കോവളം സ്പായില്‍ പതിനാറുകാരിയെ പീഡിപ്പിച്ച സംഭവം; ഡ്രീംസ് സ്പായില്‍ അന്വേഷണസംഘത്തിന്റെ തെളിവെടുപ്പ്

കോവളത്ത് പതിനാറുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ കോവളത്തെ ഡ്രീംസ് സ്പായില്‍ തെളിവെടുപ്പ് നടത്തി. ഇരയായ പെണ്‍കുട്ടിയെ എത്തിച്ചായിരുന്നു തെളിവെടുപ്പ് നടത്തുന്നത്. പെണ്‍കുട്ടിയെ ഒരു ദിവസം തന്നെ പത്തിലധികം ആളുകള്‍ ചേര്‍ന്ന് പീഡിപ്പിച്ചെന്നാണ് കണ്ടെത്തല്‍. മൂന്ന് ഇടത്തായിട്ടാണ് പരിശോധന നടത്തുക. ഡ്രീംസ് സ്പാ, ആയൂര്‍ കേരള സ്പാകളിലും പെണ്‍കുട്ടിയുമായി പരിശോധന നടത്തും. പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ ഇളയമ്മയും ഭര്‍ത്താവും അന്തര്‍ സംസ്ഥാന റാക്കറ്റിലെ കണ്ണികളാണ്.
കേസില്‍ പിടിയിലായി റിമാന്‍ഡില്‍ കഴിയുന്ന സ്പാ നടത്തിപ്പുകാരന്‍ സജിത്തിനും റാക്കറ്റുമായി ബന്ധമുണ്ട്. ഈ പരിചയമാണ് പെണ്‍കുട്ടിയെ കോവളത്തെത്തിക്കാന്‍ കാരണം. നടന്നത് മനുഷ്യ കടത്ത് എന്നാണ് പൊലീസ് പറയുന്നത്. പെണ്‍കുട്ടി നേരിട്ടത് അതിക്രൂര പീഡനം എന്നും റിമാന്‍ഡ് റിപ്പോട്ടില്‍ പറയുന്നു. കമ്മീഷന്‍ വ്യവസ്ഥയിലായിരുന്നു ഇളയമ്മയും ഭര്‍ത്താവും പെണ്‍കുട്ടിയെ സ്പാകളില്‍ കാഴ്ചവച്ചത്. ഓരോ ചൂഷണത്തിനും കമ്മീഷന്‍ പറ്റിയിരുന്നു. ലൈംഗികവൃത്തിക്ക് സമ്മതിക്കാത്തതോടെ രഹസ്യ ഭാഗങ്ങളിലടക്കം തീവെച്ച് പൊള്ളിച്ചു. പെണ്‍കുട്ടിയുടെ ശരീരത്തില്‍ ഒട്ടേറെ പൊള്ളലേറ്റ പാടുകള്‍ എന്നും റിമാന്‍ഡ് റിപ്പോര്‍ട്ടിലുണ്ട്.
കുട്ടിയെ ചെന്നൈയിലെ ഗുടുവാഞ്ചേരി പൊലീസ് സ്‌റ്റേഷന്‍ പരിധിയിലെ സ്പായില്‍ എത്തിച്ചില്ലെന്നാണ് പിടിയിലായ രക്ഷകര്‍ത്താക്കള്‍ പൊലീസിന് നല്‍കിയിരിക്കുന്ന മൊഴി. എന്നാല്‍ അന്നേദിവസം ഇവര്‍ അവിടെ ഉണ്ടായിരുന്നു എന്നതിന്റെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ വിവരങ്ങള്‍ കോവളം പൊലീസിന് ലഭിച്ചു. നിലവില്‍ മനുഷ്യക്കടത്ത്, ജുവനയില്‍ ജസ്റ്റിസ് ആക്ട്, പോക്‌സോ, ബലാല്‍സംഗം തുടങ്ങിയ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
https://www.facebook.com/Malayalivartha

























