ടെന്നി ജോപ്പനെ മറന്നിട്ടില്ലല്ലോ? ജോപ്പനും ചോദിക്കാനുണ്ട് സ്പീക്കറോട്; സോളാര്‍ കേസില്‍ ചാനലില്‍ കയറയിരുന്നു കസറി; സ്വപ്നക്കേസില്‍ വന്നപ്പോള്‍ വേദനിക്കുന്നുണ്ടോയെന്നാണ് ജോപ്പന് സ്പീക്കറോട് ചോദിക്കുന്നത്; ഇതാണ് സര് എല്ലാവരുടെയും കാര്യം

സോളാര്‍ കേസില്‍ പ്രതിസ്ഥാനത്തു നിന്ന പ്രമുഖനാണ് അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പി.എ ടെന്നി ജോപ്പന്. അന്ന് നിരവധി ആരോപമങ്ങള്‍ കേള്‍ക്കുകയും മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും പുറത്താക്കുകയും പിന്നീട് പോലീസ് അറസ്റ്റു ചെയ്യുകയും ചെയ്തിരുന്നു. അങ്ങനെ സമൂഹത്തില്‍ നിന്നും പോലും ജോപ്പന് ഒരു കാലത്ത് ഒറ്റപ്പെട്ടു. ഇന്ന് സ്വപ്നയുടെ കള്ളക്കടത്ത് കേസ് വന്നതോടെ സോളാര്‍ കേസിനൊപ്പം സരിതയും ടെന്നി ജോസപ്പനും എല്ലാം ഓര്‍മകളില്‍ വന്നു പോകുകയാണ്. ഇപ്പോള്‍ ജോപ്പന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് വീണ്ടും വാര്‍ത്തകളില്‍ ചര്‍ച്ചയാകുകയാണ്. സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനോടുള്ള ചോദ്യങ്ങളാണ് ജോപ്പന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. സോളാര്‍ കേസ് ഉണ്ടായ സമയത്ത് ചാനലുകളില്‍ വന്നിരുന്നു എന്നെയും എന്റെ കുടുംബത്തെയും അടച്ച് ആക്ഷേപിച്ചത് എന്തിനായിരുന്നുവെന്ന് ജോപ്പന് ചോദിച്ചു. ഇപ്പോള്‍ ഒരു കേസ് അങ്ങേക്ക് നേരെ വന്നപ്പോള്‍ അങ്ങേക്ക് വേദനിച്ചു അല്ലേയെന്നും ജോപ്പന് ചോദിചിക്കുന്നു.
ഏഴു വര്‍ഷം കഴിഞ്ഞിട്ടും ഇപ്പോഴും തന്നെയും കുടുംബത്തെയും വിടാതെ പിന്തുടരുകയാണല്ലോ നിങ്ങളെന്നും അദ്ദേഹം ഫെയ്സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ ചോദിച്ചു. ദൈവം എന്നൊരു മഹാശക്തി ഉണ്ടെന്നും അതിനെ ആര്‍ക്കും വിസ്മരിക്കാന്‍ കഴിയില്ലെന്നാണ് പഠിച്ചിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ടെന്നി ജോപ്പന്റെ ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
ബഹുമാനപെട്ട സ്പീക്കര്‍ സര്, അങ്ങയോടു ഒരു ചോദ്യം? എന്തിനായിരുന്നു അങ്ങ് സോളാര്‍ കേസ് ഉണ്ടായ സമയത്ത് ചാനലുകളില്‍ വന്നിരുന്നു എന്നെയും എന്റെ കുടുംബത്തെയും അടച്ചു ആക്ഷേപിച്ചത്? ഇപ്പോള്‍ ഒരു കേസ് വന്നപ്പോള്‍, അത് അങ്ങേക്ക് നേരെ വന്നപ്പോള്‍ അങ്ങേക്ക് വേദനിച്ചു അല്ലെ? (അങ്ങേയ്ക്ക് ഇതുമായി ബന്ധം ഉണ്ടോ ഇല്ലിയോ എന്ന് എനിക്കറിയില്ല ) ഇതാണ് സര് എല്ലാവരുടെയും കാര്യം.
ഒരു സ്ത്രീയെ ഫോണ്‍ ചെയ്തു എന്നത് ആയിരുന്നല്ലോ ഞാന്‍ ചെയ്തു എന്ന് പറയുന്ന കുറ്റം. അതിന്റെ പേരില്‍ ഞാനും എന്റെ കുടുംബവും അനുഭവിച്ച വേദന, ഇപ്പോഴും അനുഭവിച്ചു കൊണ്ടിരിക്കുന്ന വേദന ആര്‍ക്ക് മാറ്റാന്‍ കഴിയും സര്?
ഇനി കേസിലേക്ക് വരാം. അങ്ങ് ഉള്‍പ്പടെ എല്ലാരും ചോദിക്കുന്ന ഒരു ചോദ്യം ഉണ്ട്? അന്ന് എന്ത് നടപടി എടുത്ത് എന്ന്. 2013 ജൂണ്‍ 10ന് സോളാര്‍ കേസ് വരുന്നു. ജൂണ്‍ 13 ന് ഞാന്‍ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സാറിന് എന്റെ രാജിക്കത്തു ഞാന്‍ കൊടുക്കുന്നു. ജൂണ്‍ 15നു എന്നെ ജോലിയില്‍ നിന്നും പിരിച്ചു വിട്ടു. (ആര്‍ക്കെങ്കിലും സംശയം ഉണ്ടങ്കില്‍ പൊതു ഭരണ വകുപ്പില്‍ അതിന്റ കോപ്പി കിട്ടും). അന്ന് മുതല്‍ ഈ നിമിഷം വരെ ജീവിക്കാനായി കഷ്ടപ്പെടുകയാണ് ഞാനും എന്റെ കുടുംബവും. അങ്ങേക്ക് അറിയാമോ. അങ്ങനെ 67 ദിവസം ഞാന്‍ ജയിലില്‍ കിടന്നപ്പോഴും എന്നെ സഹായിക്കാന്‍ ഒരു പാര്ട്ടിക്കാരനെയും ഞാന്‍ കണ്ടില്ല. എന്റെ കുടുംബം അല്ലാതെ.
ഞാന്‍ ഈ എഴുതുന്നത് 7 വര്‍ഷം കഴിഞ്ഞിട്ടും ഇപ്പോഴും എന്നെയും എന്റെ കുടുംബത്തെയും വിടാതെ പിന്തുടരുകയാണല്ലോ നിങ്ങള്‍ ഇപ്പോഴും? കോടതിയില്‍ കിടക്കുന്ന കേസ് ആയതു കൊണ്ട് എനിക്കു കൂടുതല്‍ ഒന്നും പറയാനില്ല. ബാക്കി കാര്യങ്ങള്‍ ബഹുമാനപെട്ട കോടതി തീരുമാനിക്കട്ടെ. ദൈവം എന്നൊരു മഹാശക്തി ഉണ്ട്. അതിനെ ആര്‍ക്കും വിസ്മരിക്കാന്‍ കഴിയില്ല എന്നാണ് ഞാന്‍ പഠിച്ചിട്ടുള്ളത്. (ഒരുപാട് എഴുതണം എന്നുണ്ട്. എഴുതാന്‍ പറ്റുന്നില്ല. ഇനി എല്ലാം ദൈവം തീരുമാനിക്കട്ടെ).
https://www.facebook.com/Malayalivartha



























