കേരളത്തില് സര്ക്കാര് ജീവനക്കാരുടെ വിരമിക്കല് പ്രായം 56-ല്നിന്ന് 58 ആക്കണമെന്ന് വകുപ്പുമേധാവികള് ഉള്പ്പെടുന്ന വിദഗ്ധസമിതി, കോവിഡ് വ്യാപനത്തോടെ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയില്നിന്ന് കരകയറാനുള്ള ശുപാര്ശകളാണ് സമിതി നല്കുക

കേരളത്തില് സര്ക്കാര് ജീവനക്കാരുടെ വിരമിക്കല് പ്രായം 56-ല്നിന്ന് 58 ആക്കണമെന്ന് വകുപ്പുമേധാവികള് ഉള്പ്പെടുന്ന വിദഗ്ധസമിതി. ഇതിലൂടെ വര്ഷം 5265.97 കോടി രൂപ ലാഭിക്കാം. സ്ഥിരം നിയമനം ലഭിച്ചയാള്ക്ക് പ്രൊബേഷന് കാലയളവ് പൂര്ത്തിയാകും വരെ ശമ്പളത്തിന്റെ 75 ശതമാനം നല്കിയാല് മതി. അവധി ആനുകൂല്യം നിര്ത്തണമെന്നും ചെലവുചുരുക്കുന്നതിനെപ്പറ്റി പഠിക്കാന് സര്ക്കാര് നിയോഗിച്ച സമിതിയുടെ ഇടക്കാല റിപ്പോര്ട്ടില് നിര്ദേശിക്കുന്നു. കോവിഡ് വ്യാപനത്തോടെ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയില്നിന്ന് കരകയറാനുള്ള ശുപാര്ശകളാണ് സമിതി നല്കുക. സി.ഡി.എസ്. ഡയറക്ടര് പ്രൊഫ. സുനില് മാണിയാണ് സമിതി അധ്യക്ഷന്. അന്തിമറിപ്പോര്ട്ട് അടുത്തമാസം നല്കും.എന്നാല്, പെന്ഷന് പ്രായം വര്ധിപ്പിക്കുന്നത് പരിഗണിക്കില്ലെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക് വ്യക്തമാക്കി. മറ്റുശുപാര്ശകള് ധനവകുപ്പ് പരിശോധിച്ച് മന്ത്രിസഭ ചര്ച്ചചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലാണ് രാജ്യത്ത് ഏറ്റവും കുറഞ്ഞ പെന്ഷന്പ്രായം. ഇത് രണ്ടുവര്ഷം കൂട്ടിയാല് പെന്ഷന് ആനുകൂല്യമായി ഉടന് നല്കേണ്ട തുക ലാഭിക്കാം.
ഭാവിയില് പെന്ഷനുവേണ്ടിവരുന്ന ഭാരിച്ച ബാധ്യതയിലും ആനുപാതിക കുറവുണ്ടാവും. എയ്ഡഡ് മേഖലയില് ഉള്പ്പെടെ അനിയന്ത്രിതമായി അധ്യാപകരെ നിയമിക്കുന്നത് നിര്ത്തണം. രണ്ടുവര്ഷത്തേക്ക് സര്ക്കാര്, എയ്ഡഡ് സ്ഥാപനങ്ങളില് പുതിയ തസ്തികകള് പാടില്ല. ലീവ് സറണ്ടര് (അവധിയാനുകൂല്യം) നിര്ത്തണം. ഇത് കേരളത്തില് മാത്രമേയുള്ളൂ. സേവനകാലത്താകമാനം 300 അവധിയേ കൂട്ടിവെക്കാന് അനുവദിക്കാവൂ. അവധിയെടുക്കാത്തതിന് എല്ലാവര്ഷവും പണം നല്കരുത്. വിരമിക്കുമ്പോള് മാത്രംമതി.
സ്ഥിതിഗതി സാധാരണ തോതിലാകുംവരെ അവധി ആനുകൂല്യം നല്കരുത്. പ്രവൃത്തിദിവസം ആഴ്ചയില് അഞ്ചാക്കണം. ആവശ്യമെങ്കില് ശനിയാഴ്ച വീട്ടിലിരുന്ന് ജോലി (വര്ക് ഫ്രം ഹോം) അനുവദിക്കണം. ഇത് പ്രവര്ത്തനച്ചെലവും ഇന്ധനച്ചെലവും കുറയ്ക്കും.
https://www.facebook.com/Malayalivartha
























