ചരിത്രം നിങ്ങളെ ഒറ്റുകാരന് എന്ന് രേഖപ്പെടുത്തും ; പൃഥ്വിരാജിനെതിരെ സൈബർ ആക്രമണം

വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ചരിത്രം വാരിയംകുന്നന് എന്ന പേരില് സിനിമയാക്കുന്നതായി പ്രഖ്യാപിച്ചതിന് പിറകെ സംവിധായകന് ആഷിഖ് അബുവിനും നടന് പൃഥ്വിരാജിനും എതിരെ സൈബർ ആക്രമണം. ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ മുന്നിര പോരാളിയായിരുന്നു വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി.
മലബാര് ലഹള ഹിന്ദു വിരുദ്ധ കലാപം ആണെന്നാണ് ബിജെപി ഉന്നയിക്കുന്ന വാദം. സിനിമയില് നിന്ന് പൃഥ്വിരാജ് പിന്മാറണം എന്ന ആവശ്യം ഉയര്ത്തി രംഗത്ത് വന്നിരിക്കുകയാണ് ബിജെപി നേതാവ് ബി രാധാകൃഷ്ണ മേനോന്. സിനിമയില് നിന്ന് പിന്മാറിയില്ലെങ്കില് ചരിത്രം നിങ്ങളെ ഒറ്റുകാരന് എന്ന് രേഖപ്പെടുത്തും എന്നാണ് രാധാകൃഷ്ണ മേനോന് ഫേസ്ബുക്കില് കുറിച്ചിരിക്കുന്നത്.
ബി രാധാകൃഷ്ണ മേനോന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ;
'' 1921 ല് ഏറനാട് വള്ളുവനാട് താലൂക്കുകളില് നടന്ന ഹിന്ദു വേട്ടയെ ഇടതു ചരിത്രകാരന്മാരും മുസ്ലീംപക്ഷ വാദികളും വിളിക്കുന്ന ഓമനപ്പേരാണ് മലബാര് കലാപം എന്നത്. അതു വിപ്ലവമോ സ്വാതന്ത്ര്യസമരമോ ഒന്നുമല്ല, കേവലം ഇസ്ലാമിക ഫാസിസം മാത്രമാണ്. അതിനെ സ്വാതന്ത്ര്യസമരം ആക്കാനും വെള്ളപൂശാനും ജമാഅത്തെ ഇസ്ലാമി അടക്കമുള്ള ഇസ്ലാമിക ഫാസിസ്റ്റുകള് നിരന്തരം ശ്രമിച്ചു വരികയായിരുന്നു.
മലബാറിലെ നിരപരാധികളായ ഹിന്ദുക്കളെ കൊന്നൊടുക്കിയ ആ ക്രൂരകൃത്യത്തെ പൊലിപ്പിച്ചു കാണിക്കുവാന് വേണ്ടിയാണ് അവരുടെ നേതാവ് വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് നെ വിപ്ലവകാരി ആക്കി അവതരിപ്പിക്കുന്നത്. കേവലം ബിന്ലാദന്റെ പൂര്വ്വ രൂപമായ ഒരു ഇസ്ലാമിക ഫാസിസ്റ്റ് മാത്രമാണ് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ്, ആലി മുസ്ലിയാര് എന്നിവര്.
അവരെ വെള്ളപൂശി അവതരിപ്പിക്കുവാനുള്ള തീവ്രവാദികളുടെ ശ്രമത്തെ ജനങ്ങള് ചെറുക്കുക തന്നെ ചെയ്യും. അത്തരത്തിലുള്ള ശ്രമങ്ങളില് നിന്ന് പൃഥ്വിരാജ് സുകുമാരന് പിന്വാങ്ങണം. അല്ലെങ്കില് ചരിത്രം നിങ്ങളെ ഒറ്റുകാരന് എന്ന് രേഖപ്പെടുത്തും''.
https://www.facebook.com/Malayalivartha

























