തലസ്ഥാനത്തെ വിറപ്പിച്ച് തീരപ്രദേശങ്ങള്‍; ഈച്ചയനങ്ങാത്ത രീതിയില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍; രാജ്യത്തെ ആദ്യത്തെ സമൂഹ വ്യാപന സ്ഥിരീകരണം പൂന്തുറയിലും പുല്ലുവിളയിലും; പുതിയതുറ, വെട്ടുതുറ, കൊച്ചുതുറ, ഭാഗങ്ങളിലും സ്ഥിതി ഗുരുതരം

തീരമേഖലയില്‍ രോഗവ്യാപനം നിയന്ത്രിക്കാനാകാത്ത സാഹചര്യത്തില്‍ റോഡുകള്‍ അടച്ചിടാന്‍ തീരുമാനം. പൊഴിയൂര്‍ മുതല്‍ അഞ്ചുതെങ്ങ് വരെയാണ് തലസ്ഥാനജില്ലയിലെ തീരദേശ ഗ്രാമങ്ങള്‍ വ്യാപിച്ചു കിടക്കുന്നത്. ഇതുവഴിയുള്ള ഗതാഗതം പൂര്‍ണമായി അടച്ചിട്ട് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ നടത്തും. മത്സ്യത്തൊഴിലാളി ഗ്രാമങ്ങളില്‍ രോഗവ്യാപനത്തിന്റെ തോത് കൂടുന്നത് ആരോഗ്യപ്രവര്‍ത്തകരെ ആശങ്കയിലാക്കിയിട്ടുണ്ട്. മേഖലയില്‍ കൂടുതല്‍ പരിശോധന നടത്തണമെന്നാണ് ആവശ്യം. ജനസാന്ദ്രതയേറിയ തീരദേശത്ത് ബോധവത്കരണവും നിയന്ത്രണങ്ങളും കൂടുതല്‍ കാര്യക്ഷമമാക്കാനും തീരുമാനിച്ചിട്ടുണ്ട്. മീന്‍പിടിത്തം പൂര്‍ണമായി നിരോധിച്ചാണ് മേഖലയിലെ പ്രവര്‍ത്തനം.
കഴിഞ്ഞ മൂന്നു ദിവസത്തിനുള്ളില്‍ തിരുവനന്തപുരത്ത് മാത്രം 1006 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഇതില്‍ 813 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയെന്നതാണ് ആരോഗ്യപ്രവര്‍ത്തകരെയടക്കം ഞെട്ടിച്ചിരിക്കുന്നത്. 1491 പേരാണ് ജില്ലയില്‍ രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്. നഗരപരിധിയില്‍ പൂന്തുറയില്‍ സമൂഹവ്യാപനമുണ്ടായത് ഭീതിയുണര്‍ത്തിയിട്ടുണ്ട്. നഗരത്തില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടതാണെന്ന സൂചനയാണ് ഇപ്പോള്‍ പുറത്തുവരുന്ന രോഗികളുടെ കണക്കുകള്‍ വ്യക്തമാക്കുന്നത്. കേശവദാസപുരം, ഉള്ളൂര്‍, മെഡിക്കല്‍ കോളേജ്, അട്ടക്കുളങ്ങര, തകരപ്പറമ്പ്, തൈക്കാട്, ആനയറ, കുമാരപുരം, കരമന, പേട്ട, പേരൂര്‍ക്കട, കൊഞ്ചിറവിള, കരിക്കകം എന്നിവിടങ്ങളിലുള്ളവര്‍ക്കും കഴിഞ്ഞദിവസം രോഗം സ്ഥിരീകരിച്ചു. നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന അവശ്യസര്‍വീസ് വിഭാഗത്തിലെ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കുള്‍പ്പെടെയാണ് കഴിഞ്ഞദിവസം രോഗം ബാധിച്ചത്. വെങ്ങാനൂര്‍, തിരുമല, പൗഡിക്കോണം, കാച്ചാണി എന്നിവിടങ്ങളിലുള്ളവര്‍ക്കും രോഗബാധയുണ്ടായി.
സമൂഹവ്യാപനത്തിന്റെ പിടിയിലകപ്പെട്ടത് സാമൂഹിക അകലം പാലിക്കാതെയുള്ള ജീവിതരീതിയാണെന്ന നിഗമനത്തിലാണ് അധികൃതര്‍. രോഗവ്യാപനം എല്ലായിടത്തും രൂക്ഷമായ സാഹചര്യത്തില്‍ സാമൂഹിക അകലം പാലിക്കലാണ് പ്രധാന പ്രതിരോധപ്രവര്‍ത്തനമായി കണക്കാക്കുന്നത്. നഗരത്തിലെ ഹൈപ്പര്‍മാര്‍ക്കറ്റിലെ ഒരുകൂട്ടം ജീവനക്കാര്‍ക്ക് രോഗം ബാധിച്ചതോടെ അവിടെ എത്തിയവരും ആശങ്കയിലാണ്. മതിയായ സുരക്ഷയില്ലാതെ ജില്ലയിലേക്ക് എത്തുന്നവരില്‍ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. അട്ടക്കുളങ്ങരയിലെ ഹൈപ്പര്‍ മാര്‍ക്കറ്റില്‍ രോഗം സ്ഥിരീകരിച്ചത് തമിഴ്നാട്ടില്‍ നിന്ന് ജോലിക്ക് എത്തിയവര്‍ക്കാണ്. പാറശ്ശാല ഇഞ്ചിവിളയിലെ ചെക്പോസ്റ്റുവഴി എത്തുന്നവരില്‍ പ്രാഥമിക പരിശോധന മാത്രമാണ് നടത്തുന്നത്.
മെഡിക്കല്‍ കോളേജില്‍ ഡോക്ടര്‍മാര്‍ക്കുള്‍പ്പെടെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. രോഗപ്രതിരോധത്തിന് മുന്നില്‍ നില്‍ക്കുന്ന ആശാവര്‍ക്കര്‍മാരുള്‍പ്പെടെയുള്ളവര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇത് ആശങ്ക കൂട്ടുന്നു. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് മതിയായ സുരക്ഷയൊരുക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്. "
https://www.facebook.com/Malayalivartha


























