വെള്ളക്കെട്ടില്‍ മരിച്ചനിലയില്‍ കണ്ട പിഞ്ചുബാലിക ആമിന മോള്‍ക്ക് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി....
വെള്ളക്കെട്ടില്‍ മരിച്ചനിലയില്‍ കണ്ട പിഞ്ചുബാലിക ആമിന മോള്‍ക്ക് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി. അയനിക്കാട് കമ്പിവളപ്പില്‍ ഷംസീറിന്റെ മകള്‍ രണ്ട് വയസ്സുകാരി ആമിന ഹജ്വയെയാണ് വ്യഴാഴ്ച വീട്ടില്‍നിന്ന് ഒന്നര കിലോമീറ്റര്‍ അകലെ കൊളാവിപ്പാലത്തിന് സമീപത്തെ തോട്ടില്‍ മരിച്ച നിലയില്‍ കാണപ്പെട്ടത്. സംഭവം നടന്ന ദിവസം ഉച്ചക്ക് പന്ത്രണ്ടോടെ വീടിന്റെ വരാന്തയില്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന ആമിനയെ കാണാതാവുകയായിരുന്നു. പൊലീസും നാട്ടുകാരും നടത്തിയ തിരച്ചിലിലാണ് മൃതദേഹം വെള്ളക്കെട്ടില്‍ നിന്ന് ഉച്ച കഴിഞ്ഞ് മൂന്നോടെ കണ്ടെത്തിയത്.
പയ്യോളിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടി മരിച്ചു. എന്നാല്‍, മരണത്തില്‍ ദുരൂഹതയുള്ളതായി നാട്ടുകാരും ബന്ധുക്കളും ആരോപിച്ചു. സമീപത്തെ തോട്ടില്‍ വീണ കുട്ടി മൂന്ന് മണിക്കൂര്‍കൊണ്ട് ഒന്നര കിലോമീറ്ററകലെയുള്ള വെള്ളക്കെട്ടില്‍ എങ്ങനെ ഒഴുകിയെത്തിയെന്നാണ് നാട്ടുകാര്‍ ചോദിക്കുന്നത്. കനത്തമഴ പെയ്ത സമയത്ത് ഇത്രയും ദൂരം ഒഴുകിവന്ന ആമിനയുടെ ദേഹത്ത് മുറിവേറ്റ പാടുകളോ ചളിയോ ഒന്നുമുണ്ടായിരുന്നില്ലെന്ന് ആമിനയെ കരക്കെത്തിച്ചവരും പറയുന്നു.
ഒഴുകിവന്ന തോടിന്റെ വഴിമധ്യേ മാലിന്യം ഉണ്ടായിരുന്നെങ്കിലും ഒന്നും കുട്ടിയുടെ ദേഹത്ത് സ്പര്‍ശിക്കാത്തതും ദുരൂഹതയുണര്‍ത്തുന്നു. ഇരുകാലുകളും വെള്ളത്തിന് മുകളിലേക്ക് പൊങ്ങിനിന്ന നിലയിലാണ് ആമിനയെ കണ്ടത്. ദേഹത്ത് അണിഞ്ഞിരുന്ന സ്വര്‍ണാഭരണങ്ങളും നഷ്ടപ്പെട്ടിരുന്നില്ല. ഇതിനിടെ, വീടിന് സമീപത്ത് പുല്ല് പറിക്കാന്‍ വന്ന സ്ത്രീ ഒരുകുട്ടിയുടെ കരച്ചില് കേട്ടതായി പറയുന്നു. കോവിഡ് പരിശോധനാഫലം ലഭിക്കേണ്ടതിനാല്‍ ശനിയാഴ്ചയാണ് മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജില്‍നിന്ന് പോസ്റ്റ് മോര്‍ട്ടത്തിനുശേഷം വിട്ടുകിട്ടിയത്. കോവിഡ് ഫലം നെഗറ്റിവായിരുന്നു.
പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ഫോറന്‍സിക് ലാബിലേക്ക് അയച്ചശേഷം മൂന്ന് ദിവസത്തിനുള്ളില്‍ മാത്രമേ ലഭിക്കുകയുള്ളൂവെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു. പയ്യോളി എസ്.ഐ സുജിത് കുമാറിനാണ് അന്വേഷണ ചുമതല. മൃതദേഹം ബന്ധുക്കളുടെ സാന്നിധ്യത്തില്‍ ഇന്നലെ ഉച്ചയോടെ അയനിക്കാട് ഹൈദ്രോസ് പള്ളിയില്‍ ഖബറടക്കി.
L
https://www.facebook.com/Malayalivartha