില്‍ പാര്‍ട്ടികളുടെ താത്പര്യപ്രകാരം തീരുമാനമെടുക്കുന്നതാണ് മുന്നണി മര്യാദയെന്ന നിലപാട് മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് ജോര്‍ജ്ജിന്റെ സ്ഥാനം തെറിക്കുമെന്ന വ്യക്തമായ സൂചന തന്നെയാണ്.
ജോര്‍ജ്ജ് വിഷയത്തില്‍ കോണ്‍ഗ്രസ്സിലെ രണ്ടുഗ്രൂപ്പുകളും വിരുദ്ധാഭിപ്രായക്കാരാണ്. മുന്നണിക്കുള്ളില്‍ തുടരാനുള്ള സാഹചര്യം സൃഷ്ടിക്കണമെന്ന ജോര്‍ജിന്റെ ആവശ്യത്തെ കെ.എം. മാണി പൂര്‍ണമായി തള്ളിക്കളഞ്ഞാല്‍ ഈ പ്രശ്‌നം കോണ്‍ഗ്രസ് നേതൃത്വം എങ്ങനെ കൈകാര്യം ചെയ്യുമെന്നത് കാത്തിരുന്നുകാണേണ്ട കാര്യമാണ്.
ഇപ്പോഴത്തെ സാഹചര്യത്തില്‍ ജോര്‍ജിന്റെ ആവശ്യം മുന്നണിക്ക് തള്ളാനാവില്ല. രാജ്യസഭാ തിരഞ്ഞെടുപ്പ് വരികയാണ്. മറ്റൊരു ഘടകകക്ഷി എംഎ!ല്‍എ.യും ഇടഞ്ഞുനില്‍ക്കുന്നതായി സൂചനയുണ്ട്. ജോര്‍ജുകൂടി തിരിഞ്ഞാല്‍ മുന്നണിസ്ഥാനാര്‍ത്ഥികളുടെ ജയസാധ്യതയ്ക്ക് മങ്ങലേല്‍ക്കും. ഇവിടെയാണ് ഘടകക്ഷികളുടെ നിലപാട് നിര്‍ണ്ണായകമാകുക. മുന്നണിയോടെ തനിക്ക് കൂറുണ്ടെന്ന് ജോര്‍ജ്ജ് വ്യക്തമാക്കുന്നത് ഇടതുമുന്നണിയില്‍ സ്ഥാനം ലഭിക്കില്ലെന്ന തരിച്ചിറിവിന്റെ അടിസ്ഥാനത്തിലാണ്.
എന്നാല്‍ ജോര്‍ജിനെ ചീഫ് വിപ്പ് സ്ഥാനത്തുനിന്ന് മാറ്റാനല്ലാതെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കാന്‍ കേരളകോണ്‍ഗ്രസ് എമ്മിന് ഉദ്ദേശ്യമില്ല. സ്വയം പുറത്തുപോകട്ടെയെന്ന നിലപാടാണ് പാര്‍ട്ടിക്കുള്ളത്. കൂറുമാറ്റനിരോധനനിയമത്തിന്റെ കുരുക്കില്‍ ജോര്‍ജിനെ പെടുത്തുകയാണ് ലക്ഷ്യം. പഴയ കേരളകോണ്‍ഗ്രസ് സെക്കുലര്‍ പുനരുജ്ജീവിപ്പിച്ച് മുന്നണിയില്‍ തുടരാന്‍ അനുവദിക്കണമെന്നാണ് ജോര്‍ജിന്റെ ആവശ്യം. ഈ നീക്കത്തിന് പിന്തുണതേടി ഘടകകക്ഷിനേതാക്കളില്‍ ചിലരെ സമീപിച്ചു. മറ്റുള്ളവരെ തിങ്കളാഴ്ച കാണും. അതിന് സമ്മതിച്ചില്ലെങ്കില്‍ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കപ്പെടാനുതകുന്ന എല്ലാ തന്ത്രങ്ങളും ജോര്‍ജ് പയറ്റുമെന്നാണ് സൂചന. ഇത് പാര്‍ട്ടിക്ക് കൂടുതല്‍ തലവേദന ഉണ്ടാക്കുമെന്ന അഭിപ്രായം ഉണ്ടെങ്കില്‍ തന്നെയും ബ്ലാക്‌മെയ്‌ലിംഗിന് വഴങ്ങില്ലെന്ന കടുത്ത വാശിയിലാണ് മാണി.
ചെറിയശിക്ഷ ഏറ്റുവാങ്ങി ജോര്‍ജ് പാര്‍ട്ടിയില്‍ത്തന്നെ തുടര്‍ന്നോട്ടെയെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. ഇങ്ങനെയുള്ള ഘട്ടത്തില്‍ കോണ്‍ഗ്രസിന്റെയും ലീഗിന്റെയും നിലപാട് നിര്‍ണ്ണായകമാകും.
എന്തായാലും ഇപ്പോഴത്തെ പ്രതിസന്ധിയെ എങ്ങനെ മുഖ്യമന്ത്രി മറികടക്കുമെന്നാണ് അറിയേണ്ടത്. സോളാര്‍ കേസില്‍ അടക്കം നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തുമെന്ന ജോര്‍ജിന്റെ ഭീഷണിക്കുമുന്നില്‍ വഴങ്ങേണ്ടതില്ലെന്ന നിലപാടിലാണ് കേരളാ കോണ്‍ഗ്രസ്. ജോര്‍ജ്ജിന്റെ വെളിപ്പെടുത്തല്‍ കോണ്‍ഗ്രസിനാകും കൂടുതല്‍ തലവേദന ആകുകയെന്നുമാണ് വിലയിരുത്തല്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha