സിനിമാക്കാരും അങ്കലാപ്പില്‍... സര്‍ക്കാര്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറുടെ സസ്‌പെന്‍ഷന്‍ വേഗത്തിലാക്കിയത് മുന്‍ ഐടി ഫെലോ അരുണ്‍ ബാലചന്ദ്രന്റെ വെളിപ്പെടുത്തല്‍; അരുണിന്റെ സിനിമാ ബിസിനസ് ബന്ധങ്ങള്‍ സ്വയം കുരുക്കാകുമ്പോള്‍

സ്വര്‍ണ കള്ളക്കടത്ത് കേസില്‍ സ്വയം രക്ഷിക്കാനായി മുന്നോട്ടെത്തിയ മുഖ്യമന്ത്രിയുടെ മുന്‍ ഐടി ഫെലോ അരുണ്‍ ബാലചന്ദ്രനാണ് യഥാര്‍ത്ഥത്തില്‍ ബോസായ എം. ശിവശങ്കറുടെ സസ്‌പെന്‍ഷന്‍ വേഗത്തിലാക്കിയത്. ഫ്‌ളാറ്റ് വാടകയ്‌ക്കെടുത്തത് ശിവശങ്കര്‍ പറഞ്ഞിട്ടാണെന്ന് പറഞ്ഞ് ജോലിയില്‍ സംരക്ഷിച്ച ബോസിന്റെ വാട്‌സാപ്പ് ചാറ്റ് പുറത്ത് വിടുകയും ചെയ്തു. കൂടാതെ തന്നെ കുടുക്കി ശിവശങ്കറിനെ രക്ഷിക്കാനാണ് ശ്രമമെന്ന് അരുണ്‍ ബാലചന്ദ്രന്‍ എന്‍.ഐ.എയ്ക്കും കസ്റ്റംസിനും പരാതി നല്‍കുകയും ചെയ്തു.
ഐടി വകുപ്പില്‍ വരും മുന്‍പേ ശിവശങ്കറിന് സ്വപ്നയുമായി ബന്ധമുണ്ടെന്നാണ് അരുണ്‍ പറയുന്നത്. സ്വപ്നയ്ക്ക് കുറഞ്ഞ വിലയില്‍ കാര്‍ വാങ്ങുന്നതിന് ശിവശങ്കര്‍ തന്റെ സഹായം തേടിയെന്നും അരുണ്‍ വ്യക്തമാക്കി.
എന്നാല്‍ അരുണ്‍ ബാലചന്ദ്രനെ ഉന്നത പദവികളിലെത്താന്‍ സഹായിച്ചത് ഐ.ടി സെക്രട്ടറിയായിരുന്ന എം.ശിവശങ്കറാണെന്നാണ് കസ്റ്റംസ് പറയുന്നത്. മുഖ്യമന്ത്രിയുടെ ഐ.ടി ഫെലോ സ്ഥാനത്തു നിന്നും മാറ്റിയിട്ടും ഐ.ടി വകുപ്പിന്റെ മാര്‍ക്കറ്റിംഗ്ആന്‍ഡ് ഓപ്പറേഷന്‍സ് ഡയറക്ടറായി തുടരാന്‍ സഹായിച്ചത് ഈ ബന്ധമാണ്. ഏറ്റവുമൊടുവില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച പ്രവാസി പുനരധിവാസ പദ്ധതി ഡ്രീം കേരളയുടെ നടത്തിപ്പ് കമ്മിറ്റിയിലും അംഗമായി. ഡ്രീം കേരള കാമ്പെയിന്‍ ഹാക്കത്തോണ്‍, പദ്ധതി നിര്‍വഹണം എന്നിവയുടെ മേല്‍നോട്ടവും പ്ലാനും തീരുമാനിക്കേണ്ട കമ്മറ്റിയിലാണ് ഐ.എ.എസ്, ഐ.പി.എസ്, ഐ.ടി ഉന്നത ഉദ്യോഗസ്ഥരോടൊപ്പം അരുണും ഇടം പിടിച്ചത്. ജൂലായ് രണ്ടിനാണ് നോര്‍ക്ക പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇളങ്കോവന്‍ ഈ ഉത്തരവിറക്കിയത്.
അതേസമയം അരുണിന് കൊച്ചി കേന്ദ്രമായി വലിയ ബിസിനസ് ബന്ധങ്ങളുണ്ടെന്നും സാമ്പത്തിക ഇടപാടുകള്‍ വിശദമായി അന്വേഷിക്കണമെന്നും നേരത്തേ ഇന്റലിജന്‍സ് മുന്നറിയിപ്പുണ്ടായിരുന്നു. അരുണ്‍ കൊച്ചിയില്‍ വമ്പന്‍ പാര്‍ട്ടികള്‍ നടത്തിയെന്നും മുന്നറിയിപ്പിലുണ്ടായിരുന്നു. ഇതേത്തുടര്‍ന്നാണ് ഐ.ടി ഫെലോ പദവി ഒഴിവാക്കിയതെന്നാണ് സൂചന. കൊച്ചി ഇന്‍ഫോപാര്‍ക്കില്‍ ഐ.ടി മാസികയുടെ ചുമതലക്കാരനായിരുന്നു അരുണ്‍, വെബ്‌സൈറ്റ് ഡെവലപ് ചെയ്യുന്ന സ്റ്റാര്‍ട്ട് അപ് കമ്പനി ആരംഭിച്ചു. പിന്നീട് ഒരു ഫാഷന്‍ മാസികയുടെ മേധാവിയായി. 2017 അവസാനം ആ ജോലി വിട്ടു. പിന്നീടാണ് ഐ..ടി സെക്രട്ടറിയും മറ്റു ഉദ്യോഗസ്ഥരുമായുള്ള ബന്ധത്തിന്റെ പേരില്‍ സര്‍ക്കാരില്‍ കരാര്‍ ജോലി ലഭിക്കുന്നതും മുഖ്യമന്ത്രിയുടെ ഐ.ടി ഫെലോയായി ഉയര്‍ത്തപ്പെടുന്നതും. ദുബായിലും അമേരിക്കയിലും വന്‍ ഐ.ടി മേളകളില്‍ സര്‍ക്കാരിനെ പ്രതിനിധീകരിച്ച് പങ്കെടുത്തു. സ്വപ്നയ്ക്ക് ഫ്‌ളാറ്റ് വാടകയ്‌ക്കെടുക്കാന്‍ സഹായിച്ചതിന്റെ തെളിവുകള്‍ പുറത്തു വന്നതോടെയാണ്, ഐ.ടി പാര്‍ക്കുകളുടെ മാര്‍ക്കറ്റിംഗ് ആന്‍ഡ് ഓപ്പറേഷന്‍സ് ഡയറക്ടര്‍ പദവിയില്‍ നിന്ന് അരുണിനെ സര്‍ക്കാര്‍ പുറത്താക്കിയത്.
അരുണ്‍ ബാലചന്ദ്രന് പൊലീസ്, സിനിമാ, രാഷ്ട്രീയ, നയതന്ത്ര ഉന്നതരുമായി അടുത്ത ബന്ധമാണുള്ളത്. പൊലീസ് പ്രമുഖരുമായും യു.എ.ഇ ഭരണകൂടത്തിലെ ഉന്നതരുമായും അരുണിന് ബന്ധമുണ്ട്. വമ്പന്മാരുമായി സൗഹൃദം വെളിവാക്കുന്ന ചിത്രങ്ങളടങ്ങിയ അരുണിന്റെ ഫേസ്ബുക്ക് പേജ് അപ്രത്യക്ഷമായി. സിനിമാ, രാഷ്ട്രീയ ഉന്നതരുമൊത്തുള്ള ചിത്രങ്ങള്‍ ഫേസ്ബുക്കിലുണ്ടായിരുന്നു.
അതേസമയം അരുണിന്റെ വെളിപ്പെടുത്തല്‍ ശിവശങ്കറിന്റെ സസ്‌പെന്‍ഷന്‍ വേഗത്തിലാക്കുകയും ചെയ്തു. വ്യക്തിബന്ധങ്ങളില്‍ ജാഗ്രതക്കുറവ് കാട്ടി, ഔദ്യോഗിക ജീവിതത്തെ ലാഘവബുദ്ധിയോടെ സമീപിച്ചു തുടങ്ങിയ ആക്ഷേപങ്ങളാണ് എം. ശിവശങ്കറിനെതിരെ ചീഫ്‌സെക്രട്ടറി ഡോ വിശ്വാസ് മേത്തയും അഡിഷണല്‍ ചീഫ്‌സെക്രട്ടറി രാജേഷ് കുമാര്‍ സിംഗും ഉള്‍പ്പെട്ട സമിതി മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത്.
https://www.facebook.com/Malayalivartha


























