ഫ്രാങ്കോ മുളയ്ക്കലിന്റെ കോവിഡ് ഫലം വ്യാജമെന്ന് സംശയമെന്ന് സേവ് ഔര്‍ സിസ്റ്റേഴ്‌സ്

ഇക്കഴിഞ്ഞ 13-ന്, കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ പ്രതിയായ ഫ്രാങ്കോ കോടതിയില്‍ നല്‍കിയ അപേക്ഷയിലെ കാര്യങ്ങള്‍ വ്യാജമായിരുന്നുവെന്ന് സേവ് ഔര്‍ സിസ്റ്റേഴ്‌സ് (എസ്ഒഎസ് ). ഫ്രാങ്കോയുടെ കോവിഡ് ഫലം വ്യാജമെന്ന് സംശയമുണ്ടെന്നും ഫ്രാങ്കോയെ അറസ്റ്റ് ചെയ്ത് കോവിഡ് ആശുപത്രിയില്‍ പ്രവേശിപ്പിക്കണമെന്നും എസ് ഒ എസ് ആവശ്യപ്പെട്ടു.
രാവിലെ കോടതിയില്‍ കേസ് വിളിച്ചപ്പോള്‍ തന്നെ കോവിഡ് പരിശോധനക്കായി പ്രതിയുടെ നാസോഫാരിഞ്ജല്‍ സ്വാബ് ടെസ്റ്റിനെടുത്തുവെന്നും അതിനാല്‍ പ്രതി ഹാജരാവുന്നില്ലെന്നും അവധി നല്‍കണമെന്നും കാണിച്ച് പ്രതിഭാഗം അഭിഭാഷകന്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നു. രാവിലെ 10.30-നും 11 മണിക്കും ഇടയിലാണ് ഈ വിവരം കോടതിയെ ധരിപ്പിക്കുന്നത്. എന്നാല്‍ പരിശോധനാഫലത്തില്‍ പറയുന്നത് ടെസ്റ്റ് സാംപിള്‍ ശേഖരിച്ചത് അന്നേ ദിവസം (13.07.2020) 11.50 -ന് ആണെന്നാണ്. സാംപിള്‍ ശേഖരിക്കുന്നതിന് മുമ്പ് തന്നെ ശേഖരിച്ചു കഴിഞ്ഞു എന്നു പറഞ്ഞ് കോടതിയില്‍ സത്യവാങ്ങ്മൂലം നല്‍കി എന്നര്‍ത്ഥം.
അപേക്ഷയോടൊപ്പം കോടതിയില്‍ സമര്‍പ്പിച്ചത് നാല് രേഖകളാണ്. അതില്‍ രണ്ടാമതായി പറഞ്ഞിരിക്കുന്നത് ആറാം തീയതിയിലെ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് എന്നാണ്. എന്നാല്‍ SBLS താലൂക്ക് ഹോസ്പിറ്റലിലെ OPDസ്‌ളിപ്പാണ് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് എന്ന പേരില്‍ ഹാജരാക്കിയിരിക്കുന്നത്.
Trunat ടെസ്റ്റിന് വേണ്ടി ഡോക്ടര്‍ റഫര്‍ ചെയ്ത സ്‌പെസിമന്‍ റെഫറല്‍ ഫോമാണ് മൂന്നാമതായി സമര്‍പ്പിച്ചത്. Trunat ടെസ്റ്റ് അടിയന്തിരാവശ്യങ്ങള്‍ക്ക് വേണ്ടി മാത്രമുള്ളതാണ്. അത് നിര്‍വഹിക്കാന്‍ ചികില്‍സിക്കുന്ന ഡോക്ടറുടെ നിശ്ചിത ഫോമിലുള്ള റഫറല്‍ ലെറ്റര്‍ നിര്‍ബന്ധമാണ്. ഇതു രണ്ടും വ്യാജമാണ്. കോടതിയെ തെറ്റിദ്ധരിപ്പിക്കലാണ്.
Dr. Tarsem Lal എന്ന ഡോക്ടര്‍ ഒപ്പിട്ടിരിക്കുന്ന റഫറല്‍ ലെറ്ററാണ് കോടതിയില്‍ സമര്‍പ്പിച്ചിട്ടുള്ളത്. അദ്ദേഹത്തിന്റെ ഫോണ്‍ നമ്പറും അതില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ SOS ആ ഡോക്ടറുമായി ബന്ധപ്പെട്ടപ്പോള്‍ ബിഷപ്പ് ഫ്രാങ്കോയെ True Nat ടെസ്റ്റ് നടത്തുവാനായി ഡോ. ടാര്‍സം ലാല്‍ റഫര്‍ ചെയ്തിട്ടില്ല എന്നാണ് പറഞ്ഞത്. അങ്ങിനെയെങ്കില്‍ കോടതിയില്‍ സമര്‍പ്പിച്ചത് വ്യാജ റഫറല്‍ ലെറ്ററാണ്.
ഇതേ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളറിയാന്‍ ജലന്ധര്‍ ജില്ലാ ഗവണ്‍മെന്റ് ആശുപത്രിയിലെ VRDL സെന്റര്‍ ഡയറക്ടര്‍ Dr. Sethi യുമായി SOS ബന്ധപ്പെട്ടു. Dr. ടാര്‍സം ലാലിന്റെ പേരിലുള്ള റഫറല്‍ ലെറ്റര്‍ കിട്ടിയതു കൊണ്ടു മാത്രമാണ് Truenet Test ന് അനുവാദം കൊടുത്തത് എന്നാണ് അദ്ദേഹം പറഞ്ഞത്. എന്നാല്‍ കോവിഡ് സാംപിള്‍ എടുത്തത് താനല്ലെന്നും ENT സര്‍ജനാണെന്നും അദ്ദേഹം പറഞ്ഞു.
ജലന്ധര്‍ ജില്ലാ ആശുപത്രിയുടെ മേധാവി ഡോ. ഹരീന്ദര്‍പാല്‍ സിങ്ങിനോട് ഈ സംഭവത്തെക്കുറിച്ച് പരാതിപ്പെടാന്‍ എസ്സ് ഒ എസ്സ് ബന്ധപ്പെട്ടു. അദ്ദേഹം പറഞ്ഞത് ആറാം തീയതി ബിഷപ്പ് ഫ്രാങ്കോയുടെ കോവിഡ് പരിശോധനക്കായി PCL ടെസ്റ്റ് നടത്തിയിരുന്നുവെന്നും എന്നാല്‍ അതിന്റെ ഫലം നെഗറ്റീവ് ആയിരുന്നുവെന്നുമാണ്. ഈ വിവരം കോടതിയില്‍ നിന്നും ഫ്രാങ്കോ മറച്ചു വച്ചുവെന്നാണ് വ്യക്തമാകുന്നത്.
മൈക്രോബയോളജിയില്‍ ജോലി ചെയ്യുന്ന ഡോ. ആല്‍ഫ്രഡ് ആണ് റഫറല്‍ ലെറ്റര്‍ തയ്യാറാക്കിയതെന്നും എന്നാല്‍ ഡോ. ആല്‍ഫ്രഡ് തെറ്റായി മറ്റൊരു ഡോക്ടറുടെ പേരും ഒപ്പും ഉപയോഗിച്ചതായി മനസ്സിലാക്കുന്നുവെന്നും അതിനാല്‍ അദ്ദേഹത്തോട് നടപടി എടുക്കാതിരിക്കാന്‍ വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട് എന്നും ഡോ. ഹരീന്ദര്‍ വെളിപ്പെടുത്തി.
ടെസ്റ്റ് ചെയ്ത സാമ്പിള്‍ പോസിറ്റീവ് ആയിരുന്നു എന്നും എന്നാല്‍ സാമ്പിളിന്റെ ആധികാരികത തനിക്കറിയില്ലെന്നും അത് ടെക്‌നീഷ്യനും ഡോ. ആല്‍ഫ്രഡിനും മാത്രമേ അറിയൂവെന്നും അദ്ദേഹം പറഞ്ഞു.
കോടതിയെ കബളിപ്പിക്കുകയും തെറ്റിദ്ധരിപ്പിക്കുകയും ചെയ്തതിനാല്‍ കേരള പൊലീസ് ബിഷപ്പ് ഫ്രാങ്കോയെ ഉടനടി അറസ്റ്റ് ചെയ്ത് പൊലീസ് സംരക്ഷണത്തില്‍ കോവിഡ് പരിശോധന വീണ്ടും നടത്തണമെന്നും വേണ്ടിവന്നാല്‍ കോവിഡ് ആശുപത്രിയില്‍ കസ്റ്റഡിയില്‍ സൂക്ഷിക്കണമെന്നും SOS ആവശ്യപ്പെട്ടു.
കോട്ടയം എസ്പിക്ക് ഈ ആവശ്യമുന്നയിച്ച് പരാതി നല്‍കുമെന്നും SOS അറിയിച്ചു. കണ്‍വീനര്‍ ഫെലിക്‌സ് ജെ പുല്ലൂടന്‍, ജോയിന്റ് കണ്‍വീനര്‍ ഷൈജു ആന്റണി എന്നിവര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.
https://www.facebook.com/Malayalivartha


























