ഹെസ ജ്വല്ലറി ഉടമകള്‍ കള്ളക്കടത്ത് സ്വര്‍ണം വാങ്ങിയെന്ന് മൊഴി; കൂടുതൽ റെയ്ഡുകൾക്ക് സാധ്യത

കോഴിക്കോട് അരകിണറിലെ ഹെസ ജ്വല്ലറി ഉടമകൾകള്ളക്കടത്ത് സ്വർണം വാങ്ങിയെന്നാണ് നേരത്തെ പിടിയിലായവരുടെ മൊഴി. ഹെസ ജ്വല്ലറി പാർട്ണർമാരായ ഷമീമിനെയും ജിപ്സലിനെയും ചോദ്യംചെയ്യുകയാണ്. ഇതിന്റെ അടിസ്ഥാനത്തിൽ കൂടുതൽ റെയ്ഡുകൾക്ക് സാധ്യതയുണ്ട്.
അനധികൃതമായി സൂക്ഷിച്ച നാല് കിലോയോളം സ്വർണം ഹെസ ജ്വല്ലറിയിൽ നിന്നും ഇന്നലെ പിടികൂടിയിരുന്നു. ജ്വല്ലറിയുടെ പാർട്ട്ണര്‍മാരെ കസ്റ്റംസ് കസ്റ്റഡിയിൽ എടുത്തു കൊച്ചിയിലേക്ക് കൊണ്ടുപോവുകയും ചെയ്തു.ജ്വല്ലറിയില്‍ സൂക്ഷിച്ച മുഴുവന്‍ സ്വര്‍ണവും അനധികൃതമാണെന്ന് കസ്റ്റംസ് അറിയിച്ചു..ജ്വല്ലറിയില്‍ പ്രദര്‍ശിപ്പിച്ച സ്വര്‍ണം മുഴുവന്‍ അളന്നുതൂക്കി പരിശോധിച്ച് മാറ്റിവെച്ചിട്ടുണ്ട്.
തിരുവനന്തപുരം സ്വർണക്കടത്ത് പ്രതികളിൽ നിന്നും ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിലാണ് കസ്റ്റംസ് സംഘം കോഴിക്കോട് പരിശോധന നടത്തിയത്. സ്വര്‍ണക്കടത്തിനായി നിക്ഷേപം നടത്തിയവരില്‍ ഹെസ പാര്ട്നര്മാരുണ്ടെന്നാണ് കസ്റ്റംസിന്റെ നിഗമനം. തുടർന്ന് ഹെസ ജ്വല്ലറിയിലും ഷമീമിന്റെ വീട്ടിലും കസ്റ്റംസ് പരിശോധന നടത്തുകയായിരുന്നു. ഇന്നലെ ഉച്ചക്ക് തുടങ്ങിയ പരിശോധന വൈകിട്ട് ആറരയോടെയാണ് അവസാനിച്ചത്.
അതിനിടെ തവണ വ്യവസ്ഥയിൽ സ്വർണത്തിനായി പണം നൽകിയവർ ജ്വല്ലറിക്ക് മുമ്പിൽ എത്തി. കസ്റ്റംസ് സംഘം മടങ്ങിയ ശേഷം ജ്വല്ലറിക്ക് മുമ്പിൽ പ്രതിഷേധവുമായി എത്തിയ ഇവരെ ജ്വല്ലറി ജീവനക്കാരും പോലീസും ചേർന്ന് മടക്കി അയച്ചു.
https://www.facebook.com/Malayalivartha


























