സ്വപ്ന വിളിച്ചപ്പോള്‍ പോയതെന്തിന്.... ചാനല്‍ ചര്‍ച്ചയ്ക്കിടെ തനിക്കെതിരെ ആഞ്ഞടിച്ച വിനു വി ജോണിന് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്റെ മറുപടി; മൂത്തമകനെ ഒരു പ്യൂണാക്കാനാഗ്രഹിച്ച് തിരുവനന്തപുരത്തേക്ക് വണ്ടികയറി എം.എല്‍.എ. ക്വാര്‍ട്ടേഴ്‌സില്‍ എത്തിയ നാട്ടിലെ ചെള്ളിയുടെ കഥപറയുമ്പോള്‍...

സ്വര്‍ണക്കള്ളക്കടത്തു കേസില്‍ പ്രതിയായി സ്വപ്നയുടെ പേര് വന്നപ്പോള്‍ ഏറ്റവുമധികം ചര്‍ച്ച ചെയ്തതാണ് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്റെ ഉദ്ഘാടന വീഡിയോ. ചാനല്‍ ചര്‍ച്ചയ്ക്കിടയില്‍ ഏഷ്യാനെറ്റിന്റെ വിനു വി ജോണ്‍ സ്പീക്കറിനെതിരെ ആഞ്ഞടിച്ചിരുന്നു. ശ്രീരാമകൃഷ്ണന്‍ പറയുന്നത് സ്വപ്ന വലിയ വണ്ടിയിലിറങ്ങിയത് കൊണ്ട് ഡിപ്ലോമാറ്റാണെന്ന് വിശ്വസിച്ചുവെന്നാണ്. ആള്‍ക്കാരെ വിലയിരുത്തുന്നത് വലിയ വണ്ടിയിലിറങ്ങുന്നവരാണോ എന്ന് നോക്കിയാണ്. ഉദ്ഘാടനത്തിനിടെ ശ്രീരാമകൃഷ്ണന്‍ സ്വപ്നയുടെ തോളില്‍ തട്ടിയതിനേയും വിനു വിമര്‍ശിക്കുന്നു. എന്തിന് ശ്രീരാമകൃഷ്ണന് പ്യൂണായി ഇരിക്കാനുള്ള യോഗ്യത പോലും ഇല്ലെന്നാണ് പറഞ്ഞ് വയ്ക്കുന്നത്. വിനു വി ജോണിന്റെ ആ ഭാഗം സോഷ്യല്‍ മീഡിയ ആഘോഷിക്കുകയും ചെയ്തു. അതിന് മറുപടിയുമായായാണ് ശ്രീരാമകൃഷ്ണന്‍ രംഗത്തെത്തിയത്. ഫെയ്‌സ്ബുക്കിലൂടെയാണ് ശ്രീരാമകൃഷ്ണന്റെ മറുപടി.
വളരെ ചെറുപ്രായത്തില്‍ തുടങ്ങി കഴിഞ്ഞ മൂന്നര പതിറ്റാണ്ടിലധികമായി പൊതുരംഗത്ത് പ്രവര്‍ത്തിക്കുകയും പലതരത്തിലുള്ള ചുമതലകള്‍ നിര്‍വ്വഹിക്കുകയും ചെയ്ത ഒരു എളിയ പൊതുപ്രവര്‍ത്തകന്‍ എന്ന നിലയില്‍ ചില കാര്യങ്ങള്‍ എന്നെ സ്‌നേഹിക്കുകയും മനസ്സിലാക്കുകയും ചെയ്യുന്നവരെ അറിയിക്കാനാണ് ഈ കുറിപ്പ് എന്ന് പറഞ്ഞാണ് ഫേസ്ബുക്ക് പോസ്റ്റ് തുടങ്ങുന്നത്.
ചിലമാധ്യമ സംവാദങ്ങളിലും പൊതുപ്രസംഗങ്ങളിലും രാഷ്ട്രീയ വൈരം മൂത്ത് എല്ലാ സീമകളും ലംഘിച്ചുകൊണ്ട് വ്യക്തിഹത്യ തുടരുന്നത് അത്യന്തം വേദനാജനകവും നിര്‍ഭാഗ്യകരവുമാണ്.
ഒളിക്കാനും മറയ്ക്കാനും ഒന്നുമില്ലാത്തതിനാല്‍ ആശങ്കയോ വിഷമങ്ങളോ ഇല്ല. പക്ഷേ എന്നെ സ്‌നേഹിക്കുന്നവരുടെ മനസ്സില്‍ തെറ്റിദ്ധാരണയുടെ ഒരു തരിപോലും ബാക്കി നില്‍ക്കരുത് എന്ന ആഗ്രഹം ഉള്ളത് കൊണ്ടാണ് ഇത്രയും കുറിച്ചത്.
പ്യൂണിന്റെ യോഗ്യതപോലുമില്ലായെന്ന് ആക്രോശിച്ച നിഷ്പക്ഷ മാധ്യമ പ്രവര്‍ത്തകനോട് ഒരു വാക്ക് എന്നെ ഭ്രമിപ്പിക്കുന്നത് ഉന്നതസ്ഥാനങ്ങളുടെ ശബളിമയല്ല. കുട്ടിക്കാലത്ത് എന്റെ മുന്നില്‍ കൊടി ആകാശത്തേക്ക് ഉയര്‍ത്തിപ്പിടിച്ച് സ്വര്‍ഗരാജ്യത്തോടെന്നപോലെ മുദ്രാവാക്യം മുഴക്കിയിരുന്ന സഖാവ് നീലാണ്ടന്റെ കറുത്ത കാല്‍പ്പാദങ്ങളും ചേറിന്റെ മണവുമായിരുന്നു. മൂത്തമകനെ ഒരു പ്യൂണാക്കാനാഗ്രഹിച്ച് തിരുവനന്തപുരത്തേക്ക് വണ്ടികയറി എം.എല്‍.എ. ക്വാര്‍ട്ടേഴ്‌സില്‍ എത്തിയ എന്റെ നാട്ടിലെ ചെള്ളിയുടെ നടക്കാതെപോയ സ്വപ്നമാണ് എന്റെ വേദന. ഒന്നിച്ചിരിക്കാന്‍ ഇടമില്ലാത്ത കുടിലുകളിലെ ഇരുണ്ട മൂലകളില്‍നിന്ന് ഉന്നത വിദ്യാഭ്യാസത്തിന്റെ ആകാശങ്ങള്‍ വെട്ടിപ്പിടിക്കുന്ന മത്സ്യത്തൊഴിലാളികളുടെ മക്കളായ സുല്‍ഫത്തുമാരുടെ ഉള്ളിലെ തീയാണ് എനിക്കു പ്രചോദനം. ആ കനലുകളിലേക്ക് പ്യൂണ്‍ പ്രയോഗം ഞാന്‍ സമര്‍പ്പിക്കുന്നു.
ഇപ്പോള്‍ ഉയര്‍ന്നു വന്ന വിവാദങ്ങളില്‍ സ്പീക്കര്‍ക്കുള്ള പങ്ക് എന്താണ്? എല്ലാവരും അറിയണം.
നെടുമങ്ങാട് പുകരഹിത വാഹനങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള ഒരു ചെറിയ സ്റ്റാര്‍ട്ടപ്പ് സംരംഭമാണെന്ന് അറിയിച്ച കാര്‍ബണ്‍ ഡോക്ടര്‍ എന്ന സ്ഥാപനം ഉദ്ഘാടനം ചെയ്തു. ഇത് വാസ്തവമാണ്. അത് 2019 ഡിസംബര്‍ 31ന് ആയിരുന്നു. ഏകദേശം 7 മാസം മുന്‍പ്. അന്നാകട്ടെ, ഏതെങ്കിലും തരത്തിലുള്ള വിവാദങ്ങളോ, സംശയങ്ങളോ, വാര്‍ത്തകളോ ഒന്നും ഉണ്ടായിരുന്നില്ല.
യു.എ.ഇ. കോണ്‍സുലേറ്റ് ജനറലിന്റെ ഫസ്റ്റ് സെക്രട്ടറി എന്ന നിലയില്‍ പരിചിതയായിരുന്ന സ്വപ്ന സുരേഷ് ഉള്‍പ്പെടെയുള്ളവര്‍ ക്ഷണിക്കുകയാണ് ഉണ്ടായത്. അവിടുത്തെ എല്ലാ ജനപ്രതിനിധികളെയും ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള പ്രോഗ്രാം നോട്ടീസ് കാണുകയുണ്ടായെങ്കിലും വലിയ തിരക്കുള്ള ദിവസമായതിനാല്‍ വരാനാകില്ലെന്ന് അറിയിക്കുകയും പോകാതിരിക്കുകയും ചെയ്തു.
എന്നാല്‍ ഉച്ചയായിട്ടും ഉദ്ഘാടനത്തിന് നിലവിളക്ക് കൊളുത്താതെ സംരംഭകന്റെ വൃദ്ധമാതാവ് ഉള്‍പ്പെടെയുള്ളവര്‍ കാത്തിരിക്കുകയാണെന്ന് (സംരംഭകന്‍ ആരാണെന്ന് അറിയില്ലായിരുന്നു) അറിയിച്ചപ്പോള്‍ ഒരു അമ്മയോടുള്ള മര്യാദയുടെ പേരില്‍ അവിടെ എത്തി വിളക്ക് കൊളുത്തി ഉദ്ഘാടനം നിര്‍വ്വഹിച്ചു.
യു.എ.ഇ. കോണ്‍സുലേറ്റ് ജനറലിന്റെ സെക്രട്ടറി എന്ന നിലയില്‍ പരിചയപ്പെട്ട ഒരാളെ അവിശ്വസിക്കേണ്ട കാര്യമില്ലായിരുന്നു. യു.എ.ഇ. കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് മലയാളി എന്ന നിലയില്‍ അവര്‍ സഹായിച്ചിട്ടുമുണ്ട്. ഉദാഹരണത്തിന്, പോലീസ് വെരിഫിക്കേഷന്‍ കഴിഞ്ഞതിന് ശേഷം പാസ്‌പോര്‍ട്ട് ഓഫീസറുടെ മറ്റൊരു വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ് കൂടി വേണമെന്ന നിബന്ധന ഇടക്കാലത്ത് വരികയും ഡബിള്‍ വെരിഫിക്കേഷന്‍ പ്രക്രിയ വലിയ പ്രയാസമുണ്ടാക്കുന്നു എന്ന് പ്രവാസികള്‍ പരാതിപ്പെടുകയും ചെയ്തപ്പോള്‍ കോണ്‍സുലേറ്റ് മുഖാന്തിരം ഇടപെട്ട് പ്രശ്‌നപരിഹാരത്തിന് സ്വപ്ന സുരേഷ് സഹായിക്കുകയുണ്ടായി.
വസ്തുതകള്‍ ഇതായിരിക്കേ മാസങ്ങള്‍ക്ക് മുന്‍പ് നടന്ന ഒരു ചെറിയ ചടങ്ങിനെ ഇപ്പോഴത്തെ കുപ്രസിദ്ധമായ സ്വര്‍ണ്ണക്കടത്തുമായി ബന്ധിപ്പിക്കാന്‍ ശ്രമിക്കുന്നത് നീചപ്രവൃത്തിയാണ്. മാലിന്യം നിറഞ്ഞ മനസ്സോടെ കാര്യങ്ങളെ നോക്കിക്കണ്ട് ഒരു വലിയ സദാചാര ലംഘനം നടന്നിരിക്കുന്നു എന്ന് വ്യാഖ്യാനങ്ങള്‍ ചമയ്ക്കുന്ന ചിലരുണ്ട്. ആരോഗ്യപരമായ സ്ത്രീപുരുഷ സൗഹൃദങ്ങളെക്കുറിച്ച് അജ്ഞരായവര്‍. ക്യാമറകള്‍ക്കു മുമ്പില്‍ കൂടിനിന്ന മനുഷ്യര്‍ക്കും മുന്നിലെ പെരുമാറ്റത്തില്‍ അപാകത കാണുന്നവര്‍ മനസിലുള്ള വൈകൃതമാണ് പുറത്തെടുക്കുന്നതെന്നും വൈകാരികമായി ശ്രീരാമകൃഷ്ണന്‍ പറയുന്നു.
https://www.facebook.com/Malayalivartha


























