അന്തര് സംസ്ഥാന മോഷ്ടാവ് പിടിയില്, മോഷണത്തിനു കയറിയ വീടിന്റെ മുകളില് നിന്നും ചാടിവീണത് വീട്ടുടമയുടെ മുന്നില്!

വിവിധ ജില്ലകളിലും തമിഴ്നാട്ടിലുമായി ഒട്ടേറെ മോഷണക്കേസുകളില് പ്രതിയായ അന്തര് സംസ്ഥാന മോഷ്ടാവ് പയ്യോളി തിക്കോടിയില് പിടിയിലായി. പാലക്കാട് നെല്ലായ എഴുവന്തല ചക്കിങ്ങത്തൊടിയില് നൗഷാദ് (42) ആണു പിടിയിലായത്.
കഴിഞ്ഞ ദിവസം രാത്രി വിദേശത്തുള്ള തിക്കോടി തട്ടാന്റെവിട ലത്തീഫിന്റെ വീട്ടില് മോഷണത്തിനു ശ്രമിക്കുന്നതിനിടെയാണ് ഇയാള് പിടിയിലായത്. പത്തര മണിക്കായിരുന്നു മോഷണശ്രമം.
ഈ പ്രദേശത്ത് കഴിഞ്ഞ ഒരു മാസമായി കള്ളന്റെ ശല്യം രൂക്ഷമായതോടെ നാട്ടുകാര് 'അലര്ട്ട് ' എന്ന പേരില് വാട്സാപ് കൂട്ടായ്മ ഉണ്ടാക്കിയിരുന്നു. കഴിഞ്ഞ ദിവസം രാത്രി 10 മണിക്ക് പ്രദേശത്തെ ഒരു വീട്ടില് ആരോ വാതിലില് മുട്ടിയെന്ന വിവരം കിട്ടിയപ്പോള് ഗ്രൂപ്പ് അംഗങ്ങള് അലര്ട്ട് ആയി.
ഇതേ തുടര്ന്ന് സ്വന്തം വീട്ടുകാരെ സഹോദരന് ലത്തീഫിന്റെ വീട്ടിലാക്കി ലൈറ്റ് ഓഫ് ചെയ്ത് ആ വീടിന്റെ വരാന്തയില് ചാരുപടിയില് കിടക്കുകയായിരുന്നു ഷാഹുല് എന്ന പ്രദേശവാസി. വീടിനു മുകളില് മോഷ്ടാവിന്റെ നിഴല് കണ്ടതോടെ കുട്ടികള് നിലവിളിച്ചു.
ബഹളം കേട്ട് രക്ഷപ്പെടാന് താഴേക്ക് എടുത്തു ചാടിയ മോഷ്ടാവ് ചെന്നു പെട്ടത് ഷാഹുലിന്റെ മുന്പിലായിരുന്നു, പിടിക്കാന് ശ്രമിക്കുന്നതിനിടെ കള്ളന് ഓടി രക്ഷപ്പെടാന് ശ്രമിച്ചു. വാട്സാപ്പില് സന്ദേശങ്ങള് ചെന്നതോടെ നാട്ടുകാര് ഒത്തു ചേര്ന്ന് മോഷ്ടാവിനെ പിടികൂടുകയായിരുന്നു.
https://www.facebook.com/Malayalivartha
























