സ്വര്‍ണക്കടത്തിന്റെ മറവില്‍ കോടികളുടെ ഹവാല ഇടപാട്, യുഎഇ കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥരെ എന്‍ഐഎ ചോദ്യം ചെയ്തു

സ്വര്‍ണക്കടത്തിന്റെ മറവില്‍ കോടികളുടെ ഹവാല ഇടപാട് നടന്നിട്ടുണ്ടെന്ന സംശയം ബലപ്പെട്ട സാഹചര്യത്തില്‍ കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥരുടെ ബന്ധങ്ങള്‍, പുറത്തുനിന്നുള്ളവരുടെ സ്വാധീനം, പണത്തിന്റെ കൈമാറ്റം എന്നിവയെക്കുറിച്ച് അറിയാന്‍ യുഎഇ കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥരെ എന്‍ഐഎ ചോദ്യം ചെയ്തു. കോണ്‍സുലേറ്റിലെ വീസ സ്റ്റാംപിങ് ഉള്‍പ്പെടെയുള്ള കാര്യങ്ങളുടെ ധനകാര്യ ഇടപാടുകള്‍ ഒരു സ്വകാര്യ കമ്പനിയെയാണ് ഏല്പിച്ചിരിക്കുന്നത്. ഈ സ്ഥാപനം വഴി ഹവാല പണത്തിന്റെ ഒഴുക്കുണ്ടായിട്ടുണ്ടെന്നാണ് എന്‍ഐഎയുടെ വിലയിരുത്തല്‍. ഓഫിസ് കാര്യങ്ങളല്ലാതെ മറ്റൊന്നും അറിയില്ലെന്ന് കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥര്‍ എന്‍ഐഎയെ അറിയിച്ചു. എന്നാല്‍ ചിലരോട് ആരാഞ്ഞ കാര്യങ്ങള്‍ക്കു വ്യക്തമായ മറുപടി ലഭിച്ചിട്ടില്ല. ഇവരെ വീണ്ടും വിളിപ്പിക്കും.
നഗരത്തിലെ പ്രമുഖ വാഹന വ്യാപാരിയുടെ മണി എക്സ്ചേഞ്ച് ലൈസന്‍സ് ഉപയോഗിച്ചാണ് ഈ സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. ലൈസന്‍സ് ഉപയോഗിക്കാന്‍ മറ്റൊരാളെ ചുമതലപ്പെടുത്താന്‍ പാടില്ല. കമ്പനിയുടെ ഡയറക്ടര്‍മാര്‍ ഒഴികെ 4 പേരുടെ ബെനാമി പങ്കാളിത്തമാണ് എന്‍ഐഎ പരിശോധിക്കുന്നത്. ഭരണകക്ഷിയിലെ ഒരു ഉന്നത നേതാവിന്റെ മകനും സ്വര്‍ണക്കടത്തു കേസിലെ മുഖ്യപ്രതികളില്‍ ഒരാളായ സ്വപ്ന സുരേഷിനും ഈ സ്ഥാപനത്തില്‍ ബെനാമി പങ്കാളിത്തം ഉണ്ടെന്നാണ് എന്‍ഐഎയ്ക്കു ലഭിച്ച വിവരം.
യുഎഇ കോണ്‍സുലേറ്റ് മുന്‍ ജീവനക്കാരനും കേസിലെ ഒന്നാം പ്രതിയുമായ പി.എസ്. സരിത്തിന്റെ ബന്ധുവിനെ കസ്റ്റംസ് ചോദ്യം ചെയ്തു വിട്ടയച്ചു. ഇയാളുടെ കയ്യിലുണ്ടായിരുന്ന സരിത്തിന്റെ ലാപ്ടോപ്പും കോണ്‍സുലേറ്റിന്റെ പേരില്‍ വ്യാജരേഖയുണ്ടാക്കിയതിന്റെ തെളിവും കണ്ടെടുത്തു. സരിത്തിന്റെ വീട്ടിലെത്തിയ കസ്റ്റംസിന്റെ സംഘം സീല്‍ നിര്‍മിച്ച മെഷീന് പിടിച്ചെടുത്തു.
രാജ്യത്തിന്റെ സല്‍പേരിന് ദോഷം ചെയ്ത സംഭവമായതിനാല്‍ ഈ കേസിനെ ഗൗരവത്തോടെയാണ് യുഎഇ കാണുന്നത്. അന്വേഷണത്തില്‍ എല്ലാ സഹകരണവും ദുബായ് പൊലീസ് വാഗ്ദാനം ചെയ്തിട്ടുണ്ട്. സ്വര്‍ണക്കടത്ത് കേസിലെ മൂന്നാം പ്രതി ഫൈസല്‍ ഫരീദിനെ ഇന്ത്യയ്ക്കു കൈമാറാനുള്ള തയാറെടുപ്പുമായി യുഎഇ അധികൃതര്‍. ദുബായ് പൊലീസിന്റെ നിരീക്ഷണത്തിലുള്ള ഇയാളെ ഇന്ത്യ ആവശ്യപ്പെട്ടാലുടന്‍ കസ്റ്റഡിയിലെടുത്ത് കൈമാറും.
ഇതിനിടെ, തൃശൂര്‍ കയ്പമംഗലത്ത് ഫൈസല്‍ ഫരീദിന്റെ വീട്ടില്‍ മുറിയുടെയും അലമാരകളുടെയും പൂട്ടുപൊളിച്ച് കസ്റ്റംസിന്റെ റെയ്ഡ്. 4 മണിക്കൂര്‍ നീണ്ട പരിശോധനയ്ക്കൊടുവില്‍ ചില രേഖകളും കംപ്യൂട്ടറും കസ്റ്റഡിയിലെടുത്തു.
https://www.facebook.com/Malayalivartha


























