യുവതിക്കെതിരെ ഭീഷണി; ഫിറോസടക്കം ചാരിറ്റി പ്രവര്‍ത്തകരായ നാല് പേര്‍ക്കെതിരെ പോലീസ് കേസെടുത്തു

ഓണ്‍ലൈന്‍ വഴി ചികിത്സാ സഹായത്തിനായി അഭ്യര്‍ഥന നടത്തി സ്വരൂപിച്ച തുകയുമായി ബന്ധപ്പെട്ട് തന്നെ ഭീഷണിപ്പെടുത്തുന്നുവെന്ന പെണ്‍കുട്ടയുടെ പരാതിയില്‍ ചാരിറ്റി പ്രവര്‍ത്തകരായ നാല് പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. ചികിത്സാ സഹായത്തിനായി അക്കൗണ്ടിലെത്തിയ വൻ തുക കൈകാര്യം ചെയ്യാൻ അനുവദിക്കാത്തതിന്റെ പേരിൽ യുവതിയെ ഭീഷണിപ്പെടുത്തിയെന്ന പരാതി വിശദമായി അന്വേഷിക്കുമെന്ന് ഐജി വിജയ് സാഖറെ അറിയിച്ചു. വർഷ എന്ന യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ എഫ്ഐആർ റജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. അക്കൗണ്ടിലേയ്ക്ക് ആരൊക്കെയാണ് പണം അയച്ചത് എന്നതുൾപ്പടെയുള്ള വിവരങ്ങൾ വിശദമായി പരിശോധിക്കും.
വർഷയുടെ പരാതിയിൽ പൊലീസ്, സന്നദ്ധപ്രവർത്തകൻ ഫിറോസ് കുന്നംപറമ്പിൽ ഉൾപ്പെടെ നാലു പേർക്കെതിരെ കേസെടുത്തിട്ടുണ്ട്. ഫിറോസിനു പുറമേ പെൺകുട്ടിയെ ആദ്യം സഹായിക്കുകയും പണം നൽകാതിരുന്നതിന് ഭീഷണിപ്പെടുത്തി സമൂഹമാധ്യമങ്ങളിൽ പോസ്റ്റിട്ടതായി പരാതി ഉയർന്ന സാജൻ കേച്ചേരി, സലാം, ഷാഹിദ് എന്നിവർക്കെതിരെയാണ് ചേരാനല്ലൂർ പൊലീസ് കേസെടുത്തിരിക്കുന്നത്. പെൺകുട്ടിയെ പണത്തിന്റെ പേരിൽ ഭീഷണിപ്പെടുത്തിയതിനും സമൂഹമാധ്യമങ്ങളിൽ അപമാനിച്ചതിനുമാണ് കേസ്.
കേസിൽ പ്രതികളായിട്ടുള്ളവരുടെ മുൻ സാമ്പത്തിക ഇടപാടുകളും ഉയർന്നിട്ടുള്ള പരാതികളും അന്വേഷിക്കുമെന്ന് ഐജി വ്യക്തമാക്കി. ബാങ്കിങ് ചാനൽ വഴി വന്നതിനാൽ ഹവാല ഇടപാടെന്ന് പറയാനാവില്ല എന്നാൽ പണം ഇടപാടിന്റെ വിശദാംശങ്ങൾ പരിശോധിക്കും. സമൂഹമാധ്യമങ്ങളിലൂടെ പെൺകുട്ടിയെ മോശമായി ചിത്രീകരിക്കുകയും അപകീർത്തിപ്പെടുത്തുകയും ചെയ്തത് സംബന്ധിച്ചും അന്വേഷിക്കുമെന്ന് ഐജി പറഞ്ഞു.
ക്രൗഡ് സോഴ്സിങ്, സമൂഹമാധ്യമം പോലെയുള്ള സംവിധാനങ്ങളിലൂടെ പണം പിരിക്കുന്നത് അടുത്ത കാലത്തുണ്ടായിട്ടുള്ളതാണ്. പ്രതികൾ നേരത്തെയും ഇത്തരത്തിൽപണം ശേഖരിച്ച് ആളുകളെ സഹായിച്ചിട്ടുണ്ടെന്നു പറയുന്നുണ്ട്. കേസിന്റെ എല്ലാ വശങ്ങളും പരിശോധിച്ചായിരിക്കും തുടർനടപടികളിലേയ്ക്കു കടക്കുക. കേസിനായി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കാൻ ഇപ്പോൾ ആലോചിച്ചിട്ടില്ലെന്നും വിജയ് സാഖറെവ്യക്തമാക്കി.
എറണാകുളത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള കണ്ണൂർ തളിപ്പറമ്പ് സ്വദേശിനി വർഷയുടെ മാതാവിന്റെ ചികിത്സയ്ക്കായി നടത്തിയ അഭ്യർഥനയ്ക്കു പിന്നാലെ ഒന്നേകാൽ കോടി രൂപയിലധികമാണ് അകൗണ്ടിൽ എത്തിയത്. ഇതിൽ 60 ലക്ഷം രൂപ ഒരു വ്യക്തി ചാരിറ്റബിൾ സംഘടനയുടെ സഹായമെന്ന നിലയിൽ ഇട്ടതാണെന്ന് സാജൻ കേച്ചേരി വിഡിയോയിൽ പറയുന്നുണ്ട്. ഇത് സ്ഥിരീകരിക്കാൻ പൊലീസിന് സാധിച്ചിട്ടില്ല. അക്കൗണ്ട് നിലവിൽ മരവിപ്പിച്ചിട്ടുള്ളതിനാലാണ് സ്റ്റേറ്റ്മെന്റ് എടുക്കാൻ സാധിക്കാതിരുന്നതെന്ന് പൊലീസ് പറയുന്നു.
https://www.facebook.com/Malayalivartha


























