രാജ്യത്തോടുള്ള കൂറാ... ചാനല്‍ ചര്‍ച്ച ചൂട് പിടിച്ചപ്പോഴും രാഷ്ട്രീയ വൈരം മറന്ന് എല്ലാവരേയും പൊട്ടിച്ചിരിപ്പിച്ച് സരിത്തിന്റേയും സ്വപ്നയുടേയും അഭിഭാഷകനായ കേസരി കൃഷ്ണന്‍ നായര്‍; വിനു വി ജോണിന്റെ ചോദ്യത്തിന് ഉത്തരം പറഞ്ഞ് പറഞ്ഞ് അച്ഛന്‍ തട്ടിന്‍പുറത്തില്ലെന്നായി; പ്രേമചന്ദ്രന്‍ കൂടി ഏറ്റെടുത്തപ്പോള്‍ ദേ കിടക്കുന്നു വക്കീല്‍

ഇപ്പോഴത്തെ ചാനല്‍ ചര്‍ച്ചകള്‍ക്ക് എരിവും പുളിയും കൂടുതലാണ്. അതിനാല്‍ തന്നെ റേറ്റിംഗും കൂടുതലാണ്. സ്വപ്ന സുരേഷ് രംഗത്തെത്തിയതോടെയാണ് പണ്ട് സരിത പോയതിന്റെ നഷ്ടം വാര്‍ത്താ ചാനലുകാര്‍ നികത്തി തുടങ്ങിയത്. പൊന്‍മുട്ടയിടുന്ന താറാവാണ് ചാനലുകാരെ സംബന്ധിച്ച് സ്വപ്ന. അതിനാല്‍ തന്നെ സ്വപ്നയുമായി ബന്ധപ്പെടുത്തിയാകും ചര്‍ച്ചകളുടെ പോക്ക്. റേറ്റിംഗ് കൂടിയതോടെ ഒരു മണിക്കൂറായിരുന്ന ചാനല്‍ ചര്‍ച്ച ഒന്നര മണിക്കൂറായി. അതായത് 8 മണി മുതല്‍ 9.30 വരെ. എന്നിട്ടും എനിക്ക് പറയാന്‍ സമയം തന്നില്ലെന്ന നെഞ്ചത്തടിച്ചുള്ള വിളിയിലായിരിക്കും ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്ന രാഷ്ട്രീയ നേതാക്കള്‍ക്ക്. അതായത് അവര്‍ക്ക് വെളുക്കുവോളം സമയം കിട്ടിയാലും വീണ്ടും പറയാന്‍ ബാക്കിയുണ്ടാകും.
ഏഷ്യാനെറ്റ് അടുത്തിടേയാണ് ഇടയ്ക്ക് ചാനല്‍ ചര്‍ച്ച 9.30 വരെയാക്കുന്നത്. ആ ഒരു സുദിനം കൂടിയായിരുന്നു ഇന്നലെ. അതിന് വഴി വച്ചത് സരിത്തിന്റേയും സ്വപ്നയുടേയും അഭിഭാഷകനായ കേസരി കൃഷ്ണന്‍ നായരാണ്.
ആദ്യമൊക്കെ ആളൂര്‍ വക്കീലിനെപ്പോലെ സ്വപ്നയേയും കൊണ്ടേ പോകൂ എന്ന് തോന്നിപ്പിച്ചിരുന്നു കേസരി വക്കീല്‍. സ്വര്‍ണക്കടത്ത് കേസില്‍ ചങ്ങലയുടെ ഏറ്റവും അവസാനത്തെ കണ്ണിയാണ് സ്വപ്‌നയും സരിത്തുമെന്നാണ് കേസരി കൃഷ്ണന്‍ നായര്‍ പറഞ്ഞത്. ഇരുവരുടേയും ചില കേസുകള്‍ വാദിക്കാറുണ്ട്. ബാഗില്‍ സ്വര്‍ണമുണ്ടെന്ന് സരിത്ത് അറിഞ്ഞത് നാലാം തീയതിയാണ്. സ്വര്‍ണക്കടത്ത് ചങ്ങലയിലെ ഏറ്റവും അവസാനത്തെ കണ്ണിയാണ് സ്വപ്‌നയും സരിത്തും.
സ്വര്‍ണക്കടത്തില്‍ യു.എ.ഇ കോണ്‍സുലേറ്റ് അറ്റാഷെയ്ക്ക് നിര്‍ണായക പങ്കുണ്ടെന്നും രക്ഷപ്പെടാനായി അറ്റാഷെ, സ്വപ്ന സുരേഷിനെ കേസില്‍ കുടുക്കുമെന്നും സരിത്ത് പറഞ്ഞതായും കൃഷ്ണന്‍ നായര്‍ പറഞ്ഞു. സ്വര്‍ണക്കടത്തിനു പിന്നില്‍ വമ്പന്മാരാണ്. അന്വേഷണ ഉദ്യോഗസ്ഥര്‍ അവരിലേക്ക് എത്തുന്നില്ല. കാര്‍ഗോ കോംപ്ലക്‌സില്‍ എത്തിയ പാഴ്‌സലില്‍ സ്വര്‍ണമാണെന്ന് സരിത്ത് തന്നെ അറിയിച്ചിരുന്നതായും കൃഷ്ണന്‍ നായര്‍ പറഞ്ഞു.
സ്വര്‍ണം പിടിക്കപ്പെടും എന്നുറപ്പായ ഘട്ടത്തിലാണ് അറ്റാഷെ കാലുമാറിയത്. കസ്റ്റംസ് ഉദ്യോഗസ്ഥര്‍ നയതന്ത്ര ബാഗ് തുറക്കുന്നതിന് മുന്നോടിയായി അറ്റാഷെയെ വിളിച്ചുവരുത്തി. താന്‍ ഭക്ഷ്യവസ്തുക്കള്‍ മാത്രമാണ് ഓര്‍ഡര്‍ ചെയ്തതെന്ന് പറഞ്ഞ് ഇയാള്‍ ഒഴിയുകയായിരുന്നു.
കസ്റ്റംസ് പാഴ്‌സല്‍ വിട്ടുകൊടുക്കുന്നില്ലെന്നും പാഴ്‌സല്‍ പൊട്ടിക്കും മുമ്പ് തന്നെ സരിത്ത് തന്നോട് പറഞ്ഞിരുന്നു. നേരത്തെയും പാഴ്‌സല്‍ ക്ലിയര്‍ ചെയ്യാന്‍ പോയ പരിചയം വച്ചാണ് സരിത്ത് ഇത്തവണയും പോയത്. സ്വര്‍ണമാണെന്ന് അറിഞ്ഞപ്പോള്‍ ക്ലിയറിംഗിനായി പോകരുതെന്ന് സരിത്തിനോട് പറഞ്ഞിരുന്നെങ്കിലും നിര്‍ദ്ദേശം പാലിച്ചില്ല. കസ്റ്റംസ് ഓഫീസിലേക്ക് പോകുകയാണെന്ന് പറഞ്ഞ സരിത്തിനോട് എന്തിനാണ് പോകുന്നതെന്ന് ചോദിച്ചപ്പോള്‍ അവിടേക്ക് ചെന്നില്ലെങ്കില്‍ അറ്റാഷെ സ്വപ്നയെ കുടുക്കുമെന്ന് സരിത്ത് പറഞ്ഞു. അല്പസമയം കഴിഞ്ഞ് ഉച്ചയോടെ സരിത്തിനെ കസ്റ്റംസ് അറസ്റ്റ് ചെയ്തതായുള്ള വാര്‍ത്തയാണ് കണ്ടതെന്നും കൃഷ്ണന്‍ നായര്‍ പറഞ്ഞു.
കോണ്‍സുലേറ്റിലെ ഒരു ഉയര്‍ന്ന ഉദ്യോഗസ്ഥന്റെ പേരിലാണ് പാഴ്‌സല്‍ വന്നതെന്നും പാഴ്‌സലില്‍ 25 കിലോ സ്വര്‍ണമാണെന്നും സരിത്ത് ജൂലായ് നാലിന് തന്നോട് പറഞ്ഞിരുന്നതായി വക്കീല്‍ എടുത്തെടുത്ത് പറയുമ്പോള്‍ വിനു വി ജോണ്‍ ഇടപെട്ടു. സരിത്തിന് കൃത്യമായ് അറിയാമല്ലോ ബാഗിനുള്ളില്‍ സ്വര്‍ണമെന്ന്. അപ്പോള്‍ വക്കീല്‍ പറഞ്ഞത് നേരത്തെയും ഇത്തരത്തില്‍ പാഴ്‌സല്‍ വരാറുണ്ടെന്നും രണ്ടുതവണ ക്ലിയറന്‍സിനായി പോയിരുന്നെന്നും സരിത്ത് പറഞ്ഞിരുന്നവെന്നാണ്. അവര്‍ അവസാന കണ്ണികളാണ്, ബലിദാനികള്‍. ഇതോടെ ഇവരുടെ കള്ളക്കടത്ത് വ്യക്തമല്ലേയെന്നും രാജ്യദ്രോഹികളേയാണ് വക്കീല്‍ വലിദാനികളാക്കുന്നുവെന്നും വിനു ചോദിച്ചു. ഇതോടെ വക്കീല്‍ പെട്ടുപോയി.
ഇത് പ്രേമചന്ദ്രന്‍ എംപി കൂടി ഏറ്റെടുത്തു. പൊതുജനത്തെ ചോദ്യം ചെയ്യരുതെന്നും വക്കീല്‍ വാദിച്ച് വാദിച്ച് പ്രതികള്‍ക്ക് ജാമ്യം പോലും കിട്ടാതാക്കുമെന്നും പ്രേമചന്ദ്രന്‍ എണ്ണിയെണ്ണി പറഞ്ഞു. ഇതോടെ വക്കീല്‍ രംഗത്തെത്തുകയും രാജ്യസ്‌നേഹം കൊണ്ടാണ് ഇത് പറഞ്ഞതെന്ന് വ്യക്തമാക്കിയതോടെ ഗൗരവമേറിയ ചാനല്‍ ചര്‍ച്ച ചിരിമയമായി. ഒരിക്കലും ചിരിക്കാത്ത സിപിഎമ്മിന്റെ പി രാജീവും വിനു വി ജോണും ബിജെപിയുടെ എംടി രമേശും പ്രേമചന്ദ്രനും എന്തിന് വക്കീല്‍ കേസരിയും രാഷ്ട്രീയം മറന്ന് ചിരിച്ചു പോയി.
https://www.facebook.com/Malayalivartha


























