സ്വര്‍ണക്കടത്ത് കേസ്... സര്‍ക്കാരിന്റെ പ്രതിച്ഛായക്ക് യാതൊരു കോട്ടവും തട്ടിയിട്ടില്ല; ഉപ്പ് തിന്നവര്‍ വെള്ളം കുടിക്കും. മുന്‍ സര്‍ക്കാരിനെ പോലൊരു നിലപാട് ഈ സര്‍ക്കാരെടുക്കില്ല; പുകമറയ്ക്ക് അല്‍പ്പായുസേയുള്ളൂവെന്നും മുഖ്യമന്ത്രി

സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന ആരോപണങ്ങള്‍ക്ക് അല്‍പ്പായുസേ ഉള്ളൂ എന്നും സര്‍ക്കാരിന്റെ പ്രതിച്ഛായക്ക് യാതൊരു കോട്ടവും തട്ടിയിട്ടില്ലെന്നും മുഖ്യമന്ത്രി. 'സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് നേരത്തെ പറഞ്ഞതു തന്നെയാണ് ഇപ്പോഴും പറയാനുള്ളത്. തെറ്റ് ചെയ്തവരെ സംരക്ഷിക്കുന്ന നിലപാട് ഈ സര്‍ക്കാരില്‍ നിന്നുണ്ടാകില്ല. ഉപ്പ് തിന്നവര്‍ വെള്ളം കുടിക്കും. മുന്‍ സര്‍ക്കാരിനെ പോലൊരു നിലപാട് ഈ സര്‍ക്കാരെടുക്കില്ല,' പിണറായി പറഞ്ഞു.
ഇപ്പോഴത്തെ വിവാദങ്ങള്‍ സര്‍ക്കാരിന്റെ പ്രതിച്ഛായയെ ബാധിക്കില്ലെന്നും പിണറായി ആവര്‍ത്തിച്ചു. 'സര്‍ക്കാരിന്റെ പ്രതിച്ഛായക്ക് മങ്ങലേല്‍പ്പിക്കാന്‍ ചിലര്‍ തെറ്റായ പ്രചരണങ്ങള്‍ നടത്തുന്നുണ്ട്. സര്‍ക്കാരിനെതിരെ ഒരു പൊതുവികാരം ഉയര്‍ത്താനാണ് പലരും ശ്രമിക്കുന്നത്. പുകമറയ്ക്ക് ചെറിയ ആയുസേ ഉള്ളൂ. സര്‍ക്കാരിനെതിരെ പ്രചരണങ്ങള്‍ക്ക് നടത്തുന്നവര്‍ക്ക് തല്‍ക്കാലം ഒരു ആശ്വാസമൊക്കെ തോന്നുന്നുണ്ടാകും. വസ്തുതകളും യാഥാര്‍ഥ്യങ്ങളും പുറത്തുവരും. ഇതോടെ എല്ലാം തീരില്ല. കേസില്‍ കൃത്യമായ അന്വേഷണം നടക്കട്ടെ. തെറ്റ് ചെയ്ത ആരെയും സംരക്ഷിക്കാന്‍ സര്‍ക്കാരുണ്ടാകില്ല,' മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ബിജെപി അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ ഉയര്‍ത്തിയ ആരോപണത്തെ പിണറായി പരോക്ഷമായി ചോദ്യം ചെയ്തു. 'സ്വര്‍ണക്കടത്ത് കേസ് വന്നപ്പോള്‍ പ്രതികള്‍ക്കായി മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നു വിളിച്ചുവെന്നാണ് ചിലര്‍ ആരോപണമുന്നയിച്ചത്. എവിടെ നിന്നാണ് ഇങ്ങനെയൊരു വിവരം ലഭിച്ചത്? എന്ത് വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അത്? പൊതുവികാരം സര്‍ക്കാരിനെതിരെയാക്കാം എന്ന ധാരണയില്‍ നേരത്തെ തന്നെ ചിലര്‍ ആരോപണമുന്നയിച്ചു'
സ്വര്‍ണക്കടത്ത് കേസിലെ ആരോപണങ്ങള്‍ സര്‍ക്കാരിന്റെ പ്രതിച്ഛായയെ ബാധിച്ചു എന്ന തരത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് വിലയിരുത്തിയെന്ന വാര്‍ത്തകളെ പിണറായി തള്ളി. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിലെ കാര്യങ്ങള്‍ പാര്‍ട്ടി സെക്രട്ടറി തന്നെ വിശദമാക്കിയിട്ടുണ്ടെന്നും സര്‍ക്കാരിന്റെ പ്രതിച്ഛായയെ ബാധിച്ചെന്ന തരത്തില്‍ യാതൊരു വിലയിരുത്തലും ഉണ്ടായിട്ടില്ലെന്നും പിണറായി പറഞ്ഞു.
https://www.facebook.com/Malayalivartha


























