സന്ദീപ് നായരുടെ ട്രോളി ബാഗില്‍ 2 ചെറിയ ബാഗുകള്‍ കൂടി കണ്ടെത്തി, ബാഗില്‍ വിദേശ കറന്‍സിയും സര്‍ട്ടിഫിക്കറ്റുകളും നിക്ഷേപ രേഖകളും

യുഎസ് ഡോളര്‍ അടക്കം 3 വിദേശ രാജ്യങ്ങളുടെ കറന്‍സികളും സ്വര്‍ണക്കടത്ത് കേസ് പ്രതി സന്ദീപ് നായരുടെ ട്രോളി ബാഗില്‍ ഉണ്ടായിരുന്ന 2 ചെറിയ ബാഗുകളില്‍ നിന്നും എന്‍ഐഎ കണ്ടെത്തി. ബാഗിലുണ്ടായിരുന്ന ലാപ്ടോപ് സൈബര്‍ ഫൊറന്‍സിക് പരിശോധനകള്‍ക്കു വിധേയമാക്കും. സന്ദീപിന്റെ സ്ഥിരനിക്ഷേപ സര്‍ട്ടിഫിക്കറ്റുകള്‍ കണ്ടെത്തിയ സഹകരണ ബാങ്കുകളില്‍ അന്വേഷണ സംഘം പരിശോധന നടത്തും. സ്വപ്നയുടെ തിരുവനന്തപുരത്തെ ഓഫിസില്‍ നിന്നു കസ്റ്റംസ് പിടിച്ചെടുത്ത കംപ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്കും പരിശോധിക്കുന്നുണ്ട്.
സന്ദീപ് തിരുവനന്തപുരം വിട്ടത് രാജ്യം വിട്ടുപോവുകയെന്ന ഉദ്ദേശ്യത്തോടെയാണെന്നും സ്വന്തം കുടുംബാംഗങ്ങളെ കൂടെ കൂട്ടാനുള്ള സ്വപ്നയുടെ തീരുമാനം സന്ദീപിന്റെ നീക്കങ്ങള്‍ക്കു തിരിച്ചടിയായെന്നുമാണ് അന്വേഷണസംഘത്തിന്റെ നിഗമനം. ബെംഗളൂരുവിലെത്തിയപ്പോള്‍ ഇതു സംബന്ധിച്ചു സ്വപ്നയും സന്ദീപും തമ്മില്‍ തര്‍ക്കമുണ്ടായതായും പ്രതികള്‍ വെളിപ്പെടുത്തി.
സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ടവരുടെ പേരുകള്‍ സന്ദീപ് കോഡുകളിലാണ് ഡയറിയില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. ചില സര്‍വകലാശാലകളില്‍ നിന്നുള്ള സന്ദീപിന്റെ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളും കണ്ടെത്തി.
അറസ്റ്റിലായ സമയം ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടപ്പോള്‍ സന്ദീപിന്റെ പക്കല്‍ ബാഗിന്റെ താക്കോല്‍ ഉണ്ടായിരുന്നില്ല. സ്വപ്നയാണു താക്കോല്‍ നല്‍കിയത്. സന്ദീപിന്റെ ബാഗില്‍ കണ്ടെത്തിയ ചെറിയ ബാഗുകളും പഴ്സും സ്വര്‍ണാഭരണങ്ങളും സ്വപ്നയുടേതാണെന്നാണു നിഗമനം. വിദേശ കറന്‍സികള്‍ക്കൊപ്പം 10 രൂപയുടെ ഇന്ത്യന്‍ കറന്‍സിയും പരിശോധനയില്‍ കണ്ടെത്തി.
https://www.facebook.com/Malayalivartha


























