മുഖ്യമന്ത്രിയുടെ ഓഫീസിന് സി.പി.എം സെക്രട്ടേറിയേറ്റിന്റെ രൂക്ഷ വിമര്‍ശനം; എം. ശിവശങ്കറിനെ കയറൂരിവിട്ടു; മുഖ്യമന്ത്രിക്ക് ഓഫീസിലെ ഉദ്യോഗസ്ഥരെ നിയന്ത്രിക്കാന്‍ സാധിച്ചില്ല; സര്‍ക്കാറിന്റെ പ്രതിച്ഛായയെ ബാധിച്ചു

സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ സി.പി.എം സെക്രട്ടേറിയേറ്റിന്റെ രൂക്ഷ വിമര്‍ശനം. സ്വര്‍ണക്കടത്ത് വിവാദം സര്‍ക്കാറിന്റെ പ്രതിച്ഛായയെ പ്രതികൂലമായി ബാധിച്ചെന്നും മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിയന്ത്രണത്തില്‍ ഗുരുതരമായ പാളിച്ച ഉണ്ടായെന്നും സി.പി.എം സെക്രട്ടേറിയേറ്റ് വിമര്‍ശിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥരെ ഫലപ്രദമായി നിയന്ത്രിക്കാന്‍ കഴിഞ്ഞില്ല. മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ അധികാര കേന്ദ്രമായി സ്വയം മാറി. ശിവശങ്കറിന്റെ ഇടപാടുകള്‍ സര്‍ക്കാര്‍ കൃത്യമായി നിരീക്ഷിച്ചില്ല. ഇക്കാര്യത്തില്‍ ജാഗ്രതക്കുറവുണ്ടായെന്നും സി.പി.എം സംസ്ഥാന സെക്രട്ടേറിയേറ്റില്‍ വിമര്‍ശനം ഉയര്‍ന്നു.
കോവിഡ് പ്രതിരോധത്തിന്റെ നേട്ടം ഈ വിവാദത്തില്‍ നഷ്ടമായെന്നും സെക്രട്ടേറിയേറ്റ് ചൂണ്ടിക്കാണിച്ചു. ഇനി ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്നും സെക്രട്ടേറിയേറ്റ് നിര്‍ദേശിച്ചു. വിവാദങ്ങള്‍ ഊതിപ്പെരുപ്പിക്കാന്‍ പ്രതിപക്ഷത്തിനായി. എന്നാല്‍ സര്‍ക്കാരിനെതിരായ പ്രചാരണങ്ങള്‍ക്ക് അതേ രീതിയില്‍ തിരിച്ചടിക്കണമെന്നും സെക്രട്ടേറിയേറ്റ് നിര്‍ദേശിച്ചു. ഓഗസ്റ്റില്‍ വിപുലമായ ക്യാമ്പയിനിലേക്ക് പാര്‍ട്ടി നീങ്ങുമെന്നും സി.പി.എം വ്യക്തമാക്കി.
മുഖ്യമന്ത്രിയുടെ ഓഫീസില്‍ ശിവശങ്കറിന്റെ ഇടപെടലുകള്‍ നിരീക്ഷിക്കാനായില്ലെന്നും, വിഷയവുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദം ഊതിപ്പെരുപ്പിക്കാന്‍ പ്രതിപക്ഷത്തിന് സാധിച്ചുവെന്നും വിമര്‍ശനം ഉയര്‍ന്നു. അതേസമയം വിവാദത്തില്‍ പ്രതിസ്ഥാനത്തുള്ള തന്റെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും വിശ്വസ്തനുമായിരുന്ന ശിവശങ്കറിനെ പൂര്‍ണ്ണമായി കൈയ്യൊഴിയുന്ന നിലപാടാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വീകരിച്ചത്. ശിവശങ്കറിന്റെ വീഴ്ചകള്‍ വിശദീകരിച്ചായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പാര്‍ട്ടി യോഗത്തില്‍ മറുപടി പറഞ്ഞത്. ശിവശങ്കറിന് അപ്പുറം കേസില്‍ തന്റെ ഓഫീസിലെ മറ്റാര്‍ക്കും ബന്ധമില്ലെന്നും മുഖ്യമന്ത്രി യോഗത്തില്‍ പറഞ്ഞു.
പ്രസ്താവനകളില്‍ മുഖ്യമന്ത്രിയെ പിന്തുണക്കുമ്പോഴും മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ പാര്‍ട്ടിക്കുള്ളില്‍ അതൃപ്തി ശക്തം. മുന്നണി നയം പോലും കാര്യമാക്കാതെ എം ശിവശങ്കറിനെ കയറൂരി വിട്ട മുഖ്യമന്ത്രിക്ക് ഒടുവില്‍ കിട്ടിയത് കനത്ത തിരിച്ചടിയാണ്. ഓഫീസില്‍ പ്രൈവറ്റ് സെക്രട്ടറി, അഡീഷണല്‍ െ്രെപവറ്റ് സെക്രട്ടറി തലത്തില്‍ അഴിച്ചുപണി വേണമെന്ന ആവശ്യം ശക്തമാണ്. മുഖ്യമന്ത്രിയുടെ ഓഫീസ് നിയന്ത്രിച്ച എം.വി ജയരാജന്‍ കണ്ണൂര്‍ ജില്ലാസെക്രട്ടറിയായി പോയതിന് ശേഷമാണ് നിയന്ത്രണം ശിവശങ്കറിലേക്ക് എത്തുന്നത്. പുതിയ പശ്ചാത്തലത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ നിന്നോ സംസ്ഥാനകമ്മിറ്റിയില്‍ നിന്നോ ഉള്ള ഒരാള്‍ക്ക് ഓഫീസ് ചുമതല നല്‍കാനും സിപിഎം ആലോചിക്കുന്നു.
https://www.facebook.com/Malayalivartha



























