മറക്കില്ല സ്വപ്‌നേ... കസ്റ്റംസ് റെയിഡിന് പിന്നാലെ സ്വപ്ന സരിത്തിന്റെ വീട്ടിലെത്തി അമ്മയെ കെട്ടിപ്പിടിച്ച് ആശ്വസിപ്പിച്ചു; അതേസമയം സ്വപ്നയുടെ പഴയ കേസ് പൊടിതട്ടിയെടുക്കാന്‍ എന്‍ഐഎ; എയര്‍ ഇന്ത്യാ ഉദ്യോഗസ്ഥനെ ആള്‍മാറാട്ടം നടത്തി വ്യാജ പീഡനക്കേസില്‍ കുടുക്കിയ സ്വപ്‌നാ സുരേഷിനെതിരായ വിവരങ്ങള്‍ അവശ്യപ്പെട്ട് എന്‍ഐഎ

സ്വര്‍ണക്കടത്ത് കേസില്‍ പിടിയിലായ സ്വപ്ന സുരേഷ് തലസ്ഥാനത്ത് കറങ്ങിയതിന് കൂടുതല്‍ തെളിവുകള്‍. സ്വപ്നയുടെ മൊബൈല്‍ ഫോണിന്റെ ടവര്‍ ലൊക്കേഷന്‍ തലസ്ഥാനം കാണിച്ചപ്പോള്‍ അതിന് സാക്ഷ്യം വഹിക്കുന്ന തെളിവുകളുമായി രംഗത്തെത്തിയിരിക്കുകയാണ് സരിത്തിന്റെ അഭിഭാഷകന്‍ കൃഷ്ണന്‍ നായര്‍. നിര്‍ണായക വെളിപ്പെടുത്തലുകളാണ് വക്കില്‍ നടത്തിയത്. സ്വപ്ന ബംഗളൂരുവിലേക്ക് കടക്കും മുമ്പ് സരിത്തിന്റെ വീട്ടിലെത്തിയിരുന്നെന്നാണ് വക്കീല്‍ വെളിപ്പെടുത്തിയത്. സരിത്തിന്റെ വീട്ടിലെ കസ്റ്റംസ് റെയിഡിന് തൊട്ടു പിന്നാലെയാണ് സ്വപ്ന എത്തിയത്.
.
സരിത്തിനെ അറസ്റ്റ് ചെയ്തതിന് ശേഷം സ്വപ്ന വിളിച്ചത് പ്രകാരം അവര്‍ക്കൊപ്പം സരിത്തിന്റെ വീട്ടില്‍ പോയി എന്നാണ് കൃഷ്ണന്‍നായര്‍ പറയുന്നത്. കൂടെ സ്വപ്നയുടെ ഭര്‍ത്താവും മക്കളുമുണ്ടായിരുന്നു. അവിടെ എത്തിയപ്പോഴാണ് കസ്റ്റംസ് റെയിഡ് നടത്തിയ വിവരം അറിയുന്നത്. വിഷമിച്ച് നില്‍ക്കുന്ന സരിത്തിന്റെ അമ്മയെ സ്വപ്ന കെട്ടിപ്പിടിച്ചു. മകനെ മടക്കി കൊണ്ടുവരുമെന്ന് പറഞ്ഞ് സ്വപ്ന സരിത്തിന്റെ മാതാപിതാക്കളെ ആശ്വസിപ്പിച്ചു. സരിത്തിനെ രക്ഷിക്കാന്‍ സ്വപ്ന അവസാനവട്ട ശ്രമം നടത്തിയപ്പോഴും രക്ഷയില്ല. തുടര്‍ന്നാണ് ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് നാട് വിട്ടത്.
സ്വപ്ന സരിത്തിന്റെ വീടിനകത്തേക്ക് കയറിയിട്ടില്ലെന്നാണ് അഭിഭാഷകന്‍ പറയുന്നത്. അതേസമയം, സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിന് എല്ലാവിധ സഹായങ്ങളും വാഗ്ദ്ധാനം ചെയ്ത് ഡി.ജി.പി എന്‍.ഐ.എയ്ക്ക് കത്തയച്ചു.
ഇതോടൊപ്പം എന്‍ഐഎ കേസും മുറുക്കുകയാണ്. എയര്‍ ഇന്ത്യാ സാറ്റ്‌സ് ഉദ്യോഗസ്ഥനെ ആള്‍മാറാട്ടം നടത്തി വ്യാജ പീഡനക്കേസില്‍ കുടുക്കിയ സ്വപ്‌നാ സുരേഷിനെതിരായ വിവരങ്ങള്‍ എന്‍.ഐ.എ ക്രൈംബ്രാഞ്ചിനോടാവശ്യപ്പെട്ടു. തിരുവനന്തപുരം വിമാനത്താവളത്തില്‍ എച്ച്.ആര്‍ വിഭാഗത്തിലായിരുന്നപ്പോഴാണ് ടെക്‌നിക്കല്‍ വിഭാഗത്തിലെ ഉദ്യോഗസ്ഥനെതിരെ വ്യാജ പീഡനപരാതി നല്‍കിയത്. ഈ കേസില്‍ രണ്ടുവര്‍ഷം മുമ്പ് തെളിവുസഹിതം ക്രൈംബ്രാഞ്ച് സ്വപ്നയെ കുടുക്കിയപ്പോള്‍ രക്ഷിച്ചത് പൊലീസിലെ ഉന്നതരാണെന്ന് ആക്ഷേപമുയര്‍ന്നിരുന്നു. പ്രമുഖ മാധ്യമങ്ങള്‍ ഇത് ചര്‍ച്ചയാക്കിയപ്പോള്‍ പോലീസിലും പരാതി ഉയര്‍ന്നിരുന്നു.
2015 മാര്‍ച്ച് 17നാണ് എയര്‍ഇന്ത്യ സാറ്റ്‌സിലെ 17 പെണ്‍കുട്ടികള്‍ ഉദ്യോഗസ്ഥനെതിരെ പരാതി നല്‍കിയത്. തുടര്‍ന്ന് എയര്‍ ഇന്ത്യയിലെ ആഭ്യന്തര അച്ചടക്കസമിതി ഉദ്യോഗസ്ഥനെ പുറത്താക്കി. പിന്നീടുണ്ടായ ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ പെണ്‍കുട്ടികള്‍ സംഭവത്തെക്കുറിച്ച് അറിഞ്ഞിരുന്നില്ലെന്ന് കണ്ടെത്തി. പരാതിക്ക് പിന്നില്‍ സ്വപ്നയാണെന്നും കണ്ടെത്തി. ഈ കേസിന്റെ വിവരങ്ങളാണ് എന്‍.ഐ.എ തേടിയത്.
കൊച്ചിയിലെ എന്‍.ഐ.എ എസ്.പി. രാഹുല്‍ കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ബി. അനില്‍കുമാറിനെ ഫോണില്‍ വിളിച്ച് വിവരങ്ങള്‍ ആരാഞ്ഞിരുന്നു. ഇതിനു പിന്നാലെ എന്‍.ഐ.എ ഡിവൈ.എസ്.പി വിജയകുമാറും സംഘവും തിരുവനന്തപുരം ജവഹര്‍ നഗറിലുള്ള ക്രൈംബ്രാഞ്ച് ഓഫീസിലെത്തി ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തുകയായിരുന്നു. ഒന്നര മണിക്കൂര്‍ നീണ്ട ചര്‍ച്ചയില്‍ അന്വേഷണ വിവരങ്ങള്‍ പരസ്പരം കൈമാറിയിട്ടുണ്ട്.കഴിഞ്ഞ മേയില്‍ ക്രൈംബ്രാഞ്ച് സ്വപ്നയെ ചോദ്യംചെയ്യാന്‍ വിളിപ്പിച്ചിരുന്നെങ്കിലും അച്ഛന്റെ മരണാനന്തര ചടങ്ങുകളുണ്ടെന്ന് പറഞ്ഞ് അവര്‍ ഹാജരായില്ല. ഇതിനുശേഷം സ്വപ്നയെ പിടികൂടാന്‍ ക്രൈംബ്രാഞ്ച് ശ്രമിച്ചില്ലെന്നും ആരോപണമുണ്ട്. ക്രൈംബ്രാഞ്ച് കേസുണ്ടായിട്ടും കേസില്ലാരേഖ ഹാജരാക്കി ഐ.ടി വകുപ്പില്‍ സ്വപ്ന ജോലിയില്‍ പ്രവേശിച്ചതും ദുരൂഹമാണ്. സ്വപ്നയെ രക്ഷിക്കാന്‍ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ ശ്രമിച്ചെന്ന വിവരവും എന്‍.ഐ.എയ്ക്ക് കിട്ടിയിട്ടുണ്ട്. ഇതെല്ലാം വള്ളിപുള്ളി തെറ്റാതെ ശേഖരിക്കുകയാണ് എന്‍ഐഎ.
https://www.facebook.com/Malayalivartha


























