സ്വപ്ന അതുക്കും മേലെ... പിടിയിലായപ്പോള്‍ മാധ്യമങ്ങളുടെ മുന്നില്‍ ഒരിക്കല്‍ പോലും മുഖം തരാതെ പര്‍ദയ്ക്കുള്ളില്‍ കഴിയുന്ന സ്വപ്ന വെറുമൊരു പൊട്ടിപ്പെണ്ണോ? എപ്പോഴും കണ്ണീരില്‍ കലര്‍ന്ന മുഖവുമായി കഴിയുന്ന ഈ സ്വപ്നയാണ് സ്വര്‍ണക്കള്ളക്കടത്ത് കേസ് പ്രതിയെന്ന് ആരും വിശ്വസിക്കില്ല; ഈ പാവത്താനാണോ പലരേയും വിറപ്പിച്ച മാഡം

കണ്ടുകണ്ടങ്ങിരിക്കും ജനത്തിനെ കണ്ടില്ലെന്ന് വരുത്തുന്നതും ഭവാന്‍. രണ്ട് നാല് ദിനംകൊണ്ടൊരുത്തനെ തണ്ടിലേറ്റുന്നതും ഭവാന്‍... ഇതുപോലെയാണ് സ്വപ്ന സുരേഷിന്റെ ജീവിതം. അല്ലെങ്കില്‍ മാളിക മുകളിലിരുന്ന സ്വപ്നയുടെ തോളില്‍ രണ്ട് ദിനം കൊണ്ട് മാറാപ്പ് വരുമെന്ന് ആരെങ്കിലും സ്വപ്‌നേപി വിചാരിച്ചോ.
എന്‍.ഐ.എ പിടിയിലായപ്പോഴുള്ള സ്വപ്ന സുരേഷിന്റെ ലുക്ക് ആകെ മാറിയ നിലയിലായിരുന്നു. ഒരു പാവത്താന്‍ ഭാവം. ഇവര്‍ തന്നെയായിരുന്നോ സ്വര്‍ണക്കടത്ത് നായികയും അധികാരത്തിന്റെ ഇടനാഴിയില്‍ വിലസിയിരുന്നതെന്നും ആര്‍ക്കുമൊരു സംശയം തോന്നിപ്പോകും. അത്രയ്ക്കായിരുന്നു പിടിയിലായപ്പോഴുള്ള ആ മാറ്റം. ഒരിക്കല്‍ പോലും മുഖം കാണിക്കാതെ എപ്പോഴും പര്‍ദയ്ക്കുള്ളിലാണ് സ്വപ്ന. പലപ്പോഴും കരഞ്ഞ് തളര്‍ന്ന ഭാവമാണ് സ്വപ്നയുടേത്. ഈ സമയത്താണ് സ്വപ്നയെ താരതമ്യപ്പെടുത്തുന്ന സരിതയുടെ കഥ ഓര്‍മ്മയിലെത്തുന്നത്. സരിതയുടെ സാരികള്‍ പരമ്പരകളായി ചര്‍ച്ച ചെയ്തവരാണ് നമ്മള്‍.
അതേസമയം കുറച്ചുനാള്‍ മുമ്പുവരെ സ്വപ്ന അങ്ങനെയായിരുന്നില്ലെന്നാണ് സാക്ഷ്യപ്പെടുത്തല്‍. ആ തലയെടുപ്പിന് മുന്നില്‍ വിറച്ചവര്‍ ധാരാളമാണ്. ആ വാക്ചാതുരിയിലും വശ്യമായ പെരുമാറ്റത്തിലും തട്ടി വീണുപോയവര്‍ അനേകം. ഉന്നതരെ വരെ പെട്ടെന്ന് പാട്ടിലാക്കാനുള്ള പ്രത്യേക കഴിവ്. അതുപയോഗിച്ച് സ്വപ്നസമാനമായ സ്വന്തം സാമ്രാജ്യം കെട്ടിപ്പടുക്കുന്നതിലായിരുന്നു സ്വപ്നയുടെ ശ്രദ്ധ. ഉന്നത ബന്ധങ്ങള്‍ ഉണ്ടാക്കുന്നതായിരുന്നു സ്വപ്നയുടെ പ്രധാന വീക്ക്‌നെസ്. അതിന് ആദ്യമാദ്യം തന്റെ സുഹൃത്ത് ബന്ധത്തില്‍പെട്ടവരെയൊക്കെ നന്നായി ഉപയോഗിച്ചു. ഒരാള്‍ക്ക് മറ്റൊരാളെ ആറിയാത്ത രീതിയിലുള്ള ബന്ധങ്ങള്‍ വളര്‍ത്തുന്നതിലും ബദ്ധശ്രദ്ധ പുലര്‍ത്തി.
സ്വര്‍ണക്കടത്ത്‌പോലുള്ള രാജ്യവിരുദ്ധ, ക്രിമിനല്‍ പ്രവൃത്തികള്‍ ചെയ്യുമ്പോഴും തന്റെ പരിചയക്കാരായ ഉന്നതരുടെ അടുക്കല്‍ തന്റെ ഇമേജ് നയതന്ത്ര ചാരുതയോടെ നിലനിറുത്തി.
ഗള്‍ഫില്‍ പഠിച്ച് അവിടെതന്നെ ജോലി ചെയ്തിട്ടുള്ള സ്വപ്നയുടെ ജീവിതം പലപ്പോഴും സിനിമാക്കഥയെ വെല്ലുന്നതായിരുന്നു. ആഡംബര ജീവിതത്തില്‍ ഭ്രമിച്ചുപോയ സ്വപ്ന തന്റെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ ഏതറ്റംവരെയും പോകാന്‍ തയാറായി. ഒടുവില്‍ പക്ഷേ, ഒരു നയതന്ത്ര ബാഗേജിന്റെ രൂപത്തില്‍ പിടിക്കപ്പെട്ടപ്പോള്‍ അഴിഞ്ഞുവീണത് വലിയൊരു നയതന്ത്ര മുഖം തന്നെയായിരുന്നു.
സ്വപ്ന സുരേഷിന്റെ ബാല്യ യൗവ്വനകാലം കഴിഞ്ഞുള്ള ജീവിതം അത്ര സ്വപ്നസുന്ദരമല്ലെന്ന് പറയപ്പെടുന്നുണ്ടെങ്കിലും സമ്പന്നത നിറഞ്ഞതായിരുന്നു. അച്ഛന് അബുദാബി സുല്‍ത്താന്റെ ചീഫ് അക്കൗണ്ടന്റിന്റെ ഓഫീസിലായിരുന്നു ജോലി. കൊട്ടാരവളപ്പിലെ വില്ലയിലായിരുന്നു താമസം. കുടുംബത്തോടൊപ്പമായിരുന്നു അവിടെ താമസം. സ്വപ്നയ്ക്ക് രണ്ട് സഹോദരങ്ങള്‍. അബുദാബിയിലെ ഇന്ത്യന്‍ സ്‌കൂളിലായിരുന്നു സ്വപ്നയുടെ പഠനം. പ്ലസ് ടു കഴിഞ്ഞ് അബുദാബിയിലെ എയര്‍പോര്‍ട്ടില്‍ ഒരു ചെറിയ ജോലി ലഭിച്ചു. പിന്നീട് പഠനം തുടര്‍ന്നോ എന്ന കാര്യത്തില്‍ ഇതുവരെ വ്യക്തതവന്നിട്ടില്ല. കേരളത്തില്‍ ജോലിക്കായി നല്‍കിയ ബിരുദ സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് തെളിഞ്ഞിരുന്നു.
അബുദാബിയില്‍ ജോലി കിട്ടിയശേഷമാണ് സ്വപ്നയുടെ വിവാഹം നടക്കുന്നത്. തിരുവനന്തപുരം പേട്ട സ്വദേശിയായിരുന്നു വരന്‍. വിവാഹം കഴിഞ്ഞതോടെ ഭര്‍ത്താവിനെയും സ്വപ്ന അബുദാബിയിലേക്ക് കൊണ്ടുപോയി. അച്ഛന്റെ ബിസിനസിനെ അല്പസ്വല്പമൊക്കെ സ്വപ്ന സഹായിച്ചിരുന്നു. ഭര്‍ത്താവിനെയും ബിസിനസില്‍ കൂടെക്കൂട്ടാന്‍ സ്വപ്ന ശ്രമം നടത്തിയെങ്കിലും നടന്നില്ല. അതോടെ അവരുടെ ജീവിതത്തില്‍ സ്വരചേര്‍ച്ചയില്ലായ്മ പ്രകടമായി. അതൊടുവില്‍ വിവാഹബന്ധം വേര്‍പ്പെടുത്തുന്നതില്‍ കലാശിച്ചു. ഈ ബന്ധത്തില്‍ സ്വപ്നയ്‌ക്കൊരു പെണ്‍കുട്ടിയുണ്ട്. പിന്നീട് സ്വപ്ന രണ്ടാം വിവാഹത്തിന് തയാറായി. കൊല്ലം സ്വദേശിയായിരുന്നു രണ്ടാം ഭര്‍ത്താവ്. വിവാഹം കഴിഞ്ഞതോടെ അബുദാബി വിട്ട് തിരുവനന്തപുരത്താക്കി സ്വപ്നയുടെ സ്ഥിര താമസം. ഈ ബന്ധത്തില്‍ സ്വപ്നയ്ക്ക് ഒരു ആണ്‍കുട്ടി പിറന്നു. ഭര്‍ത്താവും മക്കളുമായി തിരുവനന്തപുരം മുടവന്‍മുകളിലെ ഫ്‌ളാറ്റിലും പിന്നീട് അമ്പലമുക്കിലെ ഫ്‌ളാറ്റിലുമായിരുന്നു താമസം. അമ്പലമുക്കിലെ ഈ ഫ്‌ളാറ്റിലാണ് സ്വര്‍ണക്കടത്തമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം കസ്റ്റംസ് പരിശോധന നടത്തിയത്, ഈ ഫ്‌ളാറ്റില്‍ നിന്നാണ് സ്വപ്ന ബംഗളൂരുവിലേക്ക് മുങ്ങിയതും.
പിന്നീട് ഉന്നത ബന്ധം ഉപയോഗിച്ച് എയര്‍ ഇന്ത്യ സാറ്റ്‌സില്‍ സ്വപ്ന ജോലി ചെയ്തു. ഇവിടെ വച്ചാണ് എയര്‍ ഇന്ത്യ ഉദ്യോഗസ്ഥനെ വ്യാജ പരാതി നല്‍കി പീഡന കേസില്‍ കുടുക്കിയത്. അതിനിടെ തിരുവനന്തപുരത്തെ യു.എ.ഇ കോണ്‍സുലേറ്റില്‍ സ്വപ്നക്ക് ജോലി ലഭിച്ചു. തിരിമറി കാട്ടി അവിടന്ന് പുറത്താക്കിയപ്പോള്‍ ശിവശങ്കറെ സ്വാധീനിച്ച് ഐ.ടി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിന് കീഴിലെ സ്‌പേസ് പാര്‍ക്കില്‍ കയറിപ്പറ്റി. പിന്നെയാണ് സ്വര്‍ണക്കടത്തില്‍ പിടിക്കപ്പെടുന്നതും സര്‍ക്കാരിനെപ്പോലും പ്രതിസന്ധിയിലാക്കിയ സ്വപ്നയുടെ മറ്റൊരു മുഖം പുറത്താകുന്നതും.
"
https://www.facebook.com/Malayalivartha


























