കണ്ണൂര്‍ ജില്ലയിലെ പെട്രോള്‍ പമ്പില്‍ വന്‍ കവര്‍ച്ച; ലോക്കര്‍ അടക്കം മൂന്നര ലക്ഷം രൂപ കൊണ്ടുപോയി

പയ്യന്നൂര്‍ കരിവെള്ളൂര്‍ പാലക്കുന്നില്‍ കണ്ടോത്തെ നിലീന സുധാകരന്റെ ഉടമസ്ഥതയിലുള്ള പെട്രോള്‍ പമ്പില്‍ വന്‍ കവര്‍ച്ച. മൂന്നര ലക്ഷം രൂപ ഉണ്ടായിരുന്ന ലോക്കര്‍ അടക്കം കവര്‍ച്ചക്കാര്‍ കൊണ്ടുപോയി. കവര്‍ച്ചയ്ക്ക് ഉപയോഗിച്ച പാരയും മഴുവും പമ്പില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിട്ടുണ്ട്. കമ്പിപ്പാര ഉപയോഗിച്ച് ഷട്ടര്‍ കുത്തിപ്പൊളിച്ച് ഗ്ലാസ് കാബിനും തകര്‍ത്താണ് അകത്ത് കയറിയത്.
മങ്കി തൊപ്പിയും കയ്യുറയും ധരിച്ച ഒരാള്‍ അകത്തേക്ക് കയറുന്ന ദൃശ്യം സിസി ടിവിയില്‍ പതിഞ്ഞിട്ടുണ്ട്. അകത്തുള്ള ദൃശ്യങ്ങളും സിസി ടിവിയില്‍ ഉണ്ട്. എന്നാല്‍ ആളെ തിരിച്ചറിയാന്‍ കഴിയാത്ത സ്ഥിതിയാണ്.
മേശവലിപ്പില്‍ ഉണ്ടായിരുന്ന 20,000 രൂപയും ലോക്കര്‍ മാതൃകയിലുള്ള ഇരുമ്പ് പെട്ടിയില്‍ സൂക്ഷിച്ച 3 ലക്ഷത്തിലധികം രൂപയും ചെക്ക് ബുക്കുകള്‍ ഉള്‍പ്പെടെയുള്ള രേഖകളും കള്ളന്‍ പെട്ടിയോടെ കൊണ്ടുപോയി. രാവിലെ പമ്പ് തുറക്കാന്‍ എത്തിയ ജീവനക്കാരാണ് കവര്‍ച്ച നടന്ന വിവരം അറിയുന്നത്. മാസങ്ങള്‍ക്ക് മുന്‍പ് ഈ പെട്രോള്‍ പമ്പില്‍ നിര്‍ത്തിയിട്ട ലോറിയുടെ 8 ടയറുകള്‍ മോഷണം പോയിരുന്നു. അത് മണിക്കൂറുകള്‍ക്കകം തലപ്പാടി ചെക്ക് പോസ്റ്റില്‍ വച്ച് പൊലീസ് പിടികൂടിയിരുന്നു.
പൊലീസ് ഇന്‍സ്‌പെക്ടര്‍ എം.സി.പ്രമോദും എസ്‌ഐ പി.ബാബുമോനും ഉള്‍പ്പെട്ട പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. കണ്ണൂരില്‍ നിന്ന് വിരലടയാള വിദഗ്ധരും എത്തി പരിശോധന നടത്തി.
കവര്‍ച്ചയ്‌ക്കെത്തിയ കള്ളന്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചതിനാല്‍ പൊലീസിന് തെളിവുകള്‍ ലഭ്യമല്ലാതായി. പമ്പില്‍ എത്തിയ കള്ളന്‍ മങ്കി തൊപ്പിയും മാസ്‌ക്കും കയ്യുറയും ഉപയോഗിച്ച് കോവിഡിനെ അകറ്റാന്‍ ജാഗ്രത കാട്ടി. ഇതുമൂലം പമ്പിലുള്ള നിരീക്ഷണ ക്യാമറയില്‍ തിരിച്ചറിയാന്‍ കഴിയാത്ത കള്ളന്റെ രൂപമാണ് പതിഞ്ഞത് അതോടെ സിസി ടിവിയില്‍ കണ്ട ദൃശ്യം പൊലീസിന് തെളിവ് നല്‍കിയില്ല.കയ്യുറ ഉപയോഗിച്ചതിനാല്‍ ഫിംഗര്‍ പ്രിന്റും പതിഞ്ഞില്ല. വിരലടയാള വിദഗ്ധ തെളിവ് കണ്ടെത്താന്‍ നടത്തിയ ആ ശ്രമവും കോവിഡ് പ്രോട്ടോക്കോള്‍ മൂലം ഇല്ലാതായി.
https://www.facebook.com/Malayalivartha


























