സര്‍ക്കാര്‍ അവകാശ വാദങ്ങള്‍ പൊള്ളയോ? പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ താളം തെറ്റുന്നു; 1.38 ലക്ഷം കിടക്കകള്‍ എവിടെ? രോഗികളുടെ എണ്ണം ഉയര്‍ന്നതോടെ കാര്യങ്ങള്‍ കൈവിടുകയാണ്: ചികില്‍സ ഇനി വീട്ടിലാക്കുന്നത് പരിഗണിക്കുമെന്ന് മുഖ്യമന്ത്രി; കേരളാ മോഡലിന് എന്തു സംഭവിച്ചു

കോവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ചതോടെ സര്‍ക്കാരിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ താളം തെറ്റുകയാണ്. കൊവിഡ് പ്രതിരോധത്തില്‍ ആദ്യ ഘട്ടത്തില്‍ ലോകപ്രശംസ നേടിയയെന്ന് അവകാശപ്പെടുന്ന കേരള മോഡലിന് ഇപ്പോള്‍ എന്താണ് സംഭവിക്കുന്നതെന്ന് വ്യക്തമല്ല. ജൂലൈഓഗസ്റ്റ് മാസങ്ങളില്‍ കൊവിഡ് വ്യാപനം ഏറ്റവും രൂക്ഷമാകുമെന്ന പ്രവചനം ശരിവച്ച് രോഗികളുടെ എണ്ണം കുതിച്ചുയരുമ്പോള്‍, മുന്നൊരുക്കങ്ങളിലെ പാളിച്ചകള്‍ കൂടിയാണ് പുറത്തുവരുന്നത്.
സംസ്ഥാനത്ത് കൊവിഡ് രോഗികള്‍ക്കായി 1.38ലക്ഷം കിടക്കള്‍ സജ്ജമാണെന്ന സര്‍ക്കാര്‍ അവകാശവാദം പൊള്ളയാണോ എന്നാണ് ഇപ്പോള്‍ സംശയിക്കുന്നത്. ചികിത്സയിലുള്ള കൊവിഡ് രോഗികള്‍ ആറായിരം കവിഞ്ഞപ്പോള്‍ തന്നെ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ താളം തെറ്റിയത് ഈ സംശയത്തിന് ബലംകൂട്ടുന്നു. രോഗികളെ യഥാസമയം ആശുപത്രികളിലോ ഫസ്റ്റലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലേക്കോ മാറ്റാനാകാത്ത സ്ഥിതിയാണിപ്പോള്‍. പ്രതിദിനരോഗികള്‍ കഴിഞ്ഞ കുറച്ച് ദിവസമായി ശരാശരി 600 ന് മുകളിലാണ്. കിടക്കകള്‍ ഒഴിവില്ലെന്ന് പറഞ്ഞ് രോഗികള്‍ കൂടിയ ജില്ലകളിലുള്ളവരെ 24 മണിക്കൂര്‍ കഴിഞ്ഞാണ് ആശുപത്രിയിലേക്ക് മാറ്റിയത്.
തലസ്ഥാനത്ത് വ്യാഴാഴ്ച രാവിലെ 11ന് രോഗം സ്ഥിരീകരിച്ചവരോട് ആശുപത്രിയില്‍ പോകാന്‍ തയ്യാറകണമെന്ന് അറിയിച്ചിരുന്നെങ്കിലും ഇന്നലെ ഉച്ചയ്ക്ക് ഒന്നിനാണ് മാറ്റിയത്. പ്രതിദിന രോഗബാധിതര്‍ വര്‍ധിച്ചാല്‍ ഒരാഴ്ചയ്ക്കുള്ളില്‍ പതിനായിരം പേര്‍ക്ക് ഒരേസമയം ചികിത്സ ഒരുക്കേണ്ടിവരും. 1.38ലക്ഷം കിടക്കകളുണ്ടെന്ന് പറഞ്ഞിരുന്ന സര്‍ക്കാര്‍ ഇപ്പോള്‍ ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളെന്ന പേരില്‍ തലസ്ഥാനത്തെ സ്‌റ്റേഡിയങ്ങളില്‍ കിടക്കകളൊരുക്കുകയാണ്. രോഗികള്‍ കൂടിയതു മുതല്‍ പരിശോധനാഫലം ലഭിക്കുന്നതിനും താമസമുണ്ട്. രോഗവ്യാപനം രൂക്ഷമായ തലസ്ഥാനത്ത് അഞ്ച് ദിവസത്തിന് ശേഷമാണ് ഫലം ലഭിക്കുന്നത്. രോഗികള്‍ വര്‍ധിക്കുമെന്ന് വ്യക്തമായിട്ടും അതിവേഗം പരിശോധാനഫലം ലഭിക്കുന്ന സൗകര്യങ്ങള്‍ ഒരുക്കാത്തത് പോരായ്മയാണെന്ന് ആരോഗ്യവിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
പറഞ്ഞ കണക്കുകള്‍ ഇങ്ങനെ
1459 സര്‍ക്കാര്‍ ആശുപത്രികളിലും 873 സ്വകാര്യ ആശുപത്രികളിലുമായി 1.38 ലക്ഷം കിടക്കള്‍. ഐ.സി.യു കിടക്കകള്‍ 7453, വെന്റിലേറ്ററുകള്‍ 3375. കിടക്കകളുടെ ആവശ്യം വന്നതോടെയാണ് ക്ഷാമം മനസിലായത് രോഗികളില്‍ 10ശതമാനം പേര്‍ക്കും ഗുരുതരമല്ലാത്തതിനാല്‍ ഐ.സി.യുവും വെന്റിലേറ്ററും കൂടുതലായി ഉപയോഗിച്ചിട്ടില്ല. ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ ആദ്യം 3536ഉം, ഈമാസം 10ന് 5500 കിടക്കകളും ഒരുക്കുമെന്ന് പറഞ്ഞതും നടപ്പായില്ല. നിലവിലെ സെന്റുകളില്‍ രോഗികള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ലഭിക്കുന്നില്ല. 30 പേര്‍ക്ക് ഒരു ടോയ്ലെറ്റാണുള്ളത് എന്നതാണ് പ്രധാന ആക്ഷേപം. 2.5ലക്ഷം പ്രവാസികള്‍ക്ക് ക്വാറന്റെന്‍ സൗകര്യമുണ്ടെന്ന് പറഞ്ഞെങ്കിലും ഒരു ലക്ഷം പേരെത്തിയപ്പോള്‍ എല്ലാവരെയും വീട്ടിലേക്കയച്ചു. സമാനമായ അവസ്ഥയാണ് ഇപ്പോള്‍ കിടക്കകളുടെ കാര്യത്തിലും ഉണ്ടായിരിക്കുന്നത്.
സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധന വന്നാല്‍ ലക്ഷണമില്ലാത്തവരും ഗുരുതരമായ പ്രശ്‌നങ്ങളില്ലാത്തതുമായവര്‍ക്ക് വീടുകളില്‍ തന്നെ പരിചരണം നല്‍കുന്നത് പരിഗണനയിലാണെന്നാണ് ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത്. ഇത് കാര്യങ്ങള്‍ സര്‍ക്കാരിന്റെ കൈവിട്ടു പോകുന്നതിന്റെ സൂചനയാണ്. അങ്ങനെയെങ്കില്‍ സ്വയം കരുതല്‍ അതുമാത്രമാണ് ഇപ്പോള്‍ ജനത്തിന് മുന്നിലുള്ള മാര്‍ഗം.
https://www.facebook.com/Malayalivartha



























