ഇരിങ്ങാലക്കുട ആലീസ് വധം: പ്രതി ഇപ്പോഴും കാണാമറയത്ത്, കൊലയ്ക്ക് ഉപയോഗിച്ച കത്തി പൊതിഞ്ഞു കൊണ്ടുവന്നതെന്നു കരുതുന്ന പത്ര കടലാസില് നിന്നും വിരലടയാളം പോലും ലഭിച്ചില്ല!

ഇരിങ്ങാലക്കുടയില് കൊലപാതകം നടന്ന വീട്ടില് 6 മാസമായി ക്യാംപ് ചെയ്ത് പ്രത്യേക സംഘം അന്വേഷണം നടത്തിയിട്ടും ഈസ്റ്റ് കോമ്പാറയില് എലുവത്തിങ്കല് കൂനന് പരേതനായ പോള്സന്റെ ഭാര്യ ആലീസ് വീടിനുള്ളില് ദാരുണമായി കൊല്ലപ്പെട്ട കേസില് പോലീസിന് പ്രതിയിലേക്ക് എത്താനായില്ല.
ആലീസിന്റെ 3 പെണ്മക്കള് വിവാഹം കഴിഞ്ഞ് അവരുടെ വീട്ടിലാണ്. ഏക മകനും കുടുംബവും ഇംഗ്ലണ്ടിലാണ്. അന്വേഷണസംഘം താമസിക്കുന്ന വീടിന്റെ വൈദ്യുതി ബില്ലടക്കം കുടുംബമാണ് അടയ്ക്കുന്നത്.
സംഭവ സ്ഥലത്ത് നിന്നു പ്രതിയുടെ വിരലടയാളം പോലും ലഭിച്ചില്ല. കേസില് സംശയിക്കുന്ന ഇതര സംസ്ഥാന തൊഴിലാളിയെ ലോക് ഡൗണ് മൂലം നാട്ടിലെത്തിക്കാന് കഴിഞ്ഞിട്ടില്ല. ഡിഎന്എ പരിശോധന ഫലം ലഭിച്ചിട്ടില്ല. കൊലയ്ക്ക് ഉപയോഗിച്ച കത്തി പൊതിഞ്ഞു കൊണ്ടുവന്നതെന്നു കരുതുന്ന പത്ര കടലാസ് മാത്രമാണ് ആകെ ലഭിച്ച തുമ്പ്. കത്തി കണ്ടെത്താനായിട്ടില്ല. ഇങ്ങനെ സംഭവത്തില് തെളിവുകളില്ലാത്തത് പൊലീസിനെ വലയ്ക്കുന്നു.
വൈകിട്ട് ആറരയോടെയാണ് കഴിഞ്ഞ നവംബര് 14-ന് ആലീസിനെ വീടിനുള്ളില് കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില് കണ്ടെത്തിയത്. ഭര്ത്താവിന്റെ മരണശേഷം ഒറ്റയ്ക്ക് താമസിച്ചിരുന്ന ആലീസിന് രാത്രി കൂട്ട് കിടക്കാന് എത്തിയ അയല്വാസി സ്ത്രീയാണ് ആലീസിനെ മരിച്ച നിലയില് ആദ്യം കണ്ടത്. ആലീസിന്റെ വളകള് നഷ്ടപ്പെട്ടെങ്കിലും കമ്മലും മോതിരങ്ങളും കൊണ്ടുപോയിരുന്നില്ല.
കര്ട്ടണുകള് വില്പന നടത്താന് എത്തിയ 2 പേരൊഴികെ ആരെയും സംഭവദിവസം സംശയകരമായ രീതിയില് പരിസരവാസികള് കണ്ടിട്ടില്ല. കര്ട്ടണുകള് വില്പന നടത്താനെത്തിയവരെക്കുറിച്ച് അന്വേഷിച്ചെങ്കിലും ഫലമുണ്ടായില്ല. അന്വേഷണം പുരോഗമിക്കുന്നുണ്ടെന്നും പ്രതിയെ പിടികൂടാന് കഴിയുമെന്നാണ് വിശ്വാസമെന്നും ഡിവൈഎസ്പി ഫെയ്മസ് വര്ഗീസ് പറഞ്ഞു.
https://www.facebook.com/Malayalivartha
























