വൈദ്യുതി ബില് വര്ദ്ധിക്കാന് കാരണം ലോക്ഡൗണ് കാലത്തെ അമിത ഉപയോഗം; വൈദ്യുതി ബില്ലില് വ്യാപക പരാതികളും പ്രതിഷേധവുമുയര്ന്ന സാഹചര്യത്തില് പിശകുകളുണ്ടെങ്കില് തിരുത്താന് കെഎസ്ഇബിക്ക് സര്ക്കാര് നിര്ദ്ദേശം

സംസ്ഥാനത്ത് ലോക്ഡൗണ് കാലത്ത് അധിക വൈദ്യുതി ഉപഭോഗമുണ്ടായതായും ഇതാണ് വൈദ്യുതി ബില് വര്ദ്ധിക്കാന് കാരണമായതെന്നും മുഖ്യമന്ത്രി പിണറായി വിജയന്. അതേസമയം വൈദ്യുതി ബില്ലില് വ്യാപക പരാതികളും പ്രതിഷേധവുമുയര്ന്ന സാഹചര്യത്തില് ഇക്കാര്യം പരിശോധിച്ച് പിശകുകളുണ്ടെങ്കില് തിരുത്താന് കെഎസ്ഇബിക്ക് സര്ക്കാര് നിര്ദ്ദേശം നല്കിയിട്ടുണ്ട്. പരാതികള് ഉയര്ന്ന ഘട്ടത്തില് തന്നെ സര്ക്കാര് ഈ നിര്ദ്ദേശം നല്കിയിരുന്നു. അതേസമയം പരാതികളുയര്ന്ന സാഹചര്യത്തില് വൈദ്യുതി ബില്ലില് ഇളവുകളുണ്ടാകും. ലോക്ക് ഡൗണ് കാലത്ത് മൂന്ന് തവണകളായി ബില് അടയ്ക്കാം എന്നത് അഞ്ച് തവണയാക്കി മാറ്റി.
40 യൂണിറ്റ് വരെ ഉപയോഗിക്കുന്ന, 500 യൂണിറ്റില് താഴെ കണക്ടഡ് ലോഡുള്ളവര്ക്ക് വൈദ്യുതി ഇപ്പോള് തന്നെ സൗജന്യമാണ്. ഈ വിഭാഗത്തിലുള്ളവര്ക്ക് ഇപ്പോള് ഉപയോഗിച്ച വൈദ്യുതിയുടെ അളവ് നോക്കാതെ തന്നെ സൗജന്യം അനുവദിക്കും 50 യൂണിറ്റ് വരെ ഉപയോഗിക്കുന്നവരുടെ അധികബില് തുകയുടെ പകുതി സബ്സിഡി നല്കും. 100 യൂണിറ്റ് വരെയുള്ള ഉപഭോഗത്തിന് ബില് തുകയുടെ വര്ദ്ധനവില് 30 ശതമാനം സബ്സിഡി നല്കും. 150 യൂണിറ്റ് ഉപയോഗിക്കുന്നവര്ക്ക് അധിക ഉപഭോഗം മൂലമുണ്ടായ വര്ദ്ധനവിന്റെ 20 ശതമാനം സബ്സിഡി അനുവദിക്കും. സബ്സിഡികള് നല്കുന്നത് വഴി 200 കോടിയുടെ അധികബാധ്യത കെഎസ്ഇബിക്കുണ്ടാകുമെന്നും 90 ലക്ഷം ഗാര്ഹിക ഉപഭോക്താക്കള്ക്ക് ഇളവുകളുടെ ഗുണം ലഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha
























