18 വയസ്സ് കഴിയുമ്പോൾ അച്ഛനും അമ്മയും കൂടി 70 ലക്ഷം രൂപയുടെ കാർ വാങ്ങിച്ചു കൊടുക്കുന്നു; എന്തിനാണെന്നറിയാമോ? മകനോടുള്ള സ്നേഹമല്ല; ഞങ്ങൾ പണക്കാർ ആണെന്ന് നാട്ടുക്കാരെ കാണിക്കാൻ; വണ്ടി ഓടിക്കുമ്പോൾ ഒരു നായയോ പൂച്ചയോ എടുത്തു ചാടിയാൽ അതിന്റെ ജീവൻ രക്ഷിക്കാൻ ബ്രേക്ക് ചവിട്ടുന്നവരാണ് സാധാരണ മനുഷ്യർ; എന്നാൽ അത്തരമൊരു ദയവും കനിവുമൊന്നുമില്ലാത്ത മൃദുല വികാരമില്ലാത്ത മനുഷ്യനാണ് സുഹൈൽ സജീവ്

നെടുമ്പാശ്ശേരി മിനികൂപ്പർ അപകട കേസുമായി ബന്ധപ്പെട്ട് സോഷ്യൽമീഡിയയിൽ ഒരു കുറിപ്പ് ശ്രദ്ധ നേടുന്നു. മുൻ മന്ത്രി ഗണേഷ് കുമാർ സുഹൈലിനെ കുറിച്ച് പറഞ്ഞ വാക്കുകൾ കൂടി ഉൾപ്പെടുത്തിയായിരുന്നു അനു ചന്ദ്ര എന്ന ഫേസ്ബുക്ക് യൂസറുടെ കുറിപ്പ്. കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; -
18 വയസ്സ് കഴിയുമ്പോൾ അച്ഛനും അമ്മയും കൂടി 70 ലക്ഷം രൂപയുടെ കാർ വാങ്ങിച്ചു കൊടുക്കുന്നു. എന്തിനാണെന്നറിയാമോ? മകനോടുള്ള സ്നേഹമല്ല. ഞങ്ങൾ പണക്കാർ ആണെന്ന് നാട്ടുക്കാരെ കാണിക്കാനുള്ള ചെറ്റത്തരത്തിന്റെ ഭാഗമാണ്. ആളുകളുടെ മുൻപിൽ ആളാവാൻ വേണ്ടിയുള്ളത്. ; സുഹൈൽ സജീവിന്റെ വിഷയത്തിൽ ഗണേഷ് കുമാർ പറഞ്ഞ അഭിപ്രമാണിത്. വണ്ടി ഓടിക്കുമ്പോൾ ഒരു നായയോ പൂച്ചയോ എടുത്തു ചാടിയാൽ അതിന്റെ ജീവൻ രക്ഷിക്കാൻ ബ്രേക്ക് ചവിട്ടുന്നവരാണ് സാധാരണ മനുഷ്യര്. എന്നാൽ അത്തരമൊരു ദയവും കനിവുമൊന്നുമില്ലാത്ത മൃദുല വികാരമില്ലാത്ത മനുഷ്യനാണ് സുഹൈൽ സജീവ് എന്നും ഗണേഷ് കുമാർ കൂട്ടിച്ചേർക്കുന്നുണ്ട് .
അതേ, മനുഷ്യനായാലും മൃഗമായാലും ജീവന്റെ വില തിരിച്ചറിയാനുള്ള മനസ്സ് നമുക്കുണ്ടാകണം. അല്ലാതെ റോഡിലൂടെ വാഹനമോടിക്കുമ്പോൾ സ്വന്തം ഉത്തരവാദിത്വവും മറ്റുള്ളവരുടെ ജീവന്റെ വിലയും തിരിച്ചറിയാൻ പറ്റാത്ത അവസ്ഥയിലേക്ക് നമ്മൾ എത്തുന്നുവെങ്കിൽ, ആഡംബരത്തിന്റെ തിളക്കത്തിന് പിന്നിൽ മനുഷ്യന്റെ വിവേകം എവിടെയോ നഷ്ടപ്പെട്ടുപോകുന്നുണ്ടെന്നാണ് അർത്ഥം. പിന്നെ മകന് 70 ലക്ഷം രൂപയുടെ കാർ വാങ്ങിക്കൊടുത്തു എന്നത് തെറ്റല്ല. മാതാപിതാക്കൾക്ക് മക്കളോടുള്ള സ്നേഹം പ്രകടിപ്പിക്കാൻ വിലകൂടിയ സമ്മാനങ്ങൾ ഒക്കെ നൽകുന്നത് സ്വഭാവികമാണ്. അതിൽ തെറ്റൊന്നുമില്ല. പക്ഷേ, വിലകൂടിയ വാഹനത്തിന്റെ താക്കോൽ കൈമാറുന്നതിനൊപ്പം അതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാനുള്ള പക്വതയും അവർക്ക് നൽകാൻ പറ്റണം. പ്രത്യേകിച്ചും പതിനെട്ട് വയസ്സെന്നതൊക്കെ നിയമപരമായ അവകാശങ്ങൾ ലഭിക്കുന്ന പ്രായമാണെങ്കിലും അക്കാരണം കൊണ്ട് മാത്രം ഒരാൾ ഒരിക്കലും ഉത്തരവാദിത്വമുള്ള ഒരു ഡ്രൈവറായൊന്നും മാറുന്നില്ല.
അതിനാൽ തന്നെ മക്കൾക്ക് വിലകൂടിയ കാറുകൾ വാങ്ങിക്കൊടുക്കുന്നതിനു മുമ്പ് റോഡിലെ ഓരോ മനുഷ്യന്റെയും ജീവന് വിലയുണ്ടെന്ന് രക്ഷിതാക്കൾ അവരെ പഠിപ്പിക്കണം. വേഗതയല്ല മിടുക്ക്, മറ്റുള്ളവരുടെ ജീവൻ അപകടത്തിലാക്കാതെ ലക്ഷ്യത്തിലെത്തുന്നതാണ് മിടുക്ക് എന്നവരെ ബോധിപ്പിക്കണം. അതായത് പണമുണ്ടെന്നതുകൊണ്ട് എന്തും ചെയ്യാമെന്ന ധാരണയല്ല അവരിൽ ഉണ്ടാക്കേണ്ടത്. മറിച്ച് , പണമുണ്ടെങ്കിലും നിയമത്തിനും മനുഷ്യജീവനും മുന്നിൽ ഉത്തരവാദിത്വമുണ്ടെന്ന ബോധ്യമാണ് അവരിൽ വളർത്തേണ്ടത്.
നോക്കൂ, മക്കൾക്ക് സമ്പത്ത് നൽകുന്നതിനേക്കാൾ പ്രധാനമാണ് അവർക്ക് വിവേകം നൽകുന്നത്. വിലകൂടിയ കാറിന്റെ താക്കോൽ കൈമാറുന്നതിനേക്കാൾ പ്രധാനമാണ്, അതിനുള്ളിൽ ഇരിക്കുമ്പോൾ മറ്റുള്ളവരുടെ ജീവന്റെ ഉത്തരവാദിത്വം കൂടി ഏറ്റെടുക്കണമെന്ന് പഠിപ്പിക്കുന്നത്. കാരണം, ഒരു കുടുംബത്തിന്റെ സാമ്പത്തികശേഷി അളക്കുന്നത് അവർ വാങ്ങിക്കൊടുക്കുന്ന കാറിന്റെ വിലകൊണ്ടായിരിക്കാം. പക്ഷേ, ഒരു മനുഷ്യന്റെ പക്വത അളക്കപ്പെടുന്നത് അയാൾ മറ്റുള്ളവരുടെ ജീവനെ എത്രമാത്രം വിലമതിക്കുന്നു എന്നതിലൂടെയാണ്. നന്ദി.
https://www.facebook.com/Malayalivartha
























