ഒരുപാലത്തിന് രണ്ട് ഉദ്ഘാടകര്, വിവാദമാകുന്നു

ആലപ്പുഴയിലെ പള്ളാത്തുരുത്തി ഔട്പോസ്റ്റ് പാലത്തിന് ഇന്ന് രണ്ട് ഉദ്ഘാടനം. ഇന്ന് രാവിലെ 10.30-ന് മന്ത്രി ജി.സുധാകരന് ഉദ്ഘാടനം ചെയ്യുന്ന പാലം 11.30-ന് നഗരസഭാ ചെയര്മാന് ഇല്ലിക്കല് കുഞ്ഞുമോനും ഉദ്ഘാടനം ചെയ്യും. പാലം ഉദ്ഘാടനത്തിലെ വിവാദം പുറത്തറിയുന്നത് 2 ഉദ്ഘാടനത്തിന്റെയും വെവ്വേറെ ഫ്ലെക്സുകള് ഇന്നലെ വൈകിട്ടോടെ പരസ്യപ്പെടുത്തിയപ്പോഴാണ്.
പള്ളാത്തുരുത്തി-തിരുമല ഔട്പോസ്റ്റ് പാലം അമൃത് പദ്ധതിയില്പ്പെടുത്തി 23.36 ലക്ഷം രൂപ ചെലവഴിച്ച് നിര്മിച്ചതാണ്. പാലത്തിന്റെ ഉദ്ഘാടനത്തിന് മന്ത്രിയെ ക്ഷണിച്ചത് ചെയര്മാന് തന്നെയാണെന്ന് പ്രതിപക്ഷ നേതാവ് ഡി.ലക്ഷ്മണന് പറഞ്ഞു. പിന്നീട് രാഷ്ട്രീയ താല്പര്യത്തോടെ ചെയര്മാന് പിന്മാറുകയായിരുന്നെന്നും ലക്ഷ്മണന് അഭിപ്രായപ്പെട്ടു.
എന്നാല് നഗരസഭാ കൗണ്സില് യോഗത്തില് ചെയര്മാന് ഉദ്ഘാടനം ചെയ്യണമെന്നും യുഡിഎഫ് പാര്ലമെന്ററി പാര്ട്ടി യോഗത്തില് കെ.സി.വേണുഗോപാല് എംപി ഉദ്ഘാടനം ചെയ്യണമെന്നുമായിരുന്നു തീരുമാനമെന്ന് ചെയര്മാന് ഇല്ലിക്കല് കുഞ്ഞുമോന് പറഞ്ഞു. വേണുഗോപാലിനെ കിട്ടാതെ വന്ന സാഹചര്യത്തിലാണ് താന് ഉദ്ഘാടനം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha

























