തലസ്ഥാനത്ത് സമ്പര്ക്കത്തിലൂടെ രോഗം ബാധിച്ചവരുടെ എണ്ണം 40 ആയി; രണ്ടു ദിവസത്തിനുള്ളില് രോഗം സ്ഥീരികരിച്ചത് 33 പേര്ക്ക്; ഉറവിടമറിയാത്ത രോഗ ബാധിതരുടെ എണ്ണം കൂടി വരുന്നത് വലിയ ആശങ്ക;

തലസ്ഥാനത്തെ കൊവിഡ് വിഴുങ്ങി എന്നുതന്നെ പറയണം കൊവിഡ് സമൂഹ വ്യാപനം എന്ന രീതിയിലേക്കുതന്നെയാണ് തലസ്ഥാനം പോകുന്നത്. ഏറ്റവും അപകടം തിരുവനന്തപുരത്ത് ഉറവിടമറിയാത്ത രോഗ ബാധിതരുടെ എണ്ണം കൂടി വരുന്നു എന്നുള്ളതാണ്. ഇന്നലെ ഓണ്ലൈന് ഭക്ഷണം വിതരണം ചെയ്യുന്ന ആള്ക്കും മെഡിക്കല് റെപ്രസെന്റീവിനും, പൂന്തുറ സ്വദേശിയായ 66 കാരനും ഉറവിടം അറിയാതെ രോഗം ബാധിച്ചത് തലസ്ഥാനത്തെ വിറപ്പിക്കുകയാണ്. നിലവില് തലസ്ഥാനത്ത് സമ്പര്ക്കത്തിലൂടെ രോഗം ബാധിച്ചവരുടെ എണ്ണം 40 ആണ്. രണ്ടു ദിവസത്തിനുള്ളില് രോഗം സ്ഥീരികരിച്ചത് 33 പേര്ക്കും. മാത്രമല്ല രോഗം സ്ഥിരീകരിച്ച കുന്നത്തുകാല് ഏരവൂര് സ്വദേശിയായ 37കാരന് സൊമാറ്റോ ഓണ്ലൈന് ഭക്ഷണ വിതരണ സ്ഥാപനത്തില് ഡെലിവറി ബോയി ആണെന്നുള്ളതും ആശങ്ക ഇരട്ടിയാക്കിയിട്ടുണ്ട്.
പാളയത്തും പരിസരത്തും ഇയാള് ഭക്ഷണവിതരണം നടത്തി. പാളയം മത്സ്യമാര്ക്കറ്റിന്റെ പിന്നിലെ ലോഡ്ജിലായിരുന്നു താമസം. എവിടെയൊക്കെ ഭക്ഷണം നല്കിയെന്നറിയാന് റൂട്ട് മാപ്പ് വരുന്നതുവരെ കാക്കണം. പുറത്തിറങ്ങി ഹോട്ടലുകളില് നിന്ന് ഭക്ഷണം വാങ്ങുന്നത് ഒഴിവാക്കാന് ഓണ്ലൈന് ഭക്ഷണ വിതരണം സര്ക്കാര് പ്രോത്സാഹിപ്പിച്ചതാണ്. എന്നാല് ഈ സംഭവത്തോടെ ഓണ്ലൈന് വഴി ഭക്ഷണം വാങ്ങിയവരെല്ലാം ആശങ്കയിലാകും. ഓണ്ലൈന് വ്യാപാരവും പ്രതിസന്ധിയിലായേക്കാം.
പൂന്തുറ പൊലീസ് സ്റ്റേഷനു സമീപം താമസിക്കുന്ന 27കാരന് മെഡിക്കല് റെപ്രസന്റേറ്റീവ് കഴക്കൂട്ടം പരിസരത്തെ ആശുപത്രികളിലും നാലാഞ്ചിറ കെ.ജെ.കെ ആശുപത്രിയിലും പോയിരുന്നു. പൂന്തുറ സ്വദേശിയായ 66 കാരനും രോഗം ബാധിച്ചത് എവിടെ നിന്നെന്നറിയില്ല. ഇയാള്ക്ക് യാത്രാ പശ്ചാത്തലവുമില്ല. നേരത്തെ മത്സ്യവ്യാപാരിക്ക് കൊവിഡ് സ്ഥിരീകരിച്ച കുമരിച്ചന്തയില് ഇന്നലെ ഒരാള്ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ മാര്ക്കറ്റുമായി ബന്ധപ്പെട്ട എല്ലാവരും ആശങ്കയിലായി.
കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ച പൊലീസുകാരന് 27ന് വിമാനത്താവളത്തില് മറ്റൊരു പൊലീസുകാരനൊപ്പം ജോലി ചെയ്തതായി കണ്ടെത്തി. ഈ പൊലീസുകാരന് ആന്റിബോഡി പരിശോധനയില് പോസിറ്റിവ് ആയതിനെ തുടര്ന്ന് വിശദപരിശോധനയ്ക്കായി സ്രവം എടുത്തു. ആകെ 101 പൊലീസുകാരുടെ സ്രവം എടുത്തു. ഇയാളുമായി നേരിട്ട് സമ്ബര്ക്കമുണ്ടായ 28 പൊലീസുകാര് ക്വാറന്റൈനിലാണ്
https://www.facebook.com/Malayalivartha

























