മറക്കില്ല മോളേ... ഏഷ്യാനെറ്റ് സര്‍വേയില്‍ തുടര്‍ഭരണം പ്രവചിച്ച് മണിക്കൂറുകള്‍ കഴിയും മുമ്പേ ആഞ്ഞടി തുടങ്ങി; ഇടതുമുന്നണിക്ക് അപാര സാധ്യതയുള്ളപ്പോള്‍ പ്രതിപക്ഷത്തിന് വളം ഇട്ടുകൊടുത്തതാര്; ഇനിയും സ്വപ്നമാരും ശിവശങ്കരന്‍മാരും ഉണ്ടാകാതിരിക്കാന്‍ പാര്‍ട്ടി

ഇതാണ് ഈ ചാനലുകാരെ വിശ്വസിക്കരുത് വിശ്വസിക്കരുത് എന്ന് പറയുന്നത്. അല്ലെങ്കില്‍ ഉറങ്ങിക്കിടന്ന ഇടതുപക്ഷത്തിന് അസമയത്ത് ചോറുണ്ടെന്ന് പറയേണ്ട വല്ല കാര്യമുണ്ടായിരുന്നോ. നിയമസഭാ തെരഞ്ഞെടുപ്പിന് ഇനിയും മാസങ്ങള്‍ ഉണ്ടെന്നിരിക്കെ എഷ്യാനെറ്റ് സീഫോര്‍ സര്‍വേ എന്തിനെന്ന ചോദ്യം അന്നേ എല്ലാവരും ഉന്നയിച്ചതാണ്. എങ്കിലും കുഴപ്പമില്ല കോവിഡിനിടയില്‍ അല്‍പം റിലാക്‌സ് ആകാമെന്ന് കരുതി എല്ലാവരും കണ്ടു. ചാനലിന്റെ റേറ്റിംഗും കൂടി. അതേസമയം തന്നെ സഖാക്കളുടെ ഇടയില്‍ ഒരു പ്രചാരണവും ഉണ്ടായി. ചാനലിന്റെ വലയില്‍ ആരും വീണ് പോകല്ലെന്നും അവര്‍ പുകഴ്ത്തുമെന്നും. പാര്‍ട്ടിയുടെ വിലയിരുത്തല്‍ പോലെ ഇടതുമുന്നണിയ്ക്ക് തുടര്‍ഭരണം പ്രവചിക്കുകയും ചെയ്തു. മാത്രമല്ല മുഖ്യമന്ത്രിയായി പിണറായി വിജയനെ വിരേതിഹാസമായി ഉയര്‍ത്തിക്കാട്ടുകയും ചെയ്തു. മുഖ്യമന്ത്രി കുപ്പായം തയ്പ്പിച്ച ചെന്നിത്തലയെ ഉമ്മന്‍ചാണ്ടി വെട്ടുകയും ചെയ്തു. കേള്‍ക്കാന്‍ സുഖമുള്ള കാര്യമായതിനാല്‍ പഴയതെല്ലാം മറന്ന് സഖാക്കള്‍ തന്നെ സര്‍വേ ആഘോഷിച്ചു.
അതേസമയം ഇത് ചെന്നിത്തലയ്ക്കും സുരേന്ദ്രനും പ്രതിപക്ഷത്തിനും വലിയ ഊര്‍ജമാണ് നല്‍കിയത്. ഇനിയും സ്പ്രിംഗ്ലറും പിടിച്ചു കൊണ്ടിരുന്നാല്‍ സ്പ്രിംഗ് പോലെ പുറത്ത് പോകും. ഇങ്ങനെ ഊഴവും കാത്തിരുന്നപ്പോഴാണ് സ്വപ്നയുടെ വരവ്. വെറുതേ ഒന്നു തള്ളി നോക്കിയതാ കിട്ടിയതോ ലോക് ഡൗണിനിടെ സ്വപ്ന തുല്യമായ തുടക്കമാണ്. ഇതോടൊപ്പം ചാനല്‍ സര്‍വേ നടത്തിയ ഏഷ്യാനെറ്റ് ഉള്‍പ്പെടെയുള്ള എല്ലാ മാധ്യമങ്ങളും മലക്കം മറിയുയും ചെയ്തു. ക്രമേണ കൊറോണയും വേണ്ട പ്രതിരോധവും വേണ്ട എന്നായി.
ചാനല്‍ ചര്‍ച്ചകള്‍ കൊഴുത്തപ്പോള്‍ അവസാനം സര്‍ക്കാര്‍ തന്നെ അന്വേഷിക്കാന്‍ കേന്ദ്രത്തെ സമീപിച്ചു. അന്വേഷണം വന്നതോ എന്‍ഐഎ വഴിയും. അവസാനം മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന് പുറത്തേയ്ക്ക് പോകേണ്ടിയും വന്നു. ശിവശങ്കര്‍ വിവാദത്തിലകപ്പെട്ട് പുറത്തായതിനു പിന്നാലെ മുഖ്യമന്ത്രിയുടെ ഓഫീസിലും മറ്റ് സി.പി.എം. മന്ത്രിമാരുടെ ഓഫീസിലും ഇത്തരക്കാര്‍ ഉണ്ടോയെന്നു പാര്‍ട്ടി തലത്തില്‍ അന്വേഷണം ശക്തമാക്കിയിരിക്കുകയാണ്.
ശിവശങ്കരനുമായി അടുത്ത ബന്ധമുള്ള ഒരു ഉദ്യോഗസ്ഥനെക്കുറിച്ച് പാര്‍ട്ടിക്ക് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ട്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനം, അഴിമതിക്കെതിരെയുള്ള കടുത്ത നടപടി എന്നീ നിലകളില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ശ്രദ്ധേയമായ പ്രവര്‍ത്തനം കാഴ്ചവച്ചിരുന്നു. അതെല്ലാം തകിടം മറിച്ചാണ് സ്വപ്‌ന സുരേഷും ശിവശങ്കറും തമ്മിലുള്ള ബന്ധം മറനീക്കിയത്.
ശിവശങ്കറിന്റെ മേശപ്പുറത്ത് എത്തുന്ന പല ഫയലുകളുടെയും ഉള്ളടക്കം പ്രതിപക്ഷത്തിന് ലഭിച്ചതിനു സി.പി.എം. ദുരൂഹത സംശയിക്കുന്നു. സ്വപ്‌ന സുരേഷ് വിവരങ്ങള്‍ ചോര്‍ത്തുന്ന ഡബിള്‍ ഏജന്റായും പ്രവര്‍ത്തിച്ചുവെന്ന സംശയമാണ് ഉയരുന്നത്.
മുഖ്യമന്ത്രിയുടെ ഓഫീസ് ജനകീയമാക്കാതിരിക്കാന്‍ ഇവര്‍ ഗൂഢാലോചന നടത്തിയതായും ആക്ഷേപമുണ്ട്. ചേരിതിരിഞ്ഞുളള പ്രവര്‍ത്തനം ഒരുതരത്തിലും അനുവദിക്കാന്‍ പാടില്ലെന്ന് സി.പി.എം. സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദേശം അവഗണിക്കപ്പെട്ടതായി ആരോപണമുണ്ട്. മുഖ്യമന്ത്രിയുടെ മുന്നിലേക്ക് ജനകീയപ്രശ്‌നങ്ങള്‍ കൊണ്ടുവരാതിരിക്കാനും ഗൂഢസംഘം പ്രവര്‍ത്തിക്കുന്നതായും സംശയമുണ്ട്.
സര്‍ക്കാര്‍ നല്ല ഇമേജുണ്ടാക്കി തുടര്‍ഭരണത്തിലേക്ക് പോകുന്ന ഘട്ടത്തില്‍ ഇങ്ങനെയൊരു ഊരാക്കുടുക്ക് ഉണ്ടാകുമെന്ന് പാര്‍ട്ടി സ്വപ്നത്തില്‍ പോലും പ്രതീക്ഷിച്ചില്ല. പാര്‍ട്ടിയുടെ ജാഗ്രത കുറവായും പലരും ഇതിനെ വ്യാഖ്യാനിക്കുന്നു. പണ്ട് സരിത അന്നത്തെ മുഖ്യമന്ത്രിയുടെ ഓഫീസ് കയറിയിറങ്ങിയതിനാല്‍ വളരെ ജാഗ്രതയോടെയാണ് പാര്‍ട്ടിയും സര്‍ക്കാരും പുലര്‍ത്തിയിരുന്നത്. പക്ഷെ ഡിപ്ലോമാറ്റിക് അവതാരം വന്നിറങ്ങുമെന്ന് ഒരാള്‍ പോലും സ്വപ്നത്തിലും വിചാരിച്ചില്ല
https://www.facebook.com/Malayalivartha


























